ചിമ്പുവിനോപ്പം അതിഥി വേഷത്തിൽ ജാക്കി ചാൻ?
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ചിമ്പു കമൽഹാസ്സനോടൊപ്പം അഭിനയിച്ച് ജൂൺ 5-ന് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്' മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിനെ തുടർന്ന് 'പാർക്കിംഗ്' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന തന്റെ 49-ാമത്തെ ചിത്രത്തിലാണ് ചിമ്പു അഭിനയിക്കാനിരിക്കുന്നത്. അതുപോലെ 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ രാജ്കുമാർ പെരിയസാമി, വമ്പൻ വിജയമായ 'ഡ്രാഗൺ' എന്ന ചിത്രം സംവിധാനം ചെയ്ത അശ്വത് മാരിമുത്തു എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാനും ചിമ്പു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ മലയാളത്തിൽ റിലീസായി സൂപ്പർഹിറ്റായ '2018' എന്ന ചിത്രം നൽകിയ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനും ചിമ്പു തീരുമാനിച്ചിട്ടുണ്ടെന്നുള്ള വാർത്തകളും മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോൾ ഈ ചിത്രം സംബന്ധമായി കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വാർത്ത ഈ ചിത്രത്തിൽ ചിമ്പുവിനൊപ്പം ലോകപ്രശസ്ത നടൻ ജാക്കി ചാൻ ഒരു അതിഥി വേഷത്തിൽ എത്തുമെന്നുള്ളതാണ്. ചിത്രത്തിന്റെ കഥയിൽ ജാക്കി ചാൻ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണത്രെ! അതിനാലാണത്രെ ഈ ചിത്രത്തിൽ ജാക്കിചാനെ അഭിനയിപ്പിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകൾ തീരുമാനിച്ചിരിക്കുന്നത്. . എന്നാൽ ഇത് സംബന്ധമായി ഇതുവരെ യാതൊരു ഔദ്യോഗിക വാർത്തകളും പുറത്തുവന്നിട്ടില്ല.
ബ്രൂസ് ലീക്ക് ശേഷം, ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കീഴടക്കിയ താരമാണ് ജാക്കി ചാൻ. അവിശ്വസനീയമായ സംഘട്ടന രംഗങ്ങൾക്ക് ലോകമെമ്പാടും അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്. അതിനാൽ ചിമ്പുവിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ജാക്കി ചാൻ എത്തുമോ എന്നുള്ള കാര്യത്തെക്കുറിച്ചറിയുവാൻ കാത്തിരിക്കാം!