എനിക്ക് പേരും പ്രശസ്തിയും സ്നേഹനിധികളായ ആരാധകരേയും തന്നെ എനിക്കിഷ്ടപ്പെട്ട പുരുഷനേയും തന്നാല്‍ ഞാന്‍ തമിഴ്നാട്ടില്‍തന്നെ വിവാഹം കഴിച്ച് സെറ്റിലായെന്നിരിക്കും... -അനുമോള്
Highlights
അനുമോള്‍ ആണിപ്പോള്‍ തമിഴകത്തെ താരം. ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ചെയ്ത വെബ് സീരീസായ 'ഹാര്‍ട്ട് ബീറ്റ്' ക്ലിക്ക് ആയതോടെ അതിലെ ഡോ. രാധയായ അനുമോളും വലിയ രീതിയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു...
ഗുരു സോമസുന്ദരത്തിനൊപ്പം അഭിനയിക്കുന്ന തമിഴ് സിനിമയുടെ ലൊക്കേഷനില്‍ വെച്ച് അനുമോളെ നാളുകള്‍ക്കുശേഷം കണ്ടപ്പോള്‍...
മലയാളത്തേക്കാള്‍ തമിഴില്‍ സമ്പന്നമായ ഒരു ആരാധകവൃന്ദം അനുമോള്‍ക്ക് ഉണ്ടല്ലോ?
ഞാന്‍ ആരാധകരുമായി നേരിട്ട് സംവദിക്കുന്ന ആളാണ്. വാട്ട്സപ്പ്, സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം ആരാധകര്‍ എന്നോട് ബന്ധപ്പെടുന്നു. അവരുടെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ കീഴടങ്ങി. എന്‍റെ ജന്മദിനത്തില്‍ ഒരു ആരാധിക നൂറുപേര്‍ക്ക് അന്നദാനം നല്‍കി. അതുകണ്ടിട്ട് മറ്റൊരു ആരാധിക അവര്‍ക്ക് കഴിയുംവിധം മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കി. ദിവസവും പത്തുപേരെങ്കിലും ഗ്രൂപ്പുകളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. മനുഷ്യനായിട്ട് ജനിച്ചാല്‍ മാത്രം പോരാ മറ്റുള്ളവരുടെ സന്തോഷത്തില്‍ നമ്മളും സന്തോഷിക്കുന്ന മനുഷ്യത്വമാണ് പ്രധാനം. എനിക്ക് ഇങ്ങനെ ഒരു മോട്ടിവേഷന്‍ നല്‍കാനായി എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ എപ്പോഴും ആരാധകരെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. തിരിച്ച് അവരും അങ്ങനെതന്നെ. അക്കാര്യത്തില്‍ ഞാന്‍ സമ്പന്നയാണ്.
ഈ തിരക്കിനിടയില്‍ വിവാഹം കഴിക്കാന്‍ മറക്കുമോ...? ആരും പ്രൊപ്പോസ് ചെയ്തിട്ടില്ലേ..?
ഇപ്പോള്‍ ഞാന്‍ എനിക്ക് വേണ്ടി ജീവിക്കുന്നു. എന്നെ ഞാന്‍ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. ആരാധകരുടെ സ്നേഹവും കെയറിങ്ങും കിട്ടുന്നുണ്ട്. ഇതിനപ്പുറം എന്തുവേണം..? ഞാന്‍ എന്നെ കെയര്‍ ചെയ്യുന്നതിനേക്കാള്‍ അധികം എന്നെ കെയര്‍ ചെയ്യുന്ന ഒരു പുരുഷനെ ഇതുവരെ കണ്ടുമുട്ടിയില്ല. അങ്ങനെ ഒരാളെ കണ്ടെത്തിയാല്‍ ആലോചിക്കാം. തുറന്നുപറയുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു 'അഫയര്‍' ഉണ്ടായിരുന്നു. എന്നാല്‍ അത് മാസങ്ങളോളം മാത്രമേ നീണ്ടുനിന്നുള്ളൂ. എന്‍റെ തമിഴ് ഫാന്‍സൊക്കെ എന്നോട് തമിഴ്നാട്ടില്‍ തന്നെ സെറ്റിലാവാന്‍ പറയുന്നുണ്ട്. എനിക്ക് പേരും പ്രശസ്തിയും സ്നേഹനിധികളായ ആരാധകരേയും തന്നെ എനിക്കിഷ്ടപ്പെട്ട പുരുഷനേയും തന്നാല്‍ ഞാന്‍ തമിഴ്നാട്ടില്‍തന്നെ വിവാഹം കഴിച്ച് സെറ്റിലായെന്നിരിക്കും. അപ്പോഴും അഭിനയം നിര്‍ത്തുകയില്ല.