Wednesday, 25 November 2026 | 07:12 AM

Interviews

ജോജുജോര്‍ജ്ജ് എന്ന കരുത്ത്... -Safar Sanal

ബിന്ദു പി.പി 25 November 2026 06:53 AM
ജോജുജോര്‍ജ്ജ് എന്ന കരുത്ത്... -Safar Sanal

Highlights

ഈ ചിത്രത്തിന്‍റെ തുടക്കം മുതല്‍ പിന്നില്‍ നിന്ന ഏറ്റവും വലിയ ശക്തി ജോജുച്ചേട്ടനാണ്. ഒരു നടന്‍ എന്നതിലുപരി സിനിമ നിര്‍മ്മാണത്തിന്‍റെ പ്രായോഗിക വശങ്ങളെക്കുറിച്ച് അഗാധമായ ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. സ്ക്രിപ്റ്റിങ് ഘട്ടത്തില്‍ നമ്മള്‍ പലപ്പോഴും ഭാവനകളില്‍ കാടുകയറിപോകും. എന്നാല്‍ അതിനെയെല്ലാം സിനിമയുടെ യഥാര്‍ത്ഥ പ്രൊഡക്ഷന്‍ സൈറ്റിലേക്ക് ഇണക്കിച്ചേര്‍ക്കാന്‍ ജോജുച്ചേട്ടന്‍റെ ഇടപെടലുകള്‍ വലിയ പങ്കുവഹിച്ചു.

നമ്മുടെയെല്ലാം ഉള്ളിലുള്ള ഒരു 'ഒരു ആശ'

ആശ എന്നത് ഒരു സ്ത്രീയായിട്ടോ അമ്മയായിട്ടോ മാത്രം ചുരുക്കിക്കാണേണ്ട ഒന്നല്ല, സമൂഹത്തില്‍ നാം കാണുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെയും സ്വഭാവ സവിശേഷതകളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത ഒരു കൂടിച്ചേരലാണത്. സിനിമ കണ്ട പല പെണ്‍കുട്ടികളും അവരുടെ സ്വന്തം അമ്മമാരെയും വീടുകളില്‍ നടക്കുന്ന സന്ദര്‍ഭങ്ങളെയും ആശയില്‍ കണ്ടതായി പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.

സിനിമകളില്‍ കാലങ്ങളായി കണ്ടുശീലിച്ച പെര്‍ഫെക്റ്റായ, തന്മയത്വമുള്ള ഒരു നായികയല്ല ആശ. അവള്‍ക്ക് ഒരുപാട് കുറവുകളുണ്ട്. വിചിത്രമായ പെരുമാറ്റ രീതികളുണ്ട്. അതോടൊപ്പം തീര്‍ത്തും സ്വതന്ത്രമായ വ്യക്തിത്വവുമുണ്ട്. മകളോടുള്ള അവരുടെ സമീപനം പോലും പലപ്പോഴും പാരമ്പര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷമാണ്. കഥാപാത്രത്തിന് കൃത്യമായ ഒരു ബാക്ക് സ്റ്റോറി ഞങ്ങള്‍ മനപ്പൂര്‍വ്വം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുവെച്ചില്ല. ആ ഭൂതകാലം ആശയ്ക്ക് മാത്രമേ അറിയൂ. അതുകൊണ്ടുതന്നെ അവരുടെ പ്രതികരണങ്ങള്‍ പ്രവചനാതീതമായി മാറി.

ജോജുജോര്‍ജ്ജ് എന്ന കരുത്ത്

ഈ ചിത്രത്തിന്‍റെ തുടക്കം മുതല്‍ പിന്നില്‍ നിന്ന ഏറ്റവും വലിയ ശക്തി ജോജുച്ചേട്ടനാണ്. ഒരു നടന്‍ എന്നതിലുപരി സിനിമ നിര്‍മ്മാണത്തിന്‍റെ പ്രായോഗിക വശങ്ങളെക്കുറിച്ച് അഗാധമായ ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. സ്ക്രിപ്റ്റിങ് ഘട്ടത്തില്‍ നമ്മള്‍ പലപ്പോഴും ഭാവനകളില്‍ കാടുകയറിപോകും. എന്നാല്‍ അതിനെയെല്ലാം സിനിമയുടെ യഥാര്‍ത്ഥ പ്രൊഡക്ഷന്‍ സൈറ്റിലേക്ക് ഇണക്കിച്ചേര്‍ക്കാന്‍ ജോജുച്ചേട്ടന്‍റെ ഇടപെടലുകള്‍ വലിയ പങ്കുവഹിച്ചു.

എഴുതാന്‍ അധികം സമയമെടുക്കാതെ നിരന്തരമായ ചര്‍ച്ചകളിലൂടെയാണ് തിരക്കഥ വികസിപ്പിച്ചെടുത്തത്. സ്റ്റീരിയോടൈപ്പുകളെയും സ്ഥിരം ടെംപ്ലേറ്റുകളെയും തച്ചുടച്ച് പുതിയൊരു സിനിമാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കണം എന്ന ആഗ്രഹമായിരുന്നു ഞങ്ങള്‍ മൂവര്‍ക്കും ഉണ്ടായിരുന്നത്.

സാങ്കേതികമികവും ആത്മാവ് തൊട്ട സംഗീതവും

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ അതിഗംഭീരമായ സാങ്കേതിക നിരയാണ്. മധു നീലകണ്ഠന്‍റെ ക്യാമറാവര്‍ക്ക് തികച്ചും ഓര്‍ഗാനിക് ആയിരുന്നു. കൃത്രിമമായ ക്യാമറ ഗിമ്മിക്കുകളിലേക്ക് പോകാതെ, കഥാപാത്രങ്ങളുടെ സൂക്ഷ്മമായ വികാരങ്ങളെയും മുഖഭാവങ്ങളെയും ഒപ്പിയെടുക്കുകയാണ് മധുച്ചേട്ടന്‍ ചെയ്തത്. ലൊക്കേഷനിലെ പരിമിതികളെയും അഭിനേതാക്കളുടെ മൂവ്മെന്‍റുകളെയും മുന്‍നിര്‍ത്തി ഓണ്‍-സ്പോട്ട് പ്ലാനിങ്ങിലൂടെയാണ് പല ഷോട്ടുകളും കമ്പോസ് ചെയ്തത്.

ഗോവിന്ദ് വസന്തയുടെ സംഗീതവും സിനിമയ്ക്ക് വലിയ ജീവന്‍ നല്‍കി. ഇത്തരം സബ്ജക്റ്റുകളില്‍ പശ്ചാത്തലസംഗീതം ഓവര്‍ഡ്രാമാറ്റിക് ആകാന്‍ പാടില്ലെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു.  സിനിമയുടെ ഇമോഷണല്‍ ഗ്രാഫിനെ ഒരു ഡ്രോണ്‍ മ്യൂസിക് പോലെ താങ്ങിനിര്‍ത്തുന്ന രീതിയിലാണ് ഗോവിന്ദ് സംഗീതമൊരുക്കിയത്.

ഷാന്‍ മുഹമ്മദിന്‍റെ ഷാര്‍പ്പായ എഡിറ്റിംഗും അജയന്‍ അടാട്ടിന്‍റെ ശബ്ദവിന്യാസവും എടുത്തുപറയേണ്ടതാണ്. സിങ്ക് സൗണ്ടില്‍ ചെയ്തതുകൊണ്ടുതന്നെ ആശയുടെ കാഴ്ചപ്പാടിലൂടെയും മാനസികാവസ്ഥയിലൂടെയും ഒരു സൗണ്ട്സ്കേപ്പ് പടുത്തുയര്‍ത്താന്‍ അജയന്‍ ചേട്ടന് സാധിച്ചു. അജയന്‍ ചേട്ടന്‍ ഇതില്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രേക്ഷകര്‍ നമ്മളെക്കാള്‍ ഏറെ ഉയരത്തിലാണ്

സ്റ്റാര്‍ഡ്രിവന്‍ സിനിമകളില്‍ നിന്ന് കണ്ടെന്‍റ് ഡ്രിവന്‍ സിനിമകളിലേക്ക് മലയാളി പ്രേക്ഷകര്‍ അതിവേഗം ചുവടുമാറുന്ന കാലഘട്ടമാണിത്. എന്നിരുന്നാലും പരമ്പരാഗത സദാചാരബോധത്തിന്‍റെ കണ്ണിലൂടെ നോക്കുന്ന ഒരു സമൂഹത്തില്‍ ആശയെപ്പോലൊരു കഥാപാത്രത്തെ പ്രേക്ഷകന്‍ എങ്ങനെ സ്വീകരിക്കും എന്ന ചെറിയ ആശങ്ക മനസ്സിലുണ്ടായിരുന്നു.

എന്നാല്‍ സിനിമ റിലിസായതോടെ ആ ആശങ്കകളെല്ലാം അസ്ഥാനത്തായി. ശരിയും തെറ്റും ഇന്നതാണെന്ന് അടിച്ചേല്‍പ്പിക്കാതെ, ഓപ്പണ്‍ എന്‍ഡിങ്ങില്‍ തുറന്നുവിട്ട ക്ലൈമാക്സിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആളുകള്‍ തിയേറ്റര്‍ വിട്ടിറങ്ങിയ ശേഷവും ഈ സിനിമയെയും കഥാപാത്രങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അത് സിനിമയുടെ വലിയ വിജയമാണ്. മലയാള സിനിമ ആസ്വാദകര്‍ നമ്മള്‍ ചിന്തിക്കുന്നതിനെക്കാള്‍ എത്രയോ പക്വതയുള്ളവരും സെന്‍സിബിളുമാണ് എന്ന വലിയ കോണ്‍ഫിഡന്‍സാണ് ആശ നല്‍കുന്നത്.

Tags
safar sanal asha joju george