'എക്കോ' പോലൊരു സിനിമയില്‍ പെര്‍ഫോമന്‍സ് ഓറിയന്‍റഡായ ഒരു സീന്‍ കിട്ടുക എന്നതുതന്നെ വലിയ ഭാഗ്യമാണ്...' -രഞ്ജിത്ത് ശേഖര്‍
തിയേറ്ററുകളില്‍ പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണ് ദിന്‍ജിത്ത് സംവിധാനം ചെയ്ത എക്കോ. കിഷ്കിന്ധാ കാണ്ഡത്തിനുശേഷം ബാഹുല്‍ രമേഷ്- ദിന്‍ജിത്ത് അയ്യത്താന്‍ ടീം ഒന്നിക്കുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപ്, വിനീത്, ബിനു പപ്പു എന്നിവര്‍ക്കൊപ്പം പ്രധാനപ്പെട്ട വേഷം ചെയ്തത് നടന്‍ രഞ്ജിത്ത് ശേഖര്‍ ആണ്.
കേരള ക്രൈം ഫയല്‍സ് 2 വിനുശേഷം ബാഹുല്‍ രമേഷുമായുള്ള രണ്ടാമത്തെ വര്‍ക്കാണ്.അദ്ദേഹത്തിന്‍റെ എഴുത്തിനെക്കുറിച്ച്?
രഞ്ജിത്ത് ശേഖര്‍: ബാഹുലിന്‍റെ എഴുത്തിനെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് തലവന്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ആസിഫ് അലിയില്‍ നിന്നാണ്. 'അടിപൊളി എഴുത്താണ്. കുറേനാളുകള്‍ക്കുശേഷമാണ് നല്ലൊരു എഴുത്ത് വായിക്കുന്നത' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അത് കേട്ടപ്പോള്‍ ഞാന്‍ സംശയിച്ചു. എന്താണ് ഈ അടിപൊളി എഴുത്ത് എന്ന്.
കിഷ്കിന്ധാകാണ്ഡം ഇറങ്ങുന്നതിന് മുമ്പായിരുന്നു കെ.സി.എഫിന്‍റെ സ്ക്രിപ്റ്റ് വായിക്കുന്നത്. അപ്പോള്‍ എനിക്ക് മനസ്സിലായി, ആസിഫ് പറഞ്ഞ 'അടിപൊളി എഴുത്ത്' എന്തായിരുന്നു എന്ന്.
ബാഹുലിന്‍റെ സ്ക്രിപ്റ്റുകളിലേക്ക് വരുമ്പോള്‍, അദ്ദേഹം എഴുതിവച്ചത് പറയുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. കാരണം അതേ, ആ സ്ക്രിപ്റ്റില്‍ ചേരൂ. അതാണ് അതിന്‍റെ ഗ്രാമര്‍. അദ്ദേഹം വളരെ ഗ്രൗണ്ടഡായി അക്കാര്യങ്ങള്‍ നമുക്ക് പറഞ്ഞുതരികയും ചെയ്യും.

2025 കരിയറില്‍ വരുത്തിയ മാറ്റം?
2025 ല്‍ കേരള ക്രൈം ഫയല്‍സ്, ഫ്ളാസ്ക്, എക്കോ എന്നീ മൂന്ന് വര്‍ക്കുകളുടെ ഭാഗമാകാന്‍ സാധിച്ചു. കൊമേഴ്സലി വര്‍ക്ക് ആയാലും ഇല്ലെങ്കിലും മലയാളസിനിമാമേഖലയില്‍ നിന്നും ഇത്തരത്തിലൊരു ചിത്രം ഇറങ്ങിയിട്ടുണ്ട് എന്ന് മറ്റ് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ സംസാരിക്കാന്‍ സാധ്യതയുള്ള ഒരു സിനിമയാണ് എക്കോ എന്ന് നേരത്തെ അറിയാമായിരുന്നു. അത്തരമൊരു സിനിമയില്‍ പെര്‍ഫോമന്‍സ് ഓറിയന്‍റഡായ ഒരു സീന്‍ കിട്ടുക എന്നതുതന്നെ വലിയ ഭാഗ്യമാണ്.
രഞ്ജിത്തിന്‍റെ സിനിമായാത്രയെക്കുറിച്ച്?
സിനിമ കരിയര്‍ തുടങ്ങുന്നത് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെയാണ്. രാഹുലും ഞാനും ഒരുമിച്ചാണ് തുടങ്ങുന്നത്. പക്ഷെ, അദ്ദേഹത്തിന്‍റെ ആദ്യസിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തത് കേവലം ആ സൗഹൃദത്തിന്‍റെ പേരില്‍ മാത്രമായിരുന്നില്ല. ആ റോള്‍ ചെയ്യാന്‍ എനിക്ക് സാധിക്കും എന്ന വിശ്വാസം രാഹുലിന് ഉണ്ടായതുകൊണ്ടാണ്. പിന്നീട് അഖില്‍ അനില്‍കുമാറിന്‍റെ ദേവിക പ്ലസ് ടു ബയോളജി എന്ന ഷോര്‍ട്ട് ഫിലിമിലും ഫ്രീഡം ഫൈറ്റില്‍ അദ്ദേഹം ചെയ്ത സെഗ്മെന്‍റില്‍ രജിഷ വിജയന്‍റെ ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രമായും ചെയ്തു. അതിനുശേഷമാണ് കേരള ക്രൈം ഫയല്‍സിന്‍റെ രണ്ടാം ഭാഗത്തിലേക്ക് സംവിധായകന്‍ അഹമ്മദ് കബീര്‍ അവസരം തരുന്നത്. കെ.സി.എഫ് 2 ല്‍ നിന്നാണ് ബാഹുല്‍ രമേഷിനെ പരിചയപ്പെടുന്നത്. ബാഹുലിലൂടെയാണ് എക്കോയിലേക്ക് എത്തുന്നത്.

എവിടെനിന്നാണ് സിനിമാമോഹം ഉടലെടുത്തത്?
മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് എന്നെ ഇന്‍സ്പയര്‍ ചെയ്തത്. ചെറുപ്പത്തില്‍ മോഹന്‍ലാലിനെ സ്ക്രീനില്‍ കാണുമ്പോള്‍, അദ്ദേഹം എന്തോ ഒരു മാജിക് അഭിനയത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട് എന്ന് മനസ്സിലാകും. പക്ഷേ അത് എന്താണെന്ന് അറിയില്ലായിരുന്നു. കുറച്ച് വലുതായപ്പോള്‍ മമ്മൂട്ടി എന്ന നടന്‍ ഒരു കഥാപാത്രത്തിനായി എടുക്കുന്ന എഫേര്‍ട്ടായി മോട്ടിവേഷന്‍. ഇതെല്ലാം എന്താണ് എന്നറിയാനുള്ള ഒരു ശ്രമത്തിലായിരുന്നു സിനിമയില്‍ എത്തിപ്പെടാന്‍ കാരണം.
ഇനി വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച്..?
ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.