Friday, 03 July 2026 | 06:00 AM

Latest

ഷാരൂഖിനോട് കടുത്ത ആരാധന; സഹോദരിയായി അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സാദിയ സിദ്ധീഖിയുടെ വെളിപ്പെടുത്തൽ

sreyas 01 July 2026 09:22 AM
ഷാരൂഖിനോട് കടുത്ത ആരാധന; സഹോദരിയായി അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സാദിയ സിദ്ധീഖിയുടെ വെളിപ്പെടുത്തൽ

Highlights

ഷാരൂഖിനോടുള്ള എന്റെ വികാരം മറ്റൊന്നായിരുന്നതിനാൽ അത് എനിക്ക് ബുദ്ധിമുട്ടായിരുന്നു

ബോളിവുഡിലെ കിങ് ഖാനായ ഷാരൂഖ് ഖാനൊപ്പം ഒരു സിനിമ ചെയ്യാൻ അവസരം ലഭിക്കണമെന്നാണ് നിരവധി അഭിനേതാക്കളുടെ സ്വപ്നം. എന്നാൽ അത്തരമൊരു അവസരം നിരസിച്ച നടിയാണ് സാദിയ സിദ്ധീഖി. അതും ഷാരൂഖിന്റെ സഹോദരിയുടെ വേഷം ചെയ്യാനായിരുന്നു ക്ഷണം. താരം തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

സംവിധായകൻ കുന്ദൻ ഷാ ഒരുക്കിയ കഭി ഹാ കഭി നാ എന്ന ചിത്രത്തിൽ ഷാരൂഖിന്റെ സഹോദരിയായി അഭിനയിക്കാനായിരുന്നു സാദിയയെ ക്ഷണിച്ചത്. എന്നാൽ ഷാരൂഖിനോട് അന്നേ കാലത്ത് തനിക്ക് കടുത്ത ആരാധനയും പ്രണയവുമുണ്ടായിരുന്നതിനാൽ ആ കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് സംവിധായകനോട് തുറന്നുപറഞ്ഞതായി സാദിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

"ആ സമയത്ത് എനിക്ക് ഷാരൂഖിനോട് വലിയ പ്രണയമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയായി അഭിനയിക്കുന്നത് എനിക്ക് ചിന്തിക്കാനേ കഴിഞ്ഞില്ല. അതുകൊണ്ടാണ് ആ വേഷം ചെയ്യാൻ കഴിയില്ലെന്ന് കുന്ദൻ ഷായോട് പറഞ്ഞത്. അത്ര ധൈര്യത്തോടെ അത് തുറന്നു പറഞ്ഞതിൽ ഇന്നും എനിക്ക് അത്ഭുതമുണ്ട്," സാദിയ പറഞ്ഞു.

സാദിയയുടെ വാക്കുകൾ കേട്ട് കുന്ദൻ ഷാ പൊട്ടിച്ചിരിച്ചെന്നും, "അപ്പോൾ എന്ത് ചെയ്യണം?" എന്ന് ചോദിച്ചെന്നും താരം ഓർക്കുന്നു. "എനിക്ക് ഷാരൂഖിന്റെ കാമുകിയായി അഭിനയിക്കണം" എന്നായിരുന്നു തന്റെ മറുപടി. എന്നാൽ "നീ ഇപ്പോഴും വളരെ ചെറുപ്പമാണ്" എന്നായിരുന്നു സംവിധായകന്റെ മറുപടി.

ബാലതാരമായിരുന്ന സാദിയയെ കണ്ടാണ് കുന്ദൻ ഷാ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ തനിക്ക് കൂടുതൽ പ്രായമുള്ള കഥാപാത്രം അവതരിപ്പിക്കാമെന്ന ആത്മവിശ്വാസം സാദിയ പ്രകടിപ്പിച്ചു. അതിനായി അടുത്ത ദിവസം പ്രത്യേകമായി മേക്കപ്പും വസ്ത്രധാരണവും ചെയ്ത് ഓഡിഷന് എത്തിയെങ്കിലും സംവിധായകൻ വീണ്ടും സഹോദരിയുടെ വേഷം തന്നെയാണ് നിർദേശിച്ചത്.

"മുതിർന്ന ആളെ പോലെ തോന്നിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ എന്നെ കണ്ടപ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. ഒടുവിൽ സഹോദരിയുടെ വേഷം തന്നെ ചെയ്യണമെന്ന് പറഞ്ഞു. ഷാരൂഖിനോടുള്ള എന്റെ വികാരം മറ്റൊന്നായിരുന്നതിനാൽ അത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. എങ്കിലും അഭിനയത്തിനിടെ ആ വികാരങ്ങൾ മറച്ചുവെക്കാൻ കഴിഞ്ഞു. അതുകൊണ്ടാവാം ഞാൻ നല്ലൊരു നടിയാണെന്ന് പറയുന്നത്," സാദിയ തമാശയോടെ പറഞ്ഞു.