Wednesday, 07 October 2026 | 08:56 PM

Interviews

സിനിമാബ്രദേഴ്സ് - സുഭാഷ്ചന്ദ്രനും, സുമേഷ്ചന്ദ്രനും

ജി. കൃഷ്ണന് 06 October 2026 09:46 AM
സിനിമാബ്രദേഴ്സ് - സുഭാഷ്ചന്ദ്രനും, സുമേഷ്ചന്ദ്രനും

Highlights

എറണാകുളം ജില്ലയില്‍ കോലഞ്ചേരിക്കടുത്ത് പഴന്തോട്ടം എന്നൊരു ഗ്രാമമുണ്ട്. ഗ്രാമം ഇപ്പോള്‍ മധുരമുള്ളൊരു പഴന്തോട്ടമായി മാറിയിരിക്കുന്നത് രണ്ട് ജ്യേഷ്ഠ സഹോദരന്മാരുടെ കലാപ്രവര്‍ത്തനങ്ങളിലൂടെയും സിനിമാപ്രവര്‍ത്തനങ്ങളിലൂടെയുമാണ്.

 

സുഭാഷ്ചന്ദ്രനും സുമേഷ്ചന്ദ്രനും

ജ്യേഷ്ഠന്‍ സുഭാഷ് ഇന്ന് മലയാളത്തിലെ ഏതാനും സിനിമകളുടെ ലൈന്‍ പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചതുവഴിയാണ് ഏറെ അറിയപ്പെടുന്നതെങ്കിലും പാട്ടും മിമിക്രിയും ഗാനമേളയും ഒക്കെയായി കേരളത്തിനകത്തും പുറത്തും നിരവധി ഷോ ചെയ്തിട്ടുണ്ട്.

ഇളയസഹോദരന്‍ സുമേഷ് ചന്ദ്രന്‍ ഇന്ന് മിനിസ്ക്രീന്‍ രംഗത്തും ബിഗ് സ്ക്രീന്‍ രംഗത്തും  പ്രസിദ്ധനാണ്. ചെറുപ്പകാലം മുതല്‍ സുമേഷ് കലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്ന ഒരു കലാകാരനാണ്. ലളിതഗാനം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ പരിപാടികളിലെല്ലാം പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുകയും 'ബെസ്റ്റ് ആക്ടര്‍' പദവി നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് കലാഭവനില്‍ ചേര്‍ന്ന് മിമിക്രിയുടെ പുതിയ പുതിയ തലങ്ങള്‍ ഗ്രഹിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് ആ സമയങ്ങളില്‍ സിനിമയില്‍ അഭിനയിക്കാനും പോയിട്ടുള്ള സുമേഷിന് പക്ഷേ, അപ്പോഴെല്ലാം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടരേണ്ടി വന്നു. ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിസ്മയത്തുമ്പത്ത്, കൂട്ട്, ഉദയം.. തുടങ്ങിയവയായിരുന്നു അക്കാലത്ത് സാന്നിധ്യം അറിയിച്ച സിനിമകള്‍.

നല്ലൊരു കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കണമെന്ന് മോഹിച്ചുനടന്ന സുമേഷ് മമ്മൂട്ടിയോടൊപ്പം ഭാസ്ക്കര്‍ ദി റാസ്ക്കല്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ബിജുമേനോനോടൊപ്പം ആദ്യരാത്രിയിലും നരേന്‍ നായകനായ ആഘോഷത്തിലും അഭിനയിച്ചിട്ടുണ്ട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്ന സുമേഷിന് 'ജവാനും മുല്ലപ്പൂവും' എന്ന സിനിമയില്‍ നായകനായി അഭിനയിക്കാനും കഴിഞ്ഞു. തുടര്‍ന്ന് പാലും പഴവും, സുമതിവളവ് തുടങ്ങിയ സിനിമകളിലും അഭിനയിച്ച സുമേഷിന് 'ദൃശ്യം' സിനിമയുടെ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു ഭാഗ്യം. സാബു എന്ന പോലീസുകാരന്‍റെ സാന്നിദ്ധ്യം 'ദൃശ്യം' സിനിമകളില്‍ നിറഞ്ഞുനിന്നിരുന്നു.

ഇന്ന് മലയാളത്തില്‍ നിലവിലുള്ള പ്രമുഖ ചാനലുകളിലെല്ലാം തന്നെ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനാകാനും പ്രേക്ഷകരെ ചിരിപ്പിക്കാനും സുമേഷിന് കഴിഞ്ഞിട്ടുണ്ട്. വണ്‍മാന്‍ ഷോയിലൂടെ സുമേഷ് പ്രേക്ഷകരുടെ ഇഷ്ടകലാകാരനായി മാറിയിട്ടുണ്ട്. ഹേമന്ത് രമേഷ് എന്ന യുവസംവിധായകന്‍റെ പുതിയ സിനിമയില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും ആ സിനിമ അടുത്തുതന്നെ റിലീസാകുമെന്നും സുമേഷ് ചന്ദ്രന്‍ പറയുകയുണ്ടായി.സുഭാഷ് ചന്ദ്രന്‍ കലാരംഗത്തേയ്ക്ക് വന്ന ആദ്യകാലത്ത് 'കൊച്ചിന്‍ പ്രതിഭ' എന്നൊരു മെഗാഷോ ടീം രൂപീകരിച്ചിരുന്നു.

മിനിസ്ക്രീനിലെ പ്രശസ്തമായ കോമഡി ഫെസ്റ്റിവല്‍, കോമഡി സൂപ്പര്‍ നൈറ്റ് എന്നീ പ്രോഗ്രാമുകളുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന സുഭാഷ് മഴവില്‍ മനോരമയിലെ 'ഹൃദയം സ്നേഹസാന്ദ്രം' സീരിയലിന്‍റെ പ്രൊഡക്ഷന്‍ മാനേജരായിരുന്നു. 

പിന്നീട് സിനിമയില്‍ സജീവമായ സുഭാഷ് ജവാനും മുല്ലപ്പൂവും, പാലും പഴവും, ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ എന്നീ സിനിമകളുടെ ലൈന്‍ പ്രൊഡ്യൂസറാണ്. ഷാജികൈലാസിന്‍റെ 'വരവ്' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ രംഗത്ത് സപ്പോര്‍ട്ടായും പ്രവര്‍ത്തിച്ചിരുന്നു. ഈ മൂന്ന് സിനിമകളും ചിത്രീകരിച്ചത് ഞങ്ങളുടെ കൊച്ചുഗ്രാമമായ പഴന്തോട്ടത്തില്‍ വച്ചായിരുന്നുവെന്നത് സന്തോഷവും സംതൃപ്തിയും തരുന്ന കാര്യമാണെന്ന് ഈ സഹോദരന്മാര്‍ ചിരിയോടെ പറഞ്ഞു. 

ഈ മൂന്ന് സിനിമകളുടെയും പ്രൊഡ്യൂസര്‍ വിനോദ് ഉണ്ണിത്താനാണ്. അദ്ദേഹവുമായി ചേര്‍ന്ന് 2 ക്രിയേറ്റീവ് മൈന്‍ഡ്സ് എന്ന ബാനറില്‍ ഒരു സിനിമാ പ്രൊഡക്ഷന്‍ കമ്പനി എറണാകുളം കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ കഴിഞ്ഞതും ഒരു നല്ല കാര്യമാണെന്ന് സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഇരുവരും പഴന്തോട്ടം ഗ്രാമത്തിലും അയല്‍നാടുകളിലും പ്രസിദ്ധി നേടിയതോടെ അന്നാട്ടിലെ പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും പലരും ക്ഷണിച്ചുതുടങ്ങി. 

സ്ക്കൂളുകളിലും പള്ളികളിലും ക്ഷേത്രങ്ങളിലും ക്ലബ്ബുകളിലും ഇതര ഫെസ്റ്റിവലുകളിലുമെല്ലാം ഇവര്‍ മിന്നും താരങ്ങളായി മാറിയിട്ടുണ്ട്. 'സിനിമാബ്രദേഴ്സ്' എന്ന പേരിലാണ് ഈ ജ്യേഷ്ഠ സഹോദരന്മാര്‍ ഇവിടെയെല്ലാം അതിഥികളായെത്തുന്നത്. ഇരുവരും ഒരുമിച്ചിപ്പോള്‍ ഗള്‍ഫ് ഷോകളും ചെയ്തുവരുന്നു.

 

Tags
Subhash Chandran Sumesh Chandran