Tuesday, 23 June 2026 | 11:49 PM

Latest

ശങ്കർ സംവിധാനം ചെയ്യാനിരുന്ന 'വേൽപാരി' സിനിമ മുടങ്ങിയോ?

05 May 2026 12:30 PM
ശങ്കർ സംവിധാനം ചെയ്യാനിരുന്ന 'വേൽപാരി' സിനിമ മുടങ്ങിയോ?

 

തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ അടുത്ത്,  എഴുത്തുകാരനും,  മധുര എം.പി.യു.മായ പി.യുമായ വെങ്കിടേശൻ എഴുതിയ 'വീരയുഗ നായകൻ വേൽപാരി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഒരുക്കാൻ പോകുന്നത് എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നല്ലോ! തമിഴ്‌നാട് ഭരിച്ചിരുന്ന മൂന്ന് ചേര, ചോള, പാണ്ഡ്യ രാജാക്കന്മാർക്കെതിരെ നടത്തിയ യുദ്ധമാണ് ഈ നോവലിന്റെ കഥ. 

എന്നാൽ ചിത്രം എപ്പോൾ തുടങ്ങുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ശങ്കറിന്റെ സംവിധാനത്തിൽ തമിഴിൽ പുറത്തിറങ്ങിയ 'ഇന്ത്യൻ-2' തെലുങ്കിൽ പുറത്തിറങ്ങിയ 'ഗെയിം ചേഞ്ചർ' എന്നീ ചിത്രങ്ങൾ  വൻ പരാജയമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ശങ്കർ തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. പകുതി ചിത്രീകരണം  കഴിഞ്ഞ  'ഇന്ത്യൻ-3' യുടെ സ്ഥിതിയും അജ്ഞാതമാണ്. 

ശങ്കർ ഏകദേശം 1000 കോടി ബഡ്ജറ്റിൽ ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്ന 'വേൽപാരി' ചിത്രം നിർമ്മിക്കാൻ ഒരു നിർമ്മാണ കമ്പനിയും വരാത്തതാണ് ശങ്കറിന്റെ മൗനത്തിന് കാരണം എന്നാണ്  പറയപ്പെടുന്നത്. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ 'വേൽപാരി' ചിത്രത്തെക്കുറിച്ച് പല വാർത്തകളും പ്രചരിക്കുന്നുണ്ട്.

ചിത്രം നിർമ്മിക്കാൻ ഒരു നിർമ്മാണ കമ്പനി മുന്നോട്ട് വന്നിട്ടുണ്ടെന്നും, ചിത്രത്തിന്റെ ശരിയായ ബഡ്ജറ്റ്, ശരിയായ ഷൂട്ടിങ്ങ് തീയതികൾ, അതിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ശങ്കറിന്റെ പക്ഷം ഉറപ്പ് നൽകണമെന്ന വ്യവസ്ഥ മുന്നോട്ട് വച്ചിരിക്കുന്നതിനാൽ ഇത് സംബന്ധമായുള്ള  ചർച്ചകൾ നടക്കുകയാണ് എന്നാണ് പറയപ്പെടുന്നത്.

ഇപ്പോൾ നടക്കുന്ന ചർച്ചകൾ പുരോഗമിച്ച് അത്  വിജയിക്കുകയാണെങ്കിൽ അടുത്ത് തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങിനെയെങ്കിൽ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുങ്ങുമെന്നും പറയപ്പെടുന്നുണ്ട്.

Tags
velpari director shankar