Wednesday, 07 October 2026 | 09:38 PM

Top News

ബോളിവുഡിലേക്ക് ചുവടുവെച്ച് കല്യാണി പ്രിയദർശൻ; രൺവീർ സിംഗിന്റെ നായികയായി 'പ്രളയ്' ചിത്രീകരണത്തിന് തുടക്കം

Admin 02 October 2026 07:01 AM
ബോളിവുഡിലേക്ക് ചുവടുവെച്ച് കല്യാണി പ്രിയദർശൻ; രൺവീർ സിംഗിന്റെ നായികയായി 'പ്രളയ്' ചിത്രീകരണത്തിന് തുടക്കം

Highlights

രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദർശൻ. 

 

രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്' എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദർശൻ. ഡിസംബർ വരെ പ്രളയ്‌യുടെ ചിത്രീകരണം മുംബയ്‌യിലായതിനാൽ താരം അവിടേക്ക് താത്‌കാലികമായി താമസം മാറ്റിയിരിക്കുകയാണ്.

​ഒരു സോംബി ത്രില്ലറായി ഒരുങ്ങുന്ന പ്രളയ്‌യിൽ ആക്‌ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതിനാൽ കടുത്ത തയ്യാറെടുപ്പുകളും പരിശീലനവും താരത്തിന് ആവശ്യമുണ്ട്. ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

​ജയ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം ലണ്ടൻ പശ്ചാത്തലത്തിൽ ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ദീപിക പദുകോൺ ഗർഭിണിയായതിനാൽ ആവശ്യമായ പരിചരണം നൽകുന്നതിനായി രൺവീർ സിംഗിന്റെ താത്പര്യപ്രകാരം ചിത്രീകരണം മുംബയിലേക്ക് മാറ്റുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

​രൺവീർ സിംഗിന്റെ മാ കസം ഫിലിംസിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പ്രളയ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. അനന്യ ബിർളയുടെ ബിർള സ്റ്റുഡിയോസും ഹൻസൽ മേത്ത - സാഹിൽ സൈഗൽ എന്നിവരുടെ ട്രൂസ്റ്റോറി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധുരന്ദർ ഫ്രാഞ്ചൈസിയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം രൺവീർ സിംഗ് നായകനാകുന്ന ചിത്രം എന്ന നിലയിൽ പ്രളയ് സിനിമാലോകത്ത് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

​അതേസമയം, ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ലോക'യ്ക്ക് ശേഷം പാൻ ഇന്ത്യൻ താരമായി മാറിയ കല്യാണി പ്രിയദർശൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം വലിയ ചർച്ചയായിട്ടുണ്ട്. 'ലോക'യുടെ രണ്ടാം ഭാഗമാണ് മലയാളത്തിൽ കല്യാണിയുടെ അടുത്ത പ്രോജക്ട്. പുതുവർഷത്തിൽ 'ലോക 2' ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.


സുരേഷ് വണ്ടന്നൂർ

Tags
pralay kalyani priyadarshan ranveer singh