മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്
Highlights
മുളകുപാടം ഫിലിംസ് ‘അന്ന’ എന്ന ചിത്രത്തിന്റെ നിർമ്മാണാവകാശം ഔദ്യോഗികമായി സ്വന്തമാക്കി.
മുളകുപാടം ഫിലിംസ് ‘അന്ന’ എന്ന ചിത്രത്തിന്റെ നിർമ്മാണാവകാശം ഔദ്യോഗികമായി സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിപ്പോയ ഈ ചിത്രം കാലാനുസൃതമായ മാറ്റങ്ങളോടെയാണ് വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിക്കുന്നത്. പ്രശസ്ത ചലച്ചിത്ര നിർമ്മാണ കമ്പനിയായ മുളകുപാടം ഫിലിംസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എൻ. മോഹനന്റെ രചനയിൽ അരവിന്ദ് സ്വാമി – ശ്രീദേവി കൂട്ടുകെട്ടിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു 'അന്ന'. താരങ്ങളുടെ ഡേറ്റ് പ്രശ്നങ്ങളും സാങ്കേതിക കാരണങ്ങളും കൊണ്ട് അന്ന് ഈ പ്രോജക്ട് മുടങ്ങുകയായിരുന്നു.
'ബെത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിലൂടെയാണ് 'അന്ന' വീണ്ടും ചർച്ചകളിലേക്ക് വരുന്നത്. ചിത്രത്തിൽ ഔസേപ്പച്ചൻ ഈണമിട്ട ‘യവനകഥയിലെ ഇടയകന്യകേ...’ എന്ന ഗാനം ഉൾപ്പെടുത്തിയതോടെയാണ് പുതുതലമുറയും ഈ ചിത്രത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്.
സിനിമയുടെ കഥ പുതിയ തലമുറയിലേക്ക് പുതിയ എഴുത്തുകാരിലൂടെ എത്തിക്കാനാണ് നിർമ്മാതാവ് ശ്രമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ, അഭിനേതാക്കൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ടോമിച്ചൻ മുളകുപാടം അറിയിച്ചു.