സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, കരണത്തടിച്ചു; മുൻ കാമുകന്റെ അതിക്രമം തുറന്നുപറഞ്ഞ് നടി നീതി ടെയ്‌ലർ
Highlights
മുൻ കാമുകൻ തന്റെ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും, അതിന്റെ പാട് ഇന്നും ശരീരത്തിലുണ്ടെന്നും നീതി പറഞ്ഞു.
ടെലിവിഷൻ നടി നീതി ടെയ്‌ലർ തന്റെ മുൻ പ്രണയബന്ധത്തിൽ നേരിട്ട ശാരീരികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ആമസോൺ പ്രൈം വിഡിയോയിലെ അലയൻസ് റിയാലിറ്റി ഷോയിൽ സഹതാരങ്ങളായ മിനിമ മാതൂർ, രൂഹി ദൊസാനി, ദെൽബർ ആര്യ എന്നിവരുമായി സംസാരിക്കവെയാണ് നടിയുടെ വെളിപ്പെടുത്തൽ.
മുൻ കാമുകൻ തന്റെ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും, അതിന്റെ പാട് ഇന്നും ശരീരത്തിലുണ്ടെന്നും നീതി പറഞ്ഞു. ഷോയിൽ ആ പൊള്ളലിന്റെ പാട് കാണിച്ചുകൊണ്ടായിരുന്നു നടി ദുരനുഭവം പങ്കുവെച്ചത്.
"അവൻ വളരെ അക്രമാസക്തനായിരുന്നു. മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ അവന്റെ ജന്മദിന രാത്രിയിൽ അവൻ നിയന്ത്രണം വിട്ടു. എന്നെ കരണത്തടിക്കുകയും ചെയ്തു. അന്ന് ഞാൻ അവിടെനിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും, പ്രായക്കുറവായതിനാൽ ആളുകളുടെ യഥാർഥ സ്വഭാവം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല," എന്നാണ് നീതി പറഞ്ഞത്. ആ അനുഭവത്തിന് ശേഷം ആ ബന്ധം അവസാനിപ്പിച്ചതായും താരം വ്യക്തമാക്കി.
കൈസി യേ യാരിയാൻ എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് നീതി ടെയ്‌ലർ ശ്രദ്ധേയയാകുന്നത്. 15-ാം വയസ്സിൽ അഭിനയരംഗത്തേക്ക് എത്തിയ താരം ഇഷ്‌ക്ബാസ്, പ്യാർ ക ബന്ദൻ തുടങ്ങിയ പരമ്പരകളിലും നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
പിന്നീട് പരിചയപ്പെട്ട പരീക്ഷിത് ബാവയുമായി 2019-ൽ നീതി വിവാഹനിശ്ചയം നടത്തി. 2020 ഓഗസ്റ്റ് 13-ന് ഇരുവരും വിവാഹിതരായി. 2024-ൽ ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ആ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നീതി പിന്നീട് വ്യക്തമാക്കിയിരുന്നു.