Wednesday, 10 June 2026 | 11:17 AM

Interviews

ജയ ജയ ജയ ജയ ഹേയിലെ ഇടിയപ്പം ഉണ്ടാക്കുന്ന അമ്മ ഹിറ്റായതോടെ സിനിമയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ വന്നുതുടങ്ങി... -കുടശനാട് കനകം

ജി. കൃഷ്ണന്‍ 05 May 2026 12:30 PM
ജയ ജയ ജയ ജയ ഹേയിലെ ഇടിയപ്പം ഉണ്ടാക്കുന്ന അമ്മ ഹിറ്റായതോടെ സിനിമയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ വന്നുതുടങ്ങി...  -കുടശനാട് കനകം

ടിയപ്പം ഒരു നല്ല പ്രഭാതഭക്ഷണമാണ്. ആവിയില്‍ വേവിച്ചെടുക്കുന്നതുകൊണ്ട് വേറെ വലിയ ദോഷങ്ങളൊന്നുമില്ലാതെ കഴിക്കുകയും ചെയ്യാം. ചില ദേശങ്ങളില്‍ ഇതിന് നൂലപ്പം എന്നും പേരുണ്ട്.
അരിമാവ് കുഴച്ച് അച്ചിലിട്ട് നന്നായി അച്ചമര്‍ത്തിയാലെ ഇടിയപ്പം നൂല്‍രൂപത്തില്‍ കിട്ടുകയുള്ളൂ. ചില വീട്ടമ്മമാരെങ്കിലും ഈ പലഹാരമുണ്ടാക്കാന്‍ അല്‍പ്പം ആയാസപ്പെട്ടെന്നുവരാം.

ഈ അടുത്തകാലത്ത് റിലീസായ ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ വിലാസിനിയമ്മ എന്നൊരമ്മ ഇടിയപ്പം ഉണ്ടാക്കുന്നത് പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ടാകണം. ആ അമ്മ നന്നായി പ്രഷര്‍ ചെലുത്തിയാണ് ഇടിയപ്പമുണ്ടാക്കിക്കൊണ്ടിരുന്നത്. ഒരിക്കലല്ല, പല സീനുകളിലും ആ കാഴ്ച കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇടിയപ്പത്തിന്റെ ചരിത്രം പറയാനല്ല, ആമുഖം ഇങ്ങനെ തുടങ്ങിയത്. ആ ഇടിയപ്പം ശക്തിയോടെ ഉണ്ടാക്കിക്കൊണ്ടിരുന്ന വിലാസിനിയെക്കുറിച്ച് രണ്ട് വാക്ക് പറയാനാണ് ആമുഖം ഈ രീതിയില്‍ എഴുതി ത്തുടങ്ങിയത്.

നായകനായി അഭിനയിച്ച ബേസില്‍ ജോസഫിന്റെ അമ്മയായിരുന്നു വിലാസിനിയമ്മ. ഈ വിലാസിനിയമ്മയായി വന്നത് നടി കുടശനാട് കനകമാണ്. പന്തളത്തിനടുത്തുള്ള ഒരു ദേശമാണ് കുടശനാട്.

കുടശനാട് കനകം എന്ന നടിയെക്കുറിച്ച് ഇതിനുമുമ്പ് സിനിമാരംഗത്തുള്ളവര്‍ക്ക് അത്ര നല്ല കേട്ടുകേഴ്‌വി കാണില്ല. എന്നാല്‍ നാടകരംഗത്ത് കനകത്തിന്റെ തിളക്കവും താരമൂല്യവും തീരെ ചെറുതുമല്ല. കഴിഞ്ഞ 50 വര്‍ഷക്കാലമായി നാടകരംഗത്ത് അഭിനയിച്ച് പ്രസിദ്ധിയും  കീര്‍ത്തിയും എല്ലാം നേടിയ നടിയാണ് കുടശനാട് കനകം. കേരളത്തിലെ ഒട്ടുമിക്ക പ്രൊഫഷണല്‍ ട്രൂപ്പുകളിലും അഭിനയിച്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ ഈ കലാകാരിക്ക് സിനിമയില്‍ വഴിത്തിരിവ് ലഭിച്ചത് ജയ ജയ ജയ ജയ ഹേ... എന്ന സിനിമ തന്നെയാണ്.

പട്ടുസാരി, അഗ്നിമൃഗം, അല്ലിയാമ്പല്‍... തുടങ്ങി ഏതാനും സീരിയലുകളിലും കനകം അഭിനയിച്ചിട്ടുണ്ട്. നൂറ്റി ഇരുപതില്‍ പ്പരം ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ നാടകത്തില്‍ അഭിനയിച്ചുതുടങ്ങിയ കനകത്തിന് നൃത്തവും അറിയാം. നൃത്താദ്ധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജയ ജയ ജയ ജയ ഹേയിലെ ഇടിയപ്പം ഉണ്ടാക്കുന്ന അമ്മ ഹിറ്റായതോടെ സിനിമയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ വന്നുതുടങ്ങി. പാപ്പച്ചന്‍ ഒളിവിലാണ്, കമ്മ്യൂണിസ്റ്റ് പച്ച, ഗുരുവായൂരമ്പലനടയില്‍, കൊണ്ടല്‍, സ്വര്‍ഗ്ഗം, സൂപ്പര്‍ ജെമിനി, മരണമാസ്സ് തുടങ്ങിയ സിനിമകളിലെല്ലാം കനകം അഭിനയിച്ചു. കനകത്തിന്റെ ഏറ്റവും പുതിയ സിനിമ 'നദി'യാണ്. അകത്തേയ്ക്ക് തുറക്കുന്ന ജാലകം, സ്‌പൈഡര്‍ ഹൗസ്... തുടങ്ങി ഏതാനും സിനിമകളും ഇനി റിലീസാകാനുണ്ട്.
 

 

Tags
kudassanad kanakam Jaya Jaya Jaya Jaya Hey