ധനുഷ്-മൃണാൾ പ്രണയബന്ധം അവസാനിച്ചതായി റിപ്പോർട്ട്
Highlights
ധനുഷിന്റെ തേരേ ഇഷ്‌ക് മേം എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിലും മൃണാളിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു
തമിഴ് താരം ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും തമ്മിലുള്ള പ്രണയബന്ധം അവസാനിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരെയും ചുറ്റിപ്പറ്റി പ്രണയഗോസിപ്പുകൾ സോഷ്യൽ മീഡിയയിലും സിനിമാ വൃത്തങ്ങളിലുമായി സജീവമായിരുന്നു. കഴിഞ്ഞ പ്രണയദിനത്തിൽ ഇരുവരും വിവാഹിതരാകുമെന്ന തരത്തിലുള്ള വാർത്തകൾ വരെ പ്രചരിച്ചെങ്കിലും ഇതുസംബന്ധിച്ച് താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
2025 ഓഗസ്റ്റ് മാസത്തോടെയാണ് ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. മൃണാൾ അഭിനയിച്ച സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രീമിയർ ചടങ്ങിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ചർച്ചകൾക്ക് വഴിവെച്ചു. പിന്നാലെ ധനുഷിന്റെ തേരേ ഇഷ്‌ക് മേം എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിലും മൃണാളിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ധനുഷ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് മൃണാൾ പിന്നീട് വ്യക്തമാക്കിയിരുന്നു.
മൃണാളിന്റെ ജന്മദിനാഘോഷത്തിൽ ധനുഷ് പങ്കെടുത്തതും ഇരുവരെയും കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ശക്തിപകർന്നു. എന്നാൽ ചടങ്ങിലേക്ക് ധനുഷിനെ ക്ഷണിച്ചത് നടൻ അജയ് ദേവ്ഗണാണെന്നായിരുന്നു മൃണാളിന്റെ വിശദീകരണം. പിന്നീട് ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടെന്ന് ആരാധകർ കണ്ടെത്തി. സ്പോട്ടിഫൈയിൽ ഇരുവരും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്ന കണ്ടെത്തലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അടുത്തിടെ മൃണാൾ തന്റെ പുതിയ ചിത്രം ദോ ദിവാനാ ഷെഹർ മേയുടെ ടീസർ പങ്കുവെച്ചപ്പോൾ ധനുഷ് നൽകിയ അഭിനന്ദന കമന്റും അതിന് മൃണാളും സഹതാരം സിദ്ധാർഥ് ചതുർവേദിയും നൽകിയ മറുപടിയും വീണ്ടും ശ്രദ്ധ നേടിയിരുന്നു. ഈ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംവിധായകനും നിർമാതാവുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. 2004-ൽ സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം ചെയ്ത ധനുഷിന് രണ്ട് മക്കളുണ്ട്. ദമ്പതികൾ 2024-ൽ വിവാഹമോചിതരായിരുന്നു.
മഹാരാഷ്ട്രയിലെ ധുലെയിൽ ജനിച്ച മൃണാൾ ഠാക്കൂർ മറാഠി, ഹിന്ദി സിനിമകളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ്. ദുൽഖർ സൽമാൻ നായകനായ സീതാരാമം എന്ന ചിത്രത്തിലൂടെയാണ് മൃണാൾ രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്.