Wednesday, 07 October 2026 | 08:58 PM

Interviews

'ഇന്താ മാതിരി പസുങ്കളെ പാത്താ പിടിക്കാത്, പാക്ക പാക്കതാം പുടിക്കും'

ബിന്ദു പി.പി 05 October 2026 07:24 AM
'ഇന്താ മാതിരി പസുങ്കളെ പാത്താ പിടിക്കാത്, പാക്ക പാക്കതാം പുടിക്കും'

Highlights

'ബെത്ലഹേം' വിശേഷങ്ങളുമായി റോഷന്‍ ഷാനവാസ് 'നാന'യോട് സംസാരിക്കുന്നു.

 

'ആവേശം'എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറിയ യുവതാരമാണ് റോഷന്‍ നവാസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റേതായ അഭിനയശൈലിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരിടം കണ്ടെത്താന്‍ റോഷന് സാധിച്ചു. ഇപ്പോള്‍ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'ഗ്ലിക്സണ്‍' എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ യുവപ്രതിഭ. നിവിന്‍പോളിക്കും മമിത ബൈജുവിനുമൊപ്പം തകര്‍ത്തഭിനയിച്ച റോഷന്‍റെ 'മൈസൂര്‍പാക്ക്' പ്രണയവും ഡയലോഗുകളും സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. 'ബെത്ലഹേം' വിശേഷങ്ങളുമായി റോഷന്‍ ഷാനവാസ് 'നാന'യോട് സംസാരിക്കുന്നു.

ഗ്ലിക്സണ്‍ എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ നല്‍കിയ വിവരണം എന്തായിരുന്നു?

ക്രിക്കറ്റിംഗും കാറ്ററിംഗ് പരിപാടിയുമൊക്കെയായി നാട്ടില്‍ സജീവമായി നടക്കുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്‍. ജസ്റ്റിന്‍റെയും ആഷ്ലിയുടെയും ഇടയിലേക്ക്, അവരുടെ പ്രണയം അറിയാതെ ഇടിച്ചുകയറിച്ചെല്ലുന്ന കഥാപാത്രം- അതായിരുന്നു എനിക്ക് ലഭിച്ച ബ്രീഫ്. ആഷ്ലിയെ കാണുന്നതുവരെ കാണുന്ന പെണ്‍കുട്ടികളെയെല്ലാം പ്രൊപ്പോസ് ചെയ്തുനടക്കുന്ന ആളായിരുന്നു ഗ്ലിക്സണ്‍. പക്ഷേ, ആഷ്ലിയോട് അവന് തോന്നിയത് തികച്ചും 'ട്രൂ ലൗവ്' ആയിരുന്നു. സ്ക്രിപ്റ്റിലുള്ളതിന് പുറമെ കുറച്ചൊക്കെ കയ്യില്‍ നിന്നിടാനുള്ള സ്വാതന്ത്ര്യവും സെറ്റില്‍ സംവിധായകന്‍ തന്നിരുന്നു.

ചിത്രത്തിലെ ഡയലോഗുകള്‍ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. റോഷന്‍റെ വ്യക്തിപരമായ പ്രിയപ്പെട്ട ഡയലോഗ് ഏതാണ്?

സിനിമയിലെ പല ഡയലോഗുകളും ഹിറ്റായെങ്കിലും എന്‍റെ പേഴ്സണല്‍ ഫേവറിറ്റ് 'ഇന്താ മാതിരി പസുങ്കളെ പാത്താ പിടിക്കാത്, പാക്ക പാക്കതാം പുടിക്കും' എന്ന ഡയലോഗാണ്. അതിനൊരു പ്രത്യേക കാരണമുണ്ട്. എന്നെപ്പോലെയുള്ള ഒരു തുടക്കക്കാരനായ അഭിനേതാവിനെ പ്രേക്ഷകര്‍ക്ക് ആദ്യകാഴ്ചയില്‍ തന്നെ ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ കണ്ടുകണ്ട് അവര്‍ എന്നെ നെഞ്ചിലേറ്റുന്ന ഒരു കാലം വരുമെന്ന വലിയൊരു പ്രതീക്ഷ എനിക്കുണ്ട്. ആ വരികള്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതുപോലെ തോന്നി.

നിവിന്‍പോളി, മമിത ബൈജു എന്നിവര്‍ക്കൊപ്പമുള്ള അഭിനയ അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?

വളരെ മികച്ച അനുഭവമായിരുന്നു. നിവിന്‍ ചേട്ടന്‍റെ കൂടെ അഭിനയിക്കുക എന്നത് വലിയൊരു സന്തോഷമാണ്. കോമഡി ടൈമിംഗിലും കൗണ്ടറുകളിലും നമ്മളെ അദ്ദേഹം ഒരുപാട്  സപ്പോര്‍ട്ട് ചെയ്യും. മമിതയുടെ പ്രകടനവും അഭിനയത്തിലെ സ്വാഭാവികതയും ശരിക്കും അത്ഭുതപ്പെടുത്തി. ഒരു കുടുംബം പോലെ ഒത്തൊരുമയോടെയാണ് ഞങ്ങള്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. പ്രേക്ഷകര്‍ നല്‍കുന്ന ഈ വലിയ സ്നേഹത്തിന് എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.

 

Tags
roshan shanavas