Thursday, 13 August 2026 | 01:57 AM

Latest

ഹരീഷ് കണാരൻ–എൻ.എം. ബാദുഷ തർക്കം അവസാനിച്ചു; 'ഓക്കെ ബട്ട് ക്യാഷ്' ഇനി വേണ്ടെന്ന് ഹരീഷ്

sreyas 30 June 2026 04:34 AM
ഹരീഷ് കണാരൻ–എൻ.എം. ബാദുഷ തർക്കം അവസാനിച്ചു; 'ഓക്കെ ബട്ട് ക്യാഷ്' ഇനി വേണ്ടെന്ന് ഹരീഷ്

Highlights

വിവാദത്തിനിടെ തങ്ങളെ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഇരുവരും വിഷയത്തിന് അന്ത്യം കുറിച്ചത്.

 

നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയും തമ്മിൽ മാസങ്ങളായി തുടരുന്ന വിവാദത്തിന് വിരാമമായി. പരസ്പരം സംസാരിച്ച് എല്ലാ തെറ്റിദ്ധാരണകളും പരിഹരിച്ചതായി ഹരീഷ് കണാരൻ വ്യക്തമാക്കി.

കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ബാദുഷയെ ഒപ്പമിരുത്തിയാണ് ഹരീഷ് നിലപാട് അറിയിച്ചത്. "ഞങ്ങൾ തമ്മിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും സംസാരിച്ച് തീർത്തു. ഇനി ദയവായി 'ഓക്കെ ബട്ട് ക്യാഷ്' എന്ന പരാമർശം അവസാനിപ്പിക്കണം. ആ വിഷയം ഇവിടെ അവസാനിച്ചിരിക്കുന്നു," എന്നാണ് ഹരീഷ് പറഞ്ഞത്.

നേരത്തെ കൊച്ചിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ ഇരുവരും വീണ്ടും കണ്ടുമുട്ടിയിരുന്നു. തുടർന്ന് ഹരീഷിന്റെ ഫ്ലാറ്റിൽ നടത്തിയ ചർച്ചയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീക്കുകയും പരസ്പര ധാരണയിലെത്തുകയും ചെയ്തതായാണ് വിവരം.

ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൂടുതൽ ചർച്ചയാക്കാൻ ശ്രമിച്ചവർക്ക് മറുപടിയായാണ് മാധ്യമങ്ങൾക്ക് മുന്നിലെ ഈ ഒത്തുചേരൽ. എല്ലാ സാമ്പത്തിക വിഷയങ്ങളിലും വ്യക്തത കൈവരിച്ചതായും ഇനി യാതൊരു ഭിന്നതയും ഇല്ലെന്നും ബാദുഷയും നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

വിവാദത്തിനിടെ തങ്ങളെ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഇരുവരും വിഷയത്തിന് അന്ത്യം കുറിച്ചത്.

ഹരീഷ് കണാരൻ മുമ്പ് ഉന്നയിച്ച ആരോപണത്തിൽ, ബാദുഷ തന്റെ കൈയിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയ ശേഷം പണം തിരികെ നൽകാതിരുന്നതായും, പണം ആവശ്യപ്പെട്ടതിന്റെ പ്രതികാരമായി 'അജയന്റെ രണ്ടാം മോഷണം' ഉൾപ്പെടെയുള്ള സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഇടപെട്ടതായും പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി ബാദുഷ, 14 ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്നും അതിൽ ഒരു ഭാഗം ഡേറ്റ് മാനേജ്മെന്റിനുള്ള പ്രതിഫലമായി കണക്കാക്കി തീർപ്പാക്കിയതാണെന്നും വിശദീകരിച്ചു. ഹരീഷ് പ്രതിഫലം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിനിമയിൽ നിന്ന് മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവാദം കനത്തതോടെ ബാദുഷ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണത്തിനും ഇരയായി. അദ്ദേഹം പങ്കുവെച്ച പോസ്റ്റുകൾക്ക് താഴെ വ്യാപകമായി "ഓക്കെ ബട്ട് ക്യാഷ്" എന്ന കമന്റുകൾ പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഇരുവരും പ്രശ്നങ്ങൾ അവസാനിച്ചതായി വ്യക്തമാക്കിയതോടെ ആ വിവാദത്തിനും ഔദ്യോഗികമായി വിരാമമായിരിക്കുകയാണ്.