Wednesday, 07 October 2026 | 09:37 PM

Top News

കമല്‍ വസന്തം

സുരേഷ് വണ്ടന്നൂര് 05 October 2026 06:27 AM
കമല്‍ വസന്തം

Highlights

പുതിയ പ്രോജക്റ്റുകളെല്ലാം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

 

വിക്രം നായകനായ 'വീര ധീര ശൂരന്‍' എന്ന ചിത്രത്തിനുശേഷം പ്രശസ്ത സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍ പുതിയ സിനിമയിലേക്ക് കടക്കുന്നു. തമിഴകത്തിന്‍റെ ഉലകനായകന്‍ കമല്‍ഹാസനാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. കമല്‍ഹാസന്‍റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ തന്നെയാണ് ഈ പ്രോജക്റ്റും നിര്‍മ്മിക്കുന്നത്.

രജനി- കമല്‍ കൂട്ടുകെട്ടിനുശേഷം ചിത്രീകരണം

നീണ്ട 47 വര്‍ഷങ്ങള്‍ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷമായിരിക്കും എസ്.യു. അരുണ്‍കുമാര്‍ ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുക. നെല്‍സണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന കമല്‍-രജനി ചിത്രം നിര്‍മ്മിക്കുന്നത് രാജ്കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലും റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം മലയാളി ഛായാഗ്രാഹകനായ രാജീവ് മേനോനാണ്.

മാറ്റിവെച്ച അന്‍പറിവ് പ്രോജക്റ്റും പുതിയ നിര്‍മ്മാണസംരംഭങ്ങളും

അതേസമയം, പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ്(അന്‍പുമണി- അറിവുമണി) സംവിധാനം ചെയ്യാനിരുന്ന കമല്‍ഹാസന്‍ ചിത്രം ഇപ്പോള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളത്. രാജ്കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്.

കൂടാതെ, രജനികാന്ത് നായകനാകുന്ന 'ധര്‍മ്മന്‍' എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണ ചുമതലയും കമല്‍ഹാസനാണ്. അശ്വത് മാരി മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സിമ്രാന്‍, റാഷി ഖന്ന എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ രുക്മിണി വസന്തും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശ്രദ്ധേയനായ 

സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍

വിജയ് സേതുപതിയെ നായകനാക്കി ഒരുക്കിയ 'പന്നൈയാരും പദ്മിനിയും', 'സേതുപതി', 'സിന്ധുബാദ്'എന്നീ ചിത്രങ്ങളിലൂടെയും, സിദ്ധാര്‍ത്ഥ് പ്രധാന വേഷത്തിലെത്തി ഏറെ നിരൂപക പ്രശംസ നേടിയ 'ചിത്ത' എന്ന ചിത്രത്തിലൂടെയും തന്‍റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് എസ്.യു. അരുണ്‍കുമാര്‍. ഈ ചിത്രങ്ങളെല്ലാം തന്നെ വന്‍ വാണിജ്യ വിജയത്തോടൊപ്പം കലാമൂല്യംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

അതേസമയം, മണിരത്നം സംവിധാനം ചെയ്ത 'തഗ്ലൈഫ്'ആണ് ഒടുവില്‍ തീയേറ്ററുകളിലെത്തിയ കമല്‍ഹാസന്‍ ചിത്രം. മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം കമല്‍ഹാസനും മണിരത്നവും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നുവെങ്കിലും പ്രേക്ഷക പ്രതീക്ഷകള്‍ പൂര്‍ണ്ണമായും കാത്തുസൂക്ഷിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഇതിനുശേഷമെത്തുന്ന പുതിയ പ്രോജക്റ്റുകളെല്ലാം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

 

Tags
kamal haasan