16 വർഷത്തെ കാത്തിരിപ്പിന് വിരാമം; കൊച്ചിൻ ഹനീഫയുടെ സ്വപ്നവീട് യാഥാർഥ്യമായി
Highlights
ഹനീഫയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയായി മക്കൾ പ്രായപൂർത്തിയായതോടെയാണ് കുടുംബത്തിന് സ്വത്തുക്കൾ തിരികെ ലഭിച്ചത്.
കൊച്ചി: മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ ഏറെക്കാലത്തെ ആഗ്രഹം ഒടുവിൽ സഫലമായി. നടന്റെ കുടുംബത്തിനായി കൊച്ചി വെണ്ണലയിൽ പുതിയ വീട് ഒരുങ്ങി. അപ്രതീക്ഷിത മരണത്തിന് ശേഷം കഴിഞ്ഞ 16 വർഷമായി ഭാര്യ ഫാസിലയും ഇരട്ടമക്കളായ സഫയും മർവയും വാടകവീട്ടിലായിരുന്നു താമസം.
വെണ്ണല അംബേദ്കർ റോഡിൽ 'കൊച്ചിൻ ഹനീഫാസ് എബി മൻസിൽ' എന്ന പേരിലാണ് മൂന്ന് നിലകളുള്ള പുതിയ വീട് നിർമിച്ചിരിക്കുന്നത്. പിതാവ് എബി മുഹമ്മദിന്റെ പേരിൽ സ്വന്തം വീട് വേണമെന്നത് ഹനീഫയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അഞ്ച് ബെഡ്റൂമുകളുള്ള, ആധുനിക സൗകര്യങ്ങളോടെ ഇന്റീരിയർ ചെയ്ത വീടിന്റെ ഓരോ കോണിലും നടന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്നു. ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തു.
വീടിന്റെ ഇന്റീരിയർ ഡിസൈൻ നിർവഹിച്ചത് മക്കളായ സഫയും മർവയും ചേർന്നാണ്. ഹനീഫ മരിക്കുമ്പോൾ വെറും നാല് വയസായിരുന്നു ഇരട്ടകൾക്ക്. അന്ന് മുതൽ മക്കളെ ചേർത്തുപിടിച്ച് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയ ഫാസില, ഭർത്താവിന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു.
തലശ്ശേരി സ്വദേശിനിയായ ഫാസില, ഭർത്താവിന്റെ മരണശേഷം ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചില്ല. "കൊച്ചിൻ" എന്ന പേര് ജീവിതത്തോട് ചേർത്തുവെച്ച കലാകാരന്റെ ഓർമകൾ കൊച്ചിയിൽ തന്നെ നിലനിൽക്കണമെന്നായിരുന്നു അവരുടെ തീരുമാനം. അങ്ങനെ 16 വർഷം കടവന്ത്രയിലെ വാടകവീട്ടിൽ കഴിഞ്ഞശേഷമാണ് കുടുംബം വെണ്ണലയിൽ സ്വന്തം വീട് പണിതത്.
ഈ കാലയളവിൽ കുടുംബത്തിന് താങ്ങായി നിന്നത് നടൻ ദിലീപായിരുന്നു. ഹനീഫയുടെ സ്വാഭിമാനം മനസ്സിലാക്കിയ ദിലീപ്, സാമ്പത്തിക സഹായം നേരിട്ട് നൽകുന്നതിനുപകരം ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമാ സെറ്റുകളിൽ സ്ഥിരമായി ഉപയോഗിക്കാൻ അവസരം ഒരുക്കി. ഇതിലൂടെ കുടുംബത്തിന് സ്ഥിരമായ വരുമാനം ലഭിക്കാനും ഹനീഫയുടെ ഓർമ സിനിമാലോകത്ത് സജീവമായി നിലനിൽക്കാനും സാധിച്ചു. ഈ പിന്തുണ ഒരു ചെറിയ കാലയളവിലല്ല, തുടർച്ചയായി 16 വർഷം തുടർന്നുവെന്നാണ് കുടുംബം പറയുന്നത്.
"ഹനീഫ ഒരിക്കലും ആരുടെയും മുന്നിൽ കൈ നീട്ടുന്ന ആളായിരുന്നില്ല. ചില നിയമപരമായ തടസ്സങ്ങൾ കാരണം വീട് നിർമിക്കാൻ വൈകി. ഒടുവിൽ അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് അദ്ദേഹം സ്വപ്നം കണ്ട വീട് യാഥാർഥ്യമാക്കാൻ കഴിഞ്ഞത്," എന്ന് ഭാര്യ ഫാസില മാധ്യമങ്ങളോട് പറഞ്ഞു.
ഹനീഫയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയായി മക്കൾ പ്രായപൂർത്തിയായതോടെയാണ് കുടുംബത്തിന് സ്വത്തുക്കൾ തിരികെ ലഭിച്ചത്. അതോടെയാണ് വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട്, കൊച്ചിൻ ഹനീഫയുടെ സ്വപ്നമായ സ്വന്തം വീട് കുടുംബത്തിന് യാഥാർഥ്യമാക്കാൻ കഴിഞ്ഞത്.