വിജയ്‌യുടെ അവസാന ചിത്രം കാണാൻ ഭാര്യ സംഗീത തീയറ്ററിലെത്തിയോ?
Highlights
മാസ്ക് ധരിച്ച് വാഹനത്തിൽ നിന്ന് സംഗീത ഇറങ്ങുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ 'ജനനായകൻ' ബോക്‌സോഫീസിൽ മികച്ച മുന്നേറ്റം തുടരുകയാണ്. ഇതിനിടെ, 'ജനനായകൻ' കാണാൻ വിജയ്‌യുടെ ഭാര്യ സംഗീത തിയേറ്ററിലെത്തിയെന്ന പേരിൽ ചില ഇൻസ്റ്റഗ്രാം റീലുകളും വീഡിയോകളും വൈറലായി. വിജയ്‌യും സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത് എന്നതാണ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
മാസ്ക് ധരിച്ച് വാഹനത്തിൽ നിന്ന് സംഗീത ഇറങ്ങുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ആ വീഡിയോ 'ജനനായകൻ' കാണാൻ എത്തിയതിന്റെതാണെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വീഡിയോ പഴയതാണെന്ന അവകാശവാദവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.
റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. ആദ്യദിനത്തിൽ ആഭ്യന്തര വിപണിയിൽ നിന്ന് 50.28 കോടി രൂപയും, വിദേശ വിപണിയിൽ നിന്ന് 30 കോടി രൂപയും ചിത്രം സ്വന്തമാക്കി. കേരളത്തിൽ നിന്ന് 5.80 കോടി രൂപ ഗ്രോസ് നേടിയപ്പോൾ, കർണാടകയിൽ നിന്ന് 11.51 കോടി രൂപ ഗ്രോസ് കളക്ഷനുമാണ് ലഭിച്ചത്.
ഹൈ-ഡെഫനിഷൻ വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതും റിലീസ് ഏഴ് മാസത്തിലേറെ വൈകിയതും ചിത്രത്തിന്റെ പ്രകടനത്തെ ബാധിച്ചില്ല. വിജയ്‌യുടെ ജനപ്രീതിയാണ് ബോക്‌സോഫീസിൽ ചിത്രത്തിന് ശക്തമായ മുന്നേറ്റം സമ്മാനിച്ചതെന്നാണ് വിലയിരുത്തൽ.