Wednesday, 12 August 2026 | 01:16 AM

Latest

ആ വികാരമില്ല; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആകാൻഷ ചമോള

sreyas 30 June 2026 11:20 AM
ആ വികാരമില്ല; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആകാൻഷ ചമോള

Highlights

ഇപ്പോൾ അവന് കുട്ടികൾ വേണം. എനിക്ക് അത് നൽകാൻ കഴിയില്ല

നടൻ ഗൗരവ് ഖന്നയുമായുള്ള വിവാഹബന്ധം അവസാനിക്കാൻ കാരണം കുട്ടികളെക്കുറിച്ചുള്ള ഇരുവരുടെയും വ്യത്യസ്ത കാഴ്ചപ്പാടുകളാണെന്ന് നടി ആകാൻഷ ചമോള വെളിപ്പെടുത്തി. കുട്ടികൾ വേണമെന്ന ആഗ്രഹം ഗൗരവിനുണ്ടായിരുന്നെങ്കിലും തനിക്ക് അമ്മയാകാനുള്ള ആഗ്രഹമില്ലായിരുന്നുവെന്നും അതാണ് പരസ്പര സമ്മതത്തോടെ വേർപിരിയാൻ കാരണമായതെന്നും അവർ പറഞ്ഞു. നെറ്റ്ഫ്ലിക്സിലെ ഒരു റിയാലിറ്റി ഷോയിലാണ് ആകാൻഷ ഇക്കാര്യം തുറന്നുപറഞ്ഞത്. 

ബന്ധത്തിന്റെ തുടക്കത്തിൽ മാതൃത്വത്തെ പൂർണമായി തള്ളിക്കളഞ്ഞിരുന്നില്ലെന്നും, ഒരിക്കൽ ശ്രമിക്കാമെന്ന ചിന്ത ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ സമയം കടന്നുപോകുന്നതിനിടെ അമ്മയാകാൻ താൻ മാനസികമായി തയ്യാറല്ലെന്നും അതിനായി സൃഷ്ടിക്കപ്പെട്ട വ്യക്തിയല്ലെന്നും വ്യക്തമായി മനസ്സിലായതായി നടി കൂട്ടിച്ചേർത്തു.

ഈ തിരിച്ചറിവ് ഉണ്ടായ ഉടൻ തന്നെ ഗൗരവിനോട് അത് തുറന്നുപറഞ്ഞിരുന്നുവെന്നും, കുട്ടികൾ എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന ആഗ്രഹമാണെങ്കിൽ വേർപിരിയുന്നതാണ് ഉചിതമെന്ന് താൻ തന്നെയാണ് നിർദേശിച്ചതെന്നും ആകാൻഷ വ്യക്തമാക്കി. 'ഇപ്പോൾ അവന് കുട്ടികൾ വേണം. എനിക്ക് അത് നൽകാൻ കഴിയില്ല. എന്നിൽ ആ വികാരമില്ല. അക്കാര്യത്തിന് ഞാൻ പ്രാപ്തയല്ലെന്ന് മനസിലായപ്പോൾ തന്നെ അദ്ദേഹത്തോട് അക്കാര്യം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചു. വേണമെങ്കിൽ പിരിഞ്ഞോളൂവെന്ന് ഞാൻ പറയുകയും ചെയ്തു', അവർ വ്യക്തമാക്കി.

"മിക്കവരും വിവാഹം കഴിക്കുന്നത് കുടുംബം വളർത്താനും കുട്ടികളുണ്ടാകാനുമാണ്. അതുകൊണ്ട് അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. അദ്ദേഹത്തിന് കുട്ടികൾ വേണമെന്നത് സ്വാഭാവികമായ ആഗ്രഹമാണ്. എന്നാൽ എനിക്ക് അത് സാധിക്കില്ലെന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തെ അത്തരമൊരു ജീവിതത്തിൽ കുടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല," എന്നാണ് നടിയുടെ വാക്കുകൾ.

കഴിഞ്ഞ വർഷം ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ ഗൗരവ് കുട്ടികൾ വേണമെന്ന തന്റെ ആഗ്രഹം പങ്കുവെച്ചിരുന്നു. അന്ന് ഭാര്യയുടെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചതിനെ തുടർന്ന് സഹതാപം നേടാൻ ശ്രമിക്കുകയാണെന്ന വിമർശനവും ഉയർന്നിരുന്നു. പിന്നീട് ഭാര്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അതിനൊപ്പം നിൽക്കുമെന്നും ഗൗരവ് വ്യക്തമാക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും, പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് വിവാഹമോചന തീരുമാനമെടുത്തതെന്നും ആകാൻഷ അറിയിച്ചു. 2016 നവംബർ 24-നാണ് ഗൗരവ് ഖന്നയും ആകാൻഷ ചമോളയും വിവാഹിതരായത്. കാൺപൂരിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരദമ്പതികളായിരുന്നു ഇരുവരും.