അവർക്ക് മദ്യപിച്ച് ഡാൻസ് ചെയ്യണം; സിനിമയെക്കാൾ വരുമാനം ഇൻസ്റ്റഗ്രാമിൽ നിന്നെന്നും സാനിയ അയ്യപ്പൻ
Highlights
മോഹൻലാലിനൊപ്പമുള്ള യൂറോപ്യൻ ഷോകളും, പിന്നീട് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പങ്കെടുക്കുന്ന അമേരിക്കൻ പരിപാടികളുമാണ് അടുത്ത പ്രധാന പരിപാടികളെന്ന് താരം അറിയിച്ചു.
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ സാനിയ അയ്യപ്പൻ കേരളത്തിലെ ഡാൻസ് ഷോകളിൽ നിന്ന് പിന്നോട്ടുപോയതിന്റെ കാരണം വെളിപ്പെടുത്തിയത് വലിയ ചർച്ചയാകുകയാണ്. ഒരു അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ ഡാൻസ് പരിപാടികൾ വളരെ കുറച്ചേ സ്വീകരിക്കാറുള്ളൂവെന്ന് സാനിയ പറയുന്നു. ഒരു ഷോ ഏറ്റെടുക്കുന്നതിന് മുമ്പ് അവിടത്തെ സാഹചര്യവും പ്രേക്ഷകരുടെ സ്വഭാവവും പരിപാടിയുടെ ലക്ഷ്യവും ശ്രദ്ധിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ചില കോർപ്പറേറ്റ് പരിപാടികളിൽ മദ്യസേവക്ക് പിന്നാലെ പ്രേക്ഷകർ സ്റ്റേജിന് മുന്നിലെത്തി നൃത്തം ചെയ്യുന്നത് തനിക്ക് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്നും സാനിയ പറഞ്ഞു.
“നമ്മൾ ചെയ്യുന്ന കലയെ ബഹുമാനിച്ചാണ് വേദിയിലെത്തുന്നത്. അത്തരം അന്തരീക്ഷത്തിൽ പ്രകടനം നടത്താൻ താൽപര്യമില്ല. അതുകൊണ്ടാണ് ഷോകൾ കുറച്ചത്. അവാർഡ് നൈറ്റുകളിലും വിദേശ മലയാളി അസോസിയേഷനുകളുടെ പരിപാടികളിലുമാണ് ഇപ്പോൾ കൂടുതലായി പങ്കെടുക്കുന്നത്,” സാനിയ പറഞ്ഞു.
സോഷ്യൽ മീഡിയയാണ് ഇന്ന് തന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നെന്നും താരം വെളിപ്പെടുത്തി. സിനിമകളേക്കാൾ കൂടുതൽ വരുമാനം ഇൻസ്റ്റഗ്രാമിലൂടെയാണ് ലഭിക്കുന്നതെന്ന് പറഞ്ഞ സാനിയ, നിരവധി ബ്രാൻഡ് കൊളാബറേഷനുകളും സ്പോൺസർഡ് ട്രിപ്പുകളും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. റീലുകൾക്കും പ്രമോഷണൽ പോസ്റ്റുകൾക്കുമായി പ്രതിഫലം ലഭിക്കുന്നതായും അവർ പറഞ്ഞു.
2024-ൽ വ്യാപകമായി യാത്ര ചെയ്തതായും, 2025 അവസാനത്തോടെ നിരവധി മികച്ച പ്രോജക്ടുകളും സ്റ്റേജ് ഷോകളും ലഭിച്ചതായും സാനിയ കൂട്ടിച്ചേർത്തു. മോഹൻലാലിനൊപ്പമുള്ള യൂറോപ്യൻ ഷോകളും, പിന്നീട് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പങ്കെടുക്കുന്ന അമേരിക്കൻ പരിപാടികളുമാണ് അടുത്ത പ്രധാന പരിപാടികളെന്ന് താരം അറിയിച്ചു.
കുട്ടിക്കാലത്ത് ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ലഭിച്ച അവസരങ്ങളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ സഹായിച്ചതെന്നും, അതിനെ ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നുവെന്നും സാനിയ അയ്യപ്പൻ പറഞ്ഞു.