വിജയ്‌യുടെ 'ജനനായകൻ' ചിത്രത്തിലെ ഒരു രംഗത്തിനായി ഒരു തെലുങ്ക് ചിത്രത്തിന്റെ മുഴുവൻ അവകാശവും വാങ്ങിയ ടീം...
'ദളപതി' വിജയ് ഇപ്പോൾ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് വിജയ്‌യുടെ അവസാനത്തെ ചിത്രമെന്നതിനാൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെയധികമാണ്. തെലുങ്കിൽ ബാലകൃഷ്ണ അഭിനയിച്ച 'ഭഗവന്ത് കേസരി'യുടെ റീമേക്കായാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.
എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ വാർത്തയെ നിഷേധിക്കുകയോ വിശദീകരിക്കുകയോ ചെയ്തില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു വാർത്ത ബാലകൃഷ്ണ നായകനായി പുറത്തുവന്ന 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിലെ ഒരു രംഗം 'ജനനായകൻ' സിനിമയിൽ അവതരിപ്പിക്കുന്നുണ്ട് എന്നുള്ളതാണ്. ഇതിനായി 'ഭഗവന്ത് കേസരി'യുടെ മുഴുവൻ റീമേക്ക് അവകാശവും കരസ്ഥമാക്കിയാണത്രെ ആ രംഗം 'ജനനായകൻ' ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് സമയത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇങ്ങിനെയൊരു മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. .
'ഭഗവന്ത് കേസരി' ചിത്രത്തിൽ ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുക്കുന്ന ബാലകൃഷ്ണ, പെൺകുട്ടികളെ 'നല്ല സ്പർശം, ചീത്ത സ്പർശം' (good tuch bad tuch) എന്താണെന്ന് പഠിപ്പിക്കുന്നത് സംബന്ധമായ ഒരു രംഗമുണ്ടത്രെ! കുട്ടികൾക്കായുള്ള ഈ ബോധവൽക്കരണ പരിപാടിയെ നിരവധി പേർ അഭിനന്ദിക്കുകയും ചെയ്തുവത്രേ! ആ രംഗമാണത്രെ 'ജനനായകൻ' ചിത്രത്തിൽ റീമേക്ക് ചെയ്തിരിക്കുന്നത്. ഈ വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായി കൊണ്ടിരിക്കുകയാണ്.