Sunday, 26 July 2026 | 03:53 PM

Latest

ശ്വേത മേനോൻ ദേശീയവാദിയും മോദി ഭക്തയുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്

sreyas 05 July 2026 11:32 AM
ശ്വേത മേനോൻ ദേശീയവാദിയും മോദി ഭക്തയുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്

Highlights

'അമ്മ' സിനിമാപ്രവർത്തകരുടെ സംഘടനയാണെന്നും, സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടെ തന്നെ യോഗ്യരായ ആളുകളുണ്ടെന്നും എസ്. സുരേഷ് പറഞ്ഞു. 

തിരുവനന്തപുരം: നടി ശ്വേത മേനോൻ 'അമ്മ' സംഘടനയുടെ പ്രസിഡന്റായത് ബിജെപിയുടെ പ്രതിനിധിയായല്ലെന്ന് ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷ് വ്യക്തമാക്കി. സിനിമാ മേഖലയിലെ അംഗങ്ങളാണ് ശ്വേതയെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നും, അവർ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തയുമാണെങ്കിലും ബിജെപിയുടെ അംഗമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ മേഖലയിലെ നിരവധി താരങ്ങൾ ബിജെപിയോട് അനുകൂല നിലപാടുള്ളവരാണെന്നും, അതിന്റെ പേരിൽ അവരെ അപമാനിക്കാനോ രാഷ്ട്രീയമായി ആക്രമിക്കാനോ പാടില്ലെന്നും എസ്. സുരേഷ് പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമയിൽ സജീവമായി തുടർന്നിരുന്നെങ്കിൽ കോടിക്കണക്കിന് രൂപ സമ്പാദിക്കാനാകുമായിരുന്നുവെന്നും, അതെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം ദേശീയതയ്ക്കും നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുമൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള വ്യക്തികളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്വേത മേനോൻ 'അമ്മ'യുടെ പ്രസിഡന്റായതിന് പിന്നാലെ ബിജെപി സംഘടനയെ കൈവശപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടന്നിരുന്നുവെന്നും, എന്നാൽ അത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എസ്. സുരേഷ് വ്യക്തമാക്കി. മുൻകാലങ്ങളിൽ സിപിഎം എംപിയായിരുന്ന ഇന്നസന്റും നിലവിൽ കോൺഗ്രസ് എംഎൽഎയായ രമേഷ് പിഷാരടിയും 'അമ്മ'യുടെ നേതൃത്വത്തിൽ എത്തിയപ്പോൾ ഇത്തരമൊരു ആരോപണവും ബിജെപി ഉന്നയിച്ചിട്ടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അമ്മ' സിനിമാപ്രവർത്തകരുടെ സംഘടനയാണെന്നും, സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടെ തന്നെ യോഗ്യരായ ആളുകളുണ്ടെന്നും എസ്. സുരേഷ് പറഞ്ഞു. സിനിമയുടെ മുഖംമൂടി ധരിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രംഗത്തുവരുന്നവർക്കുള്ള മറുപടിയായാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശ്വേത മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സാമ്പത്തിക സഹായം സ്വീകരിച്ചെന്ന ആരോപണം 'അമ്മ'യിലെ അൻസിബയെ അനുകൂലിക്കുന്ന ചിലർ നേരത്തെ ഉന്നയിച്ചിരുന്നു.