Thursday, 22 October 2026 | 07:23 PM

Interviews

ഒരു മലയാളി സംഗീതസംവിധായകന്‍ എന്ന രീതിയില്‍ തമിഴ് പാട്ടുകള്‍ ചെയ്യുകയും അത് തമിഴ് പ്രേക്ഷകരിലേക്ക് സ്വീകാര്യമായി എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു വലിയ ചാലഞ്ച്... -ഹിഷാം അബ്ദുള്‍ വഹാബ്

മനുശിവന് 21 October 2026 06:45 AM
ഒരു മലയാളി സംഗീതസംവിധായകന്‍ എന്ന രീതിയില്‍ തമിഴ് പാട്ടുകള്‍ ചെയ്യുകയും അത് തമിഴ് പ്രേക്ഷകരിലേക്ക് സ്വീകാര്യമായി എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു വലിയ ചാലഞ്ച്... -ഹിഷാം അബ്ദുള്‍ വഹാബ്

Highlights

പ്രശസ്ത സംഗീതസംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് മനസ്സ് തുറന്നപ്പോള്‍....

 

തമിഴ് സിനിമയിലേക്കുള്ള എന്‍ട്രി എങ്ങനെയായിരുന്നു? അത് ചലഞ്ചിംഗ് ആയിരുന്നോ?

തമിഴ് സിനിമയിലേക്കുള്ള എന്‍ട്രി എന്നത് എന്നെ സംബന്ധിച്ച് തീര്‍ച്ചയായും ഒരു ചലഞ്ചിംഗ് ആയിരുന്നു. സത്യത്തില്‍ ഏതൊരു സിനിമയും നമുക്ക് എപ്പോഴും ചലഞ്ചിംഗ് ആണ്. ഏതൊരു സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്യുന്നതുപോലെയുള്ള അതേ ഒരു അപ്രോച്ചാണ് നമ്മള്‍ കൊടുക്കുന്നത്. 'വണ്‍സ് മോര്‍' എന്നെ സംബന്ധിച്ച് എന്‍റെ മ്യൂസിക്കല്‍ കരിയറിലെ വലിയൊരു നാഴികക്കല്ലാണ്. കാരണം അത് എന്‍റെ തമിഴിലേക്കുള്ള അരങ്ങേറ്റമായിരുന്നു.

'വണ്‍സ് മോര്‍' നിങ്ങള്‍ക്ക് ഇത്രയും പ്രധാനപ്പെട്ട സിനിമയാകാനുള്ള കാരണം എന്താണ്?

'വണ്‍സ് മോര്‍' എന്‍റെ തമിഴ് അരങ്ങേറ്റം എന്ന പ്രത്യേകതയുള്ള സിനിമയാണ്. ചില കാരണങ്ങളാല്‍ സിനിമയുടെ റിലീസ് ഡേയും പോസ്റ്റ്പോണ്‍ ആവുകയും ചെയ്തു. അതിനിടയില്‍ 'മാമന്‍' ചെയ്തു. അതിന് ശേഷമാണ് 'വണ്‍സ് മോര്‍' റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ എന്‍റെ മ്യൂസിക്കല്‍ കരിയറില്‍ ഒരു പ്രധാനപ്പെട്ട വഴിത്തിരിവാണ്.

അര്‍ജുന്‍ദാസ്, വിഘ്നേഷ് ശ്രീകാന്ത് തുടങ്ങിയവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എങ്ങനെയായിരുന്നു?

അര്‍ജുന്‍ദാസ്, മില്ല്യണ്‍ ഡോളര്‍ പിക്ച്ചേഴ്സ്, ഡയറക്ടര്‍ വിഘ്നേഷ് ശ്രീകാന്ത് എന്നിവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. വിഘ്നേഷ് ശ്രീകാന്ത് ബിജോയ് നമ്പ്യാരുടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു. അതുപോലെ ശങ്കര്‍ സാറിന്‍റെ മകള്‍ അതിഥി ശങ്കര്‍, സോനാ ഓലിക്കല്‍ ഉള്‍പ്പെടെ വളരെ നല്ലൊരു ക്രൂവിന്‍റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.

ഒരു മലയാളി സംഗീതസംവിധായകന്‍ എന്ന നിലയില്‍ തമിഴ് പാട്ടുകള്‍ ചെയ്യുമ്പോള്‍ നേരിട്ട ഏറ്റവും വലിയ ചാലഞ്ച് എന്തായിരുന്നു?

ഒരു മലയാളി സംഗീതസംവിധായകന്‍ എന്ന രീതിയില്‍ തമിഴ് പാട്ടുകള്‍ ചെയ്യുകയും അത് തമിഴ് പ്രേക്ഷകരിലേക്ക് സ്വീകാര്യമായി എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു വലിയ ചാലഞ്ച്. അങ്ങനെയാണ് 'വാ കണ്ണമ്മ' എന്ന സോങ് ആദ്യം ഇറങ്ങിയത്. അത് ആളുകളിലേക്ക് എത്തുകയും ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

'വാ കണ്ണമ്മ'യ്ക്ക് ലഭിച്ച സ്വീകാര്യത എങ്ങനെയാണ് കാണുന്നത്?

സിനിമകളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ആളുകള്‍ അയയ്ക്കുന്ന മെസ്സേജുകളിലൂടെയുമാണ് പ്രധാനമായും സ്വീകാര്യത അറിയാന്‍ സാധിക്കുന്നത്. ആളുകള്‍ പാട്ടുകളുടെ കവര്‍ പാടുകയും ഡാന്‍സ് കവര്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ അത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.

മനുശിവന്‍

Tags
Hesham Abdul Wahab