Sunday, 26 July 2026 | 12:28 AM

Interviews

താരങ്ങളുടെ സിനിമകള്‍ അരങ്ങുവാണിരുന്ന മലയാളസിനിമ മേഖലയിലേയ്ക്ക് ഒച്ചയും ബഹളവും ഇല്ലാതെ സംഭവം എന്ന കൊച്ചുസിനിമയെ എത്തിച്ച്, ഇന്ന് അതിഗംഭീരസിനിമകളില്‍ ഒന്നായി അന്യഭാഷക്കാര്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന കലാസൃഷ്ടിയുടെ ക്രാഫ്റ്റ്മാന്‍... - ജിത്തു സതീശന്‍ മംഗലത്ത്

Admin 23 July 2026 08:14 AM
താരങ്ങളുടെ സിനിമകള്‍ അരങ്ങുവാണിരുന്ന മലയാളസിനിമ മേഖലയിലേയ്ക്ക് ഒച്ചയും ബഹളവും ഇല്ലാതെ സംഭവം എന്ന കൊച്ചുസിനിമയെ എത്തിച്ച്, ഇന്ന് അതിഗംഭീരസിനിമകളില്‍ ഒന്നായി അന്യഭാഷക്കാര്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന കലാസൃഷ്ടിയുടെ ക്രാഫ്റ്റ്മാന്‍... - ജിത്തു സതീശന്‍ മംഗലത്ത്

Highlights

വൈക്കം, ചെമ്പ് പഞ്ചായത്തിലെ മുറിഞ്ഞപുഴ എന്ന സ്ഥലത്ത്, ഉപയോഗശൂന്യമായ, കാല്‍ നടയ്ക്ക് മാത്രം ആളുകള്‍ സഞ്ചരിക്കുന്ന ഒരു പാലമുണ്ട്- ദി ഓള്‍ഡ് മുറിഞ്ഞപുഴ ബ്രിഡ്ജ്. നാനയുടെ ഇന്‍റര്‍വ്യൂ സംബന്ധിച്ച് 11 മണിയോടെ ടൂ വീലറില്‍ ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. നിലവില്‍, താരങ്ങളുടെ സിനിമകള്‍ അരങ്ങുവാണിരുന്ന മലയാളസിനിമ മേഖലയിലേയ്ക്ക് ഒച്ചയും ബഹളവും ഇല്ലാതെ സംഭവം എന്ന കൊച്ചുസിനിമയെ എത്തിച്ച്, ഇന്ന് അതിഗംഭീരസിനിമകളില്‍ ഒന്നായി അന്യഭാഷക്കാര്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന കലാസൃഷ്ടിയുടെ ക്രാഫ്റ്റ്മാന്‍- ജിത്തു സതീശന്‍ മംഗലത്ത്.

 

തുടക്കം

ചെറുപ്പത്തില്‍, ചെമ്പില്‍ തന്നെ ഒരു സിനിമാതിയേറ്ററിനടുത്ത് ഒരു അംഗനവാടിയില്‍ ആണ് പഠനം തുടങ്ങുന്നത്. വെള്ളിയാഴ്ചകളില്‍ പുതിയ സിനിമകളുടെ ശബ്ദവും, സിനിമയ്ക്ക് വേണ്ടി ഓടിക്കൂടുന്ന ആളുകളുടെ ആരവങ്ങളും കേട്ടാണ് പഠനം. അന്നുതൊട്ട് ഇന്നുവരെ, എല്ലാ വെള്ളിയാഴ്ചകളിലും ഞാന്‍ തിയറ്ററില്‍ പോകുന്നത് പതിവായി. നല്ല സിനിമയായാലും, മോശം ആയാലും, തിയേറ്ററിന്‍റെ ആംബിയന്‍സ്- അത് സന്തോഷം ആണ്. മറ്റൊന്നിനും എന്‍റെയുള്ളില്‍ ഇത്ര സന്തോഷം തന്നിട്ടില്ല. ഒരു ഫിനാന്‍സ് ഫീല്‍ഡില്‍ ജോലിക്ക് കയറി, ജീവിതം സെറ്റില്‍ ആക്കാനുള്ള ശ്രമം ഒക്കെ നടത്തി. പക്ഷേ, പൈസയ്ക്കും, ലൂപ് പോലെ കറങ്ങുന്ന യാന്ത്രികമായ ജീവിതത്തിനും ഇടയില്‍ എന്തോ ഒന്നിന്‍റെ കുറവ് എനിക്ക് അനുഭവപ്പെട്ടു. 

എന്താണ് എന്ന് മനസ്സിലായില്ല. ആദ്യം കരുതി തിയേറ്റര്‍ ഉടമ ആകാന്‍ ആണ് ആഗ്രഹം എന്ന്. പിന്നെ ഓര്‍ത്തു അഭിനയമാണ് ഭാവി എന്ന്. ചെറിയ ചില പരിപാടികളില്‍ അഭിനയിക്കാന്‍ ശ്രമിച്ചതോടെ മനസ്സിലായി. ആ പരിപാടി പരാജയം ആണെന്ന്. മിഡ്നൈറ്റ് ഷോ, ഡ്യൂറേഷന്‍ തുടങ്ങി ചില ഷോര്‍ട്ട്ഫിലിമുകളില്‍ എടുത്തു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, അത് അങ്ങനെ ഇഷ്ടപ്പെടുന്ന വലിയ ഒരു പരിപാടി ഒന്നും അല്ല. പക്ഷേ, അതെല്ലാം ഒരു പാഠം ആയിരുന്നു. വീണു വീണുപഠിച്ചു എന്നുപറയുന്നതുപോലെ, ആ ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന്, എന്താണ് എനിക്ക് അറിയാത്തത് എന്ന് മനസ്സിലായി. അറിയാത്തത് പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു.

നോളനും പ്രിയദര്‍ശനും ആണ് മാതൃക

എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് സംവിധായകര്‍ ആണ് നോളനും പ്രിയദര്‍ശനും. രണ്ടുപേരുടെയും എല്ലാ സിനിമകളും ഇതിനോടകം കണ്ടുകഴിഞ്ഞു. പ്രിയദര്‍ശന്‍ എന്ന സംവിധായകനോട് ചിലപ്പോഴൊക്കെ മാതൃക എന്നതില്‍ ഉപരി അസൂയ ആണ്. എല്ലാ രീതിയിലും, എല്ലാ കഥകളിലും ഉള്ള സിനിമകള്‍ അദ്ദേഹം ചെയ്തു എന്നത് ഞാന്‍ കൊതിയോടെ കാണുന്ന ഒന്നാണ്. ഒരു മള്‍ട്ടി ജോണര്‍ സംവിധായകന്‍ ആകുക എന്നത് ഉള്ളിന്‍റെയുള്ളില്‍ ഉണ്ട്. നോളന്‍ സിനിമകള്‍ ആണ് സംഭവത്തിലേക്ക് എന്നെ നയിച്ചത് എന്നുപറയാം. അദ്ദേഹത്തിന്‍റെ കഥകള്‍, അവ പറയുന്ന രീതി അവയെല്ലാം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.

സംഭവത്തിലേയ്ക്ക്

ടൈം ലൂപ്പ് പോലുള്ള, സയന്‍സ് ഫിക്ഷന്‍ പോലുള്ള സിനിമകള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ചിന്തയില്‍ നിന്നാണ് സംഭവം ഉണ്ടാകുന്നത്. കാള്‍, ട്രയാങ്കിള്‍പോലുള്ള സിനിമകള്‍ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. സംഭവം ആദ്യം ഷോര്‍ട്ട് ഫിലിം ആയിട്ടാണ് ചെയ്യുന്നത്. ആ ഷോര്‍ട്ട് ഫിലിം കണ്ടു പ്രൊഡ്യൂസര്‍ ഇങ്ങോട്ട് വരികയായിരുന്നു. അത് കഷ്ടപ്പാടിന്‍റെയും മാനിഫെസ്റ്റേഷന്‍റെയും ഫലം ആണ്. പാലക്കാട് ധോണിക്കാട്ടില്‍ 32 ദിവസത്തെ ഷൂട്ടാണ് ഉണ്ടായിരുന്നത്. ആദ്യപകുതി ഷോര്‍ട്ട് ഫിലിം തന്നെ ആയിരുന്നു.

ഒറ്റയ്ക്ക് വഴിവെട്ടിയ യാത്ര

ഒറ്റയ്ക്ക് വഴിവെട്ടി വന്നു എന്നൊക്കെ പറയുന്നത് രസമാണ്. പക്ഷേ ആ യാത്ര അത്ര രസകരം അല്ല. മുന്നിലോ, പിന്നിലോ ഉപദേശം തരാന്‍ പോലും ആരും ഉണ്ടായിട്ടില്ല. വഴികള്‍ തെറ്റാണ് എന്ന് അറിയുന്നത് പോയി നോക്കിയശേഷം മാത്രമാണ്. പല സമയത്തും ഒരു മെന്‍റര്‍ ഉണ്ടായിരുന്നു. എങ്കില്‍ എന്നൊക്കെ തോന്നിയിട്ടുണ്ട്. വലിയ അഭിനേതാക്കളുടെ മുന്നിലോ, പ്രൊഡക്ഷന്‍ ഹൗസുകളിലോ, ഒരു മറുപടി കിട്ടാന്‍ പോലും പ്രയാസമാണ്. 7 വര്‍ഷം എടുത്തു സംഭവത്തിലേയ്ക്ക് ഉള്ള യാത്ര. ജോലി ഇല്ല എന്നത് ഒരു പ്രശ്നം. സാമ്പത്തികം മറ്റൊന്ന്. കുടുംബം കൂടി ആയതോടെ ശരിക്കും ബുദ്ധിമുട്ടി. 

അച്ഛന്‍ കുടുംബത്തിന്‍റെ ചെലവും, ഭാര്യ ഭാര്യയുടെയും മകളുടെയും ചെലവ് നോക്കിക്കോളാം എന്ന വാക്ക് നല്‍കിയതോടെ ഞാന്‍ തുനിഞ്ഞിറങ്ങി. ആ ധൈര്യം അവര്‍ തന്നതിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. സ്വന്തം ചെലവിന് സ്വിഗ്ഗി ഡെലിവറി ബോയിയായി പോലും പോയിട്ടുണ്ട്. പലരും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഞാന്‍ എന്‍റെ തീരുമാനം മാറ്റിയില്ല. എന്തായാലും ഇറങ്ങി തുനിഞ്ഞു. ഒന്നുകില്‍ ചെയ്യുക, അല്ലെങ്കില്‍ മരിക്കുക എന്നതായിരുന്നു ഏതൊരു വിപ്ലവകാരിയെയും പോലെ എന്‍റെയും മുദ്രാവാക്യം. തോറ്റുകൊടുക്കാന്‍ മനസ്സ് സമ്മതിച്ചില്ല.

Tags
Jithu Satheesan Mangalathu Sambhavam Adhyayam Onnu