Wednesday, 10 June 2026 | 11:21 AM

Interviews

'കാന്താര' നല്‍കിയ വിജയം -രുഗ്മിണി വസന്ത്

അജയ്കുമാര്‍ 05 May 2026 12:30 PM
'കാന്താര' നല്‍കിയ വിജയം -രുഗ്മിണി വസന്ത്

 

'കാന്താരാ ചാപ്റ്റര്‍ 1' ന്‍റെ മഹാവിജയം രുഗ്മിണി വസന്തിനെ, ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ 'മോസ്റ്റ് വാണ്ടഡ് ഹീറോയിന്‍' ആക്കിയിരിക്കയാണ്. കന്നട സിനിമയിലൂടെ അരങ്ങേറ്റം നടത്തി തമിഴ്- തെലുങ്ക് ചലച്ചിത്രവേദിയിലൂടെ പ്രശസ്തി നേടിയ നായികാതാരമാണ് രുഗ്മിണി.

മിഴില്‍ വിജയ് സേതുപതിയ്ക്കൊപ്പം 'ഏസ്', ശിവകാര്‍ത്തികേയന്‍-മുരുകദാസ് ടീമിന്‍റെ 'മദ്രാസി' എന്നീ സിനിമകളില്‍ നായികയായെങ്കിലും ആ സിനിമകളൊന്നും ബോക്സോഫീസില്‍ കോളിളക്കം സൃഷ്ടിക്കാത്തതുകൊണ്ട് തമിഴില്‍ പ്രതീക്ഷിച്ച ഒരു തരംഗം രുഗ്മിണി വസന്തിന് ഉണ്ടായില്ല. അതേസമയം താരം പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് വമ്പന്‍ കന്നട സിനിമകള്‍ പക്കലുണ്ടായിരുന്നു. യഷിനൊപ്പം അഭിനയിച്ച 'ടോക്സിക്', ഋഷഭ് ഷെട്ടിക്കൊപ്പം അഭിനയിച്ച 'കാന്താര ചാപ്റ്റര്‍ 1' എന്നിവയായിരുന്നു അവ. ഇതില്‍ 'കാന്താര ചാപ്റ്റര്‍ 1' കഴിഞ്ഞ ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയതോടെ ആഗോളതലത്തില്‍ തന്നെ ചരിത്രവിജയം നേടിയ ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ ഭാഗ്യതാരവും ശ്രദ്ധാകേന്ദ്രവുമായിരിക്കയാണ് രുഗ്മിണി വസന്ത്. അടുത്തിടെ താരത്തെ രണ്ടാമതൊരു വട്ടംകൂടി കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു.

'കാന്താരാ ചാപ്റ്റര്‍ 1' ഇത്ര വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നോ...?

വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്രവലിയ മഹാവിജയം വിശ്വസിക്കാനാവുന്നില്ല. എല്ലാ ക്രെഡിറ്റും ഋഷഭ് ഷെട്ടി സാറിന് അവകാശപ്പെട്ടതാണ്. അദ്ദേഹം ഇത്രത്തോളം ബ്രഹ്മാണ്ഡമായി ചിത്രീകരിച്ചതും നിര്‍മ്മിച്ചതും അവിശ്വസനീയമായി തോന്നുന്നു. അദ്ദേഹം തന്നെ സംവിധാനം ചെയ്ത് അഭിനയിച്ചു. അദ്ദേഹത്തിന്‍റെ ഡെഡിക്കേഷനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ദൈവത്തിന് നന്ദി.

വാള്‍പ്പയറ്റ് സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ എന്ത് തോന്നി...?

അത്ഭുതം... ഞങ്ങള്‍ ഒറിജിനല്‍ ആയുധങ്ങളാണ് ഉപയോഗിച്ചത്. കൂര്‍ത്ത മുനയുള്ളവ ആയിരുന്നില്ല എന്നത് ആശ്വാസം. ഞാന്‍ അത്ര ശക്തിയോ മനോബലമോ ഉള്ളയാളല്ല എന്നതിനാല്‍ അത് എനിക്ക് പുതിയ അനുഭവം തന്നെയായിരുന്നു. ഷൂട്ടിംഗിനിടെ ധാരാളം കാര്യങ്ങള്‍ പഠിച്ചു. നായികമാര്‍ പൊതുവേ സുന്ദരമായ മുഖമുള്ള ഒരേപോലെയുള്ളവരായിരിക്കും. എന്നാല്‍ കാന്താരയില്‍ എനിക്ക് ഒരുപാട് ആക്ഷന്‍ ചെയ്യേണ്ടതുണ്ടായിരുന്നു. അത് റിയലിസ്റ്റിക്കായി തന്നെ ചെയ്യണമായിരുന്നു.

നിങ്ങളുടെ ചിരിയാണ് ആരാധകരെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. രുഗ്മിണിയിലെ രുഗ്മിണിക്ക് ഇഷ്ടപ്പെട്ട വിഷയം എന്താണ്?

അങ്ങനെ പ്രത്യേകിച്ചൊന്നും ഉള്ളതായി തോന്നുന്നില്ല. എന്നാല്‍ എന്നിലെ സിനിമയോടുള്ള അഭിനിവേശമാണ് എനിക്ക് എന്നില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. ഐ മീന്‍ എന്‍റെ പാഷന്‍. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

സിനിമാജീവിതത്തിനപ്പുറം യഥാര്‍ത്ഥ ജീവിതത്തില്‍ രുഗ്മിണി വസന്ത് എങ്ങനെയുള്ള ആളാണ്?

ഞാന്‍ എത്തരക്കാരിയാണ് എന്ന് ഞാനും നിങ്ങളെപ്പോലെ അറിയാന്‍ ശ്രമിക്കുകയാണ്. സിനിമയില്‍ അഭിനയിക്കുന്ന പോലത്തെ വെകിളിയൊന്നുമല്ല. എന്നാല്‍ എപ്പോഴും നിഷ്ക്കളങ്കയായിരിക്കാനുമാവില്ല. എല്ലാ കാര്യത്തേയും ശ്രദ്ധാപൂര്‍വ്വം സമീപിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങളെ പെട്ടെന്ന് കബളിപ്പിക്കാന്‍ പറ്റിയ വിഷയം?

ഒട്ടനവധിയുണ്ട്... എല്ലാവരേയും പെട്ടെന്ന് തന്നെ അന്ധമായി വിശ്വസിക്കും. എന്‍റേത് വളരെ ലോലമായ മനസ്സാണ്. അതുകൊണ്ട് ഒട്ടേറെ ചതികളെ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ആ മനസ്സിനെ മാറ്റാനുള്ള ശ്രമത്തിലാണ്. ബോള്‍ഡാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്.

നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍...?

എനിക്ക് പ്രണയകഥകള്‍ ഇഷ്ടമാണ്. സിനിമയില്‍ ആരാധകര്‍ കൊണ്ടാടുന്ന പ്രണയകഥകള്‍ ഒട്ടനവധിയുണ്ട്. അതിനെ മനോഹരമായി ചിത്രീകരിക്കുന്ന സംവിധായകരും നമുക്കുണ്ട്. എനിക്കും കാലങ്ങളെ അതിജീവിച്ചു നില്‍ക്കുന്ന ഒരു പ്രണയ കഥാചിത്രത്തില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്.

നിങ്ങള്‍ സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍...?

എനിക്ക് കൊച്ചുകുട്ടികളെ വളരെയധികം ഇഷ്ടമാണ്. ഒരുപക്ഷേ സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാനൊരു ുഹമ്യ രെവീീഹ ടീച്ചറായേനെ.

ടോക്സിക്, കാന്താര ചാപ്റ്റര്‍ 1 എന്നീ സിനിമകളിലൂടെ, വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ നിങ്ങള്‍ 'പാന്‍ ഇന്‍ഡ്യന്‍' നായികയായതിനെ എങ്ങനെ കാണുന്നു...?

ടോക്സിക്കിനെക്കുറിച്ച് എനിക്കിപ്പോള്‍ ഒന്നും വെളിപ്പെടുത്തുവാനുള്ള അനുവാദമില്ല. 'കാന്താര' എന്‍റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയാണ്. ഒരു നടി എന്ന നിലയില്‍ എനിക്ക് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഇതില്‍ കിട്ടിയിരിക്കുന്നത്. വിശ്വസിച്ച് ഈ കഥാപാത്രം നല്‍കിയ ഋഷഭ് സാറിന് പ്രത്യേകം നന്ദി. 'പാന്‍ ഇന്‍ഡ്യ' എന്നൊന്നുമില്ല, ഓരോ ആരാധകര്‍ക്കും എല്ലാ ഭാഷാചിത്രങ്ങളും കാണുവാനുള്ള അവസരം ഈ കാലഘട്ടത്തില്‍ കിട്ടിയിട്ടുണ്ട്. ആ രീതിയില്‍ നോക്കുമ്പോള്‍ എല്ലാ സിനിമകളും പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ തന്നെ.

സിനിമയില്‍ അഭിനയിക്കുന്നതിന് എന്തെങ്കിലും അതിര്‍വരമ്പുകള്‍ രുഗ്മിണിക്കുണ്ടോ..?

ഞാന്‍ അത്തരത്തിലുള്ള അതിര്‍ത്തികളൊന്നും തിരിച്ചിട്ടില്ല. ചിലര്‍ ലിപ്ലോക്ക് കിസ്സിംഗ് സീനില്‍ അഭിനയിക്കാറില്ല. ചിലര്‍ വളരെ ഇഴുകിച്ചേര്‍ന്ന് ഇന്‍റിമസിയായി അഭിനയിക്കില്ല. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് അത് വേണോ അല്ലയോ എന്ന് നോക്കണം. ആവശ്യമെങ്കില്‍ അങ്ങനെ അഭിനയിക്കുന്നതില്‍ തെറ്റില്ല.

എന്തടിസ്ഥാനത്തിലാണ്, ഏത് മാനദണ്ഡത്തിലാണ് നിങ്ങള്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്?

ഒട്ടേറെ ഘടകങ്ങളുണ്ട്. കഥ വളരെ പ്രധാനമാണ്. എന്‍റെ കഥാപാത്രം നല്ലതായിരിക്കണം. അതേസമയം സിനിമയുടെ മൊത്തം കഥയും നല്ലതാണോ എന്നും നോക്കണം. ആദ്യപരിഗണന ഇത്തരം കാര്യങ്ങള്‍ക്ക്. പിന്നെ നിര്‍മ്മാണ കമ്പനി, ടെക്നീഷ്യന്‍സ് എന്നിവര്‍ നല്ലതാണോ എന്ന് നോക്കും. മേല്‍പ്പറഞ്ഞവയെ അടിസ്ഥാനമാക്കി അഭിനയിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കും.

ഒരാള്‍ക്ക് രുഗ്മിണിയോട് 'ഐ ലവ് യു' പറയണമെങ്കില്‍ അയാള്‍ക്കുവേണ്ട യോഗ്യത എന്താണ്..?

യോഗ്യതയൊന്നും വേണ്ട.. അയാള്‍ നല്ല ആളായിരിക്കണം.

നിങ്ങള്‍ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ..?

ഞാന്‍ ജീവിതത്തെ പ്രണയിക്കുന്നു.
 

Tags
Kanthara rukmini vasantha Rishab Shetty