അൻസിബക്ക് അപൂർവ്വ സിദ്ധിയുണ്ടെന്ന് നടി മാല പാർവതി
Highlights
കേരളം അൻസിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു
അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് താനില്ലെന്ന് നടി അൻസിബ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംഘടനയുടെ നേതൃത്വത്തിലേക്ക് യുവതാരങ്ങൾ എത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും സ്ഥാനമോഹമില്ലെന്നും അൻസിബ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അൻസിബയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാല പാർവതി.
അൻസിബയുടെ വ്യക്തതയുള്ള ചിന്തയും നേതൃത്വശേഷിയും സമൂഹത്തിന് ആവശ്യമാണെന്ന് മാല പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മ സംഘടനയിലായാലും പൊതുരംഗത്തായാലും അൻസിബയുടെ സാന്നിധ്യം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇപ്പോൾ സമയമെടുക്കട്ടെ, അടുത്ത തവണയായാലും മതി; എന്നാൽ പൊതുപ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കരുതെന്നും മാല പാർവതി പറഞ്ഞു.
“ലക്ഷത്തിൽ ഒരാളാണ് അൻസിബ. അപൂർവമായ കഴിവും നേതൃത്വഗുണവും അവർക്കുണ്ട്. അതുകൊണ്ട് തന്നെ അവർ മുന്നോട്ട് വന്ന് നയിക്കണം,” എന്നായിരുന്നു മാല പാർവതിയുടെ പ്രതികരണം.
മാല പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചതിങ്ങനെ:
പ്രിയപ്പെട്ട അൻസിബ, അൻസിബ ഇൻസ്റ്റായിൽ ഷെയർ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകൾ, അപവാദ പ്രചരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട് ,തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം.
പക്ഷേ.. അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത്. കാരണം നിങ്ങൾ ജന്മനാ ഒരു നേതാവാണ്. സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തിൽ ഒരാളാണ്.. അപൂർവ്വ സിദ്ധിയുണ്ട്.നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോൾ പോലും സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ച് വിടാം. കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്.
പക്ഷേ അൻസിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അൻസിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ അക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്ത് കളയാനുള്ള ഇച്ഛാശക്തി .. അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം.