Monday, 13 July 2026 | 09:30 AM

Latest

വിവാഹമോചന വിവാദങ്ങൾക്കിടെ തീരുമാനം മാറ്റി രവി മോഹൻ; സിനിമയിൽനിന്ന് ഇടവേളയില്ലെന്ന് പ്രഖ്യാപനം

sreyas 08 July 2026 04:47 AM
വിവാഹമോചന വിവാദങ്ങൾക്കിടെ തീരുമാനം മാറ്റി രവി മോഹൻ; സിനിമയിൽനിന്ന് ഇടവേളയില്ലെന്ന് പ്രഖ്യാപനം

Highlights

നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആരതിയെ 2009-ലാണ് രവി മോഹൻ വിവാഹം കഴിച്ചത്.

വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽനിന്ന് വിട്ടുനിൽക്കുമെന്ന മുൻപ്രഖ്യാപനത്തിൽനിന്ന് നടൻ രവി മോഹൻ പിന്മാറി. സിനിമാരംഗത്തുള്ള സഹപ്രവർത്തകരുടെയും ആരാധകരുടെയും അഭ്യർഥനയെ തുടർന്നാണ് തീരുമാനം മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അവാർഡ് വിതരണച്ചടങ്ങിലാണ് രവി മോഹൻ ഇക്കാര്യം അറിയിച്ചത്.

"എനിക്ക് ഈ വർഷം 46 വയസാകും. കഴിഞ്ഞ 23 വർഷമായി എന്റെ ജീവിതം സിനിമയ്ക്കൊപ്പമാണ്. വികാരാധീനനായി പറഞ്ഞ ചില വാക്കുകൾ ഇത്രയും പേരെ വേദനിപ്പിച്ചുവെന്ന് മനസ്സിലായപ്പോൾ അതിൽ ഖേദമുണ്ട്," എന്നാണ് നടൻ പറഞ്ഞത്.

സിനിമയിൽനിന്ന് വിട്ടുനിൽക്കരുതെന്ന് നിരവധി പേർ നേരിട്ട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. "നിങ്ങൾ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അംഗീകരിക്കും. പക്ഷേ സിനിമ ഉപേക്ഷിക്കരുത് എന്നായിരുന്നു എല്ലാവരുടെയും അഭ്യർഥന. എന്റെ പ്രസ്താവനയിൽ ദുഃഖിതരായ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു," എന്നും രവി മോഹൻ കൂട്ടിച്ചേർത്തു.

ആരാധകരെ ഇനി ഒരിക്കലും നിരാശരാക്കില്ലെന്നും ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. "നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും മറുപടിയായി വീണ്ടും മികച്ച കഥാപാത്രങ്ങളിലൂടെ എത്തും. 'പൊന്നിയിൻ സെൽവൻ' ആയോ 'കരാട്ടെ ബാബു'വായോ നിങ്ങളെ വീണ്ടും സന്തോഷിപ്പിക്കും," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആരതിയെ 2009-ലാണ് രവി മോഹൻ വിവാഹം കഴിച്ചത്. 15 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2024-ൽ ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഗായിക കെനീഷ ഫ്രാൻസിസുമായി രവിയുടെ പേര് ചേർത്ത് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു.

ഇതിനിടെ, ആരതിയെക്കുറിച്ച് നടത്തിയെന്നാരോപിച്ച പരാമർശങ്ങളുടെ പേരിൽ കെനീഷ ഫ്രാൻസിസ് വിമർശനങ്ങൾ നേരിട്ടിരുന്നു. പിന്നാലെ രവിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന സൂചന നൽകുന്ന സാമൂഹികമാധ്യമ പോസ്റ്റും കെനീഷ പങ്കുവച്ചു. അതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രവി മോഹൻ വികാരാധീനനായി സിനിമയിൽനിന്ന് താൽക്കാലിക ഇടവേള പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ആ തീരുമാനം പിൻവലിച്ചുകൊണ്ട് സിനിമയിൽ സജീവമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.