Thursday, 25 June 2026 | 01:46 AM

Interviews

ഒരു സൗഹൃദം സൂക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഇടയ്ക്ക് അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. പക്ഷേ എവിടെയും എനിക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല... -സംഗീതമോഹന്

ശരത് സുബ്രഹ്മണ്യന് 24 June 2026 08:32 AM
ഒരു സൗഹൃദം സൂക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഇടയ്ക്ക് അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. പക്ഷേ എവിടെയും എനിക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല... -സംഗീതമോഹന്

Highlights

അഭിനയിച്ച കഥാപാത്രങ്ങള്‍ നിലനില്‍ക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളില്‍ ഒരാളായ സംഗീതമോഹന്‍ 'നാന' യോടൊപ്പം...

 

ജ്വാലയായ് എന്ന സീരിയലിലെ സോഫി ആയാണ് ഇപ്പോഴും മലയാളികള്‍ സംഗീതയെ കാണുന്നത്?

വളരെ ശരിയാണത്. ഇപ്പോഴും പൊതുസ്ഥലത്ത് വച്ച് ആളുകള്‍ എന്നെ കാണുമ്പോള്‍ സോഫി എന്ന് എന്നെ വിളിക്കാറുണ്ട്. ഇനിയിപ്പോ ഏതെങ്കിലും സോഫിയെ ആണ് വിളിക്കുന്നത് എങ്കില്‍പ്പോലും ഞാന്‍ തിരിഞ്ഞുനോക്കാറുണ്ട്. അത്രത്തോളം ആ പേര് എന്നിലും രജിസ്റ്റര്‍ ആയിട്ടുണ്ട്. സോഫി എന്ന കഥാപാത്രം അത്രത്തോളം ആളുകളുടെ മനസ്സില്‍ ഉണ്ട് എന്നതിന്‍റെ തെളിവാണിത്. അന്നത്തെ കാലത്തൊക്കെ വളരെ കുറച്ചു ചാനലുകള്‍ അല്ലേ ഉണ്ടായിരുന്നുള്ളൂ. സീരിയലുകളും വളരെ പേരിന് മാത്രം. ജ്വാലയായ് സീരിയല്‍ ഒക്കെ അന്ന് ഹിറ്റായിരുന്നുവല്ലോ.

സംഗീത ഇപ്പോള്‍ അഭിനയിക്കുന്നുണ്ടോ?

ഞാന്‍ 2013 വരെ അഭിനയിച്ചിരുന്നു. ഇത്രയും വര്‍ഷത്തെ അഭിനയജീവിതം കൊണ്ട് എനിക്ക് എഴുതാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. കാരണം ഇതിനോടകം ഞാന്‍ ഒരുപാട് അധികം സ്ക്രിപ്റ്റുകള്‍ വായിച്ചിട്ടുണ്ടല്ലോ. പിന്നെ അഭിനയം മാത്രം വര്‍ഷങ്ങളോളം ചെയ്തതുകൊണ്ട് ചെറിയൊരു മടുപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് അതില്‍നിന്നും മാറിനിന്നു. ഞാന്‍ കവിതകള്‍ എഴുതാറുണ്ട്. അതിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ ടെലിവിഷനുവേണ്ടി എഴുതാന്‍ തുടങ്ങി. ടെലിവിഷന്‍ സ്ക്രിപ്റ്റിംഗ് എന്നുപറഞ്ഞാല്‍ വളരെയധികം വേറിട്ടതാണ്. എന്നാലും ഞാന്‍ എഴുതി നോക്കി. ആ സ്ക്രിപ്റ്റ് കൊണ്ട് ഞാന്‍ പല ചാനലുകളിലും കയറിയിറങ്ങി. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ, പലരും അത് വായിച്ചുനോക്കിയത് പോലുമില്ല. ഞാനൊരു അഭിനേത്രിയാണ്, എനിക്ക് അഭിനയിച്ചാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു ചിലരുടെ നിലപാട്. ഒടുവില്‍ ഞാന്‍ മഴവില്‍മനോരമയ്ക്ക് എന്‍റെ സ്ക്രിപ്റ്റ് അയക്കുകയുണ്ടായി. കഥ ഒക്കെ ആണെങ്കില്‍ സമീപിക്കൂ എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്. 

കുറച്ചുമാസങ്ങള്‍ക്കുശേഷം അവരുടെ പ്രോഗ്രാം ഹെഡ് എന്നെ വിളിച്ചു. സ്ക്രിപ്റ്റ് ഓക്കെയാണെന്ന് പറഞ്ഞു. അതിലേക്കായി ഒരു ഡയറക്ടറെയും ഒരു പ്രൊഡ്യൂസറെയും ഏല്‍പ്പിച്ചുതന്നു. അങ്ങനെയാണ് ആത്മസഖി എന്ന സീരിയല്‍ ഉണ്ടാകുന്നത്.

സ്ക്രിപ്റ്റുകള്‍ എന്തുകൊണ്ടാണ് പരിഗണിക്കപ്പെടാതിരുന്നത് എന്ന് പിന്നീട് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

എനിക്ക് അതിനെക്കുറിച്ച് നല്ല ധാരണയുണ്ട്. അടിസ്ഥാനപരമായി ടെലിവിഷന്‍ ഇന്‍ഡസ്ട്രി എന്നുപറയുന്നത് പുരുഷകേന്ദ്രീകൃതം തന്നെയാണ്. സിനിമയൊക്കെ കുറച്ചൊക്കെ ഇപ്പോള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ ടെലിവിഷന്‍ അങ്ങനെയല്ല, എനിക്ക് തോന്നുന്നത് ടെലിവിഷന്‍ സ്ക്രിപ്റ്റ് റൈറ്റിങ്ങില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉള്ളൂ എന്നുതോന്നുന്നു.

ജ്വാലയായ് എന്ന സീരിയലിലെ നല്ല ഓര്‍മ്മകള്‍...?

ഒന്നാമത്തെ കാര്യം ആ സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ ഫ്രഷ്ഫേസ് ആയിരുന്നു. അന്ന് പ്രീഡിഗ്രിക്ക് ആയിരുന്നു പഠിക്കുന്നത്. ഇന്നത്തെപ്പോലെ അന്ന് എല്ലാക്കാര്യത്തിലും ഭയങ്കര പ്രൊഫഷണല്‍ സമീപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഭയങ്കര ഹോംലി ഫീല്‍ ആയിരുന്നു. മമ്മൂക്കയുടെ കമ്പനിയായിരുന്നു പ്രൊഡക്ഷന്‍. പക്ഷേ അതുപോലും ഞാന്‍ മനസ്സില്‍ ആലോചിച്ചിരുന്നില്ല.

ആളുകളുടെ സ്നേഹത്തെ എങ്ങനെ ഓര്‍ക്കുന്നു?

ആളുകള്‍ക്ക് ഞാന്‍ ചെയ്ത കഥാപാത്രങ്ങളോട് വളരെയധികം സ്നേഹമുണ്ട്. വര്‍ഷങ്ങളായി എനിക്ക് ഗുഡ്മോണിങ്, ഗുഡ്നൈറ്റ് മെസ്സേജുകള്‍ അയക്കുന്ന ഒരു വ്യക്തിയുണ്ട്. ആ മെസ്സേജ് മാത്രമേ അദ്ദേഹം അയക്കൂ. ഗുഡ് മോണിംഗ് സോഫി എന്നാണ് പറയുക. ഞാന്‍ ചെയ്ത കഥാപാത്രം വച്ച് എന്നെ സ്നേഹിക്കുന്നു. സഞ്ജു എന്നാണ് അദ്ദേഹത്തിന്‍റെ പേര്. വളരെ മാന്യമായ പെരുമാറ്റം ആണ്. എത്രയോ വര്‍ഷങ്ങളായി എനിക്ക് മെസ്സേജ് അയയ്ക്കുന്ന ആള്‍ ആണ്.

വിവാഹം കഴിക്കുകയാണെങ്കില്‍ സംഗീതയെ മാത്രമേ കഴിക്കൂ എന്ന് പറഞ്ഞ് ഒരു പട്ടാമ്പിക്കാരന്‍ കാത്തിരുന്നത് ഓര്‍ക്കുന്നുണ്ടോ?

എനിക്ക് നല്ല ഓര്‍മ്മയുണ്ട്. പ്രദീപ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര് എന്നാണ് എന്‍റെ ഓര്‍മ്മ. ഒരു സൗഹൃദം സൂക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഇടയ്ക്ക് അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. പക്ഷേ എവിടെയും എനിക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല.

 

Tags
Sangeetha Mohan