ലണ്ടൻ തെരുവുകളിൽ മണവാട്ടിയുടെ മുതലാളിക്കൊപ്പം ഷൈന്റെ സ്റ്റൈലിഷ് സവാരി
Highlights
'മണവാട്ടി' മദ്യ ബ്രാൻഡിന്റെ ഉടമയുമായ ജോൺ സേവ്യറും വീഡിയോയിൽ ഒപ്പമുണ്ട്
ലണ്ടനിലെ തിരക്കേറിയ തെരുവുകളിലൂടെ തനതായ ശൈലിയിലും നിറഞ്ഞ ആവേശത്തോടെയും ചുറ്റിനടക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ പുതിയ റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷൈന്റെ അടുത്ത സുഹൃത്തും 'മണവാട്ടി' മദ്യ ബ്രാൻഡിന്റെ ഉടമയുമായ ജോൺ സേവ്യറും വീഡിയോയിൽ ഒപ്പമുണ്ട്. ഷൈന്റെ വ്യത്യസ്തമായ അവതരണശൈലിയും തമാശ നിറഞ്ഞ നിമിഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
യുകെയിൽ സംഘടിപ്പിച്ച 'മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ' മെഗാ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായാണ് ഷൈൻ ലണ്ടനിലെത്തിയത്. ബ്രിട്ടനിലെ പ്രശസ്തമായ വെംബ്ലി അരീനയിൽ അരങ്ങേറിയ ആദ്യ എക്സ്ക്ലൂസീവ് മലയാളം സ്റ്റേജ് ഷോ എന്ന പ്രത്യേകതയോടെയായിരുന്നു പരിപാടി.
യുകെ ഇവന്റ് ലൈഫിന്റെ നേതൃത്വത്തിൽ ജൂൺ 27-ന് നടന്ന മെഗാ ഷോയിൽ മോഹൻലാലിനൊപ്പം കെ.എസ്. ചിത്ര, വിധു പ്രതാപ്, ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, റംസാൻ മുഹമ്മദ് തുടങ്ങി മലയാള സിനിമയുടെയും സംഗീതരംഗത്തിന്റെയും നിരവധി പ്രമുഖർ പങ്കെടുത്തു. അഞ്ചര മണിക്കൂറിലേറെ നീണ്ടുനിന്ന സംഗീത-നൃത്ത-ഹാസ്യ പരിപാടികൾ യുകെയിലെ മലയാളി പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി.
പരിപാടിക്കിടെ ഡാൻസർ റംസാൻ മുഹമ്മദിനൊപ്പം 'ഭീഷ്മ പർവം' സിനിമയിലെ തന്റെ ശ്രദ്ധേയമായ ഡാൻസ് സ്റ്റെപ്പുകൾ ഷൈൻ വീണ്ടും അവതരിപ്പിച്ചതോടെ വെംബ്ലി അരീന കൈയടികളാൽ മുഴങ്ങി. അതോടൊപ്പം ധ്യാൻ ശ്രീനിവാസനും കെ.എസ്. ചിത്രയും ചേർന്നുള്ള ലൈവ് കോമഡി സ്കിറ്റുകളിലും ഷൈൻ പങ്കാളിയായത് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു.