ഈ വര്‍ഷത്തെ ഓണം പുതിയ വീട്ടില്‍ അപ്പന്‍റെയും അമ്മയുടെയും ഭാര്യ ഗ്രേഷ്മയുടെയും മകള്‍ മിഴിയുടെയും കൂടെ ആഘോഷിച്ചപ്പോള്‍ ആ സന്തോഷത്തിന് അതിര്‍വരമ്പുകളില്ല... - ബിബിന്‍ ജോര്‍ജ്ജ്
Highlights
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്‍റെ ഈ വര്‍ഷത്തെ തിരുവോണം സമ്മാനിക്കുന്നത് വിശേഷപ്പെട്ട, വേറിട്ട..., മനസ്സ് നിറഞ്ഞ കുറെ സന്തോഷത്തിലൂടെയാണ്.
സ്വന്തമായി ഒരു ഭവനം പണിതെടുക്കുക, ആ വീട്ടില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നത് ഏതൊരാളുടെയും അഭിലാഷമാണല്ലോ. ബിബിന്‍ ജോര്‍ജ്ജ് ഇങ്ങനെ സ്വന്തമായി ഒരു വീട് വച്ചിട്ട് ഒരുവര്‍ഷം ആയി വരുന്നതേയുള്ളൂ. എന്നുപറഞ്ഞാല്‍ പുതിയ വീട്ടില്‍ താമസമാക്കിയതിനുശേഷമുള്ള ആദ്യത്തെ തിരുവോണമാണിത്.
മുന്‍പ് നോര്‍ത്ത് പറവൂരില്‍ മഞ്ഞുമ്മലിനടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു ബിബിന്‍റെ വീട്. പുതിയ വീടിന്‍റെ സ്ഥാനം എറണാകുളത്തുതന്നെ ചേരാനല്ലൂരിലാണ്. പുതിയ വീടിന് ബിബിന്‍ പുതിയ വീട്ടുപേരുമിട്ടു. 'എട്ടു തൈക്കല്‍ വിന്‍സന്‍റിന്‍റെ വീട്.'
ആ വീട്ടുപേരിനുണ്ടൊരു കൗതുകം. ഈ വീട്ടുപേരിന് ഒരു പുതുമയുണ്ടായല്ലോയെന്നും ഇങ്ങനെയൊരു വീട്ടുപേരിടാന്‍ കാരണമെന്തെന്നും ചോദിച്ചപ്പോള്‍ ബിബിന്‍ പറഞ്ഞു.
'എന്‍റെ അപ്പന്‍ ഒരു കല്‍പ്പണിക്കാരനായിരുന്നു. എന്നിട്ടും അപ്പന് അപ്പന്‍റെ ജീവിതത്തില്‍ സ്വന്തമായി ഒരു വീട് വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ അപ്പനുവേണ്ടിയും കൂടിപ്പണിത വീടിന് അപ്പന്‍റെ തന്നെ പേരിട്ടത് അതുകൊണ്ടാണ്.'
ബിബിന്‍ അത് പറയുമ്പോള്‍ പിതാവിനോടുള്ള വാത്സല്യം, സ്നേഹം, ആത്മനൊമ്പരം എല്ലാം നിറഞ്ഞുനിന്നു. ബിബിന്‍ ഈ വര്‍ഷത്തെ ഓണം പുതിയ വീട്ടില്‍ അപ്പന്‍റെയും അമ്മയുടെയും ഭാര്യ ഗ്രേഷ്മയുടെയും മകള്‍ മിഴിയുടെയും കൂടെ ആഘോഷിക്കുമ്പോള്‍ ആ സന്തോഷത്തിന് അതിര്‍വരമ്പുകളില്ല.
മറ്റൊരു കാര്യം കൂടി ബിബിന്‍ സൂചിപ്പിക്കുകയുണ്ടായി.
ആലുവായ്ക്കടുത്തുള്ള മുപ്പത്തടം എന്ന സ്ഥലത്ത് ബിബിന്‍ ഒരു ബിരിയാണി
ഷോപ്പ് തുടങ്ങിയിരുന്നു. 'ബിഗ് ബിരിയാണി' എന്നാണ് ഷോപ്പിന്‍റെ പേര്. ആ ഷോപ്പ് ആരംഭിച്ചിട്ടും ഈ ഓണം വരുമ്പോള്‍ ഒരു വര്‍ഷമാകുന്നതേയുള്ളൂ. അതും ഈ വര്‍ഷത്തെ ഓണക്കാലത്തെ സന്തോഷങ്ങളിലൊന്നാണെന്ന് ബിബിന്‍ പറഞ്ഞു.
ഈ വര്‍ത്തമാനങ്ങളെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു നാല് നടികള്‍. ശ്രുതി രജനികാന്ത്, രേണു സൗന്ദര്‍, അജിഷ പ്രഭാകര്‍, ശ്രുതിഭദ്ര എന്നിവര്‍. പുതിയ വീടിന്‍റെയും പുതിയ വീട്ടുപേരിന്‍റെയും കഥ കേട്ടപ്പോള്‍ അവര്‍ നാലുപേരും നാലുദിശയില്‍ നിന്നുകൊണ്ട് ബിബിനെ പ്രശംസിച്ചു. ധന്യമായ ആ നിമിഷങ്ങള്‍ ചിരിയുടേതായിരുന്നു. ബിബിന് ചുറ്റും ഓണപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കും പോലെ...
എറണാകുളത്ത് തൃക്കാക്കര ക്ഷേത്രത്തിന് തിരുവോണത്തിന്‍റെ ഐതിഹ്യകഥയില്‍ ഏറെ പ്രാധാന്യമുണ്ടല്ലോ. വാമനന്‍ പ്രതിഷ്ഠയായിട്ടുള്ള ഈ ക്ഷേത്രത്തില്‍ ഓണനാളില്‍ ബിപിന്‍ കൂട്ടുകാരുമൊത്ത് പോകുന്നത് പതിവാണ്. ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ പറ്റാത്തതുകൊണ്ട് പുറത്തുനിന്ന് പ്രാര്‍ത്ഥിക്കും. പിന്നെ, എന്‍റെ അടുത്ത ഒരു സ്നേഹിതന്‍ ഓണനാളില്‍ ഓണസദ്യ കഴിക്കാന്‍ വിളിക്കും. ഞങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്ലാ ഓണത്തിനും ആ കൂട്ടുകാരന്‍റെ വീട്ടില്‍ പോയി ഓണസദ്യ കഴിക്കും. പിന്നെ, മിമിക്രി പരിപാടികളോ, സ്റ്റേജ് ഷോയോ, റിയാലിറ്റി ഷോയോ ഒന്നും ഓണനാളില്‍ ഏറ്റെടുക്കാറില്ല. അന്നേദിവസം കുടുംബാംഗങ്ങളും ഒരുമിച്ച് വീട്ടില്‍ നില്‍ക്കാനാണിഷ്ടം. - ബിബിന്‍ ജോര്‍ജ്ജ് പറയുകയുണ്ടായി.
തയ്യാറാക്കിയത്
ജി. കൃഷ്ണന്‍
ഫോട്ടോ: വിശാന്ത് പി. വേണു