Sunday, 26 July 2026 | 02:02 AM

Exclusive

നിങ്ങള്‍ സെക്സിയായഭിനയിച്ച 'കാക്കിച്ചട്ടൈയും ' മുണ്ടും നേര്യതും ധരിച്ച് തനി കേരളീയ സ്ത്രീയായി അഭിനയിച്ച 'ഒരു കുടക്കീഴിലും' അടുത്തടുത്ത തീയേറ്ററുകളില്‍ കളിച്ചപ്പോള്‍ 'കുടക്കീഴില്‍' കാണാന്‍ കാണികള്‍ കുറവായിരുന്നു. എന്താണ് കാരണം? അതിന് മാധവിയുടെ മറുപടി ഇതായിരുന്നു...

എന്‍.ടി. സതീഷ് 09 July 2026 07:14 AM
നിങ്ങള്‍ സെക്സിയായഭിനയിച്ച 'കാക്കിച്ചട്ടൈയും ' മുണ്ടും നേര്യതും ധരിച്ച്  തനി കേരളീയ സ്ത്രീയായി  അഭിനയിച്ച  'ഒരു കുടക്കീഴിലും' അടുത്തടുത്ത  തീയേറ്ററുകളില്‍ കളിച്ചപ്പോള്‍ 'കുടക്കീഴില്‍' കാണാന്‍  കാണികള്‍ കുറവായിരുന്നു. എന്താണ് കാരണം?  അതിന് മാധവിയുടെ മറുപടി ഇതായിരുന്നു...

Highlights

തമിഴില്‍ കമലഹാസനോടൊപ്പം രാജപാര്‍വ്വൈ, ടിക്ടിക്ടിക്, കാക്കിച്ചട്ടൈ, ചട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മാധവി നായികയായി അഭിനയിച്ചു. ടിക് ടിക് ടിക്, കാക്കിച്ചട്ടൈ ചിത്രങ്ങളില്‍ അതീവഗ്ലാമറസ്സായി ഇഴുകിച്ചേര്‍ന്നാണ് മാധവി അഭിനയിച്ചത്. അതേപ്പറ്റി മഹാലിംഗപുരത്തെ വീട്ടില്‍ വച്ച് നടന്ന അഭിമുഖത്തില്‍ നാന ഇങ്ങനൊരു ചോദ്യം ചോദിച്ചിരുന്നു. ആ ചോദ്യം ഇതാണ്

നകവിജയലക്ഷ്മി എന്ന മാധവിയെ മലയാള സിനിമാപ്രേക്ഷകര്‍ ഓര്‍ക്കുമ്പോള്‍ പ്രധാനമായും മനസ്സിലേയ്ക്കെത്തുക മൂന്ന് ചിത്രങ്ങളായിരിക്കും. അതില്‍ ആദ്യത്തേത് സിബിമലയില്‍ സംവിധാനം ചെയ്ത ആകാശദൂതാണ്. മൂന്ന് കുട്ടികളുള്ള ലുക്കേമിയ ബാധിച്ച ഒരു വീട്ടമ്മയുടെ സങ്കടക്കടല്‍ കാണികള്‍ കണ്ണീര്‍മഴയായി തിയേറ്ററുകളില്‍ വര്‍ഷിച്ച ചിത്രമാണത്. 

മറ്റൊന്ന് എം.ടി- ഹരിഹരന്‍ ടീമൊരുക്കിയ ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയാണ്. ചന്തുവിനോട് ഗൂഢാനുരാഗം തുടരവേതന്നെ കുഞ്ഞിരാമനെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കേണ്ടി വന്ന വീരനായികയുടെ മാനസികവ്യഥകളാണ് അതില്‍ മാധവി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ രസതന്തു. മൂന്നാമത്തെ ചിത്രം ജോണ്‍പോളിന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1982 ല്‍ റിലീസ് ചെയ്ത ഓര്‍മ്മയ്ക്കായ് ആണ്. 

ജയില്‍മോചിതയായ സൂസന്ന തന്‍റെ നഷ്ടപ്പെട്ട മകളെത്തേടി നടത്തുന്ന അന്വേഷണമാണ് അതിലെ ഇതിവൃത്തം. ആ സഞ്ചാരത്തിനിടയില്‍ അവള്‍ ഊമയായ ഒരാളെ പരിചയപ്പെടുകയും അവര്‍ തമ്മിലുള്ള മൗനാനുരാഗവുമെല്ലാം ചിത്രത്തിന്‍റെ അടിയൊഴുക്കായി മാറുന്നു. അതില്‍ നായകവേഷം ചെയ്തത് ഗോപി ആയിരുന്നു. ആ ചിത്രങ്ങള്‍ കൂടാതെ പി. പത്മരാജന്‍റെ നൊമ്പരത്തിപ്പൂവടക്കം മറ്റുചില ചിത്രങ്ങളിലും മാധവി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ഒരിക്കലും മലയാള സിനിമയിലെ മാത്രം സ്ഥിരസാന്നിധ്യമായിരുന്നില്ല മാധവി. അതേ സജീവത തെലുങ്ക്, ഹിന്ദി, തമിഴ് കന്നട ചിത്രങ്ങള്‍ ഉള്‍പ്പെടെ പല ഭാഷകളിലും നിലനിര്‍ത്തിയിരുന്നു. ഇരുപതുവര്‍ഷം കൊണ്ട് ഏകദേശം മുന്നൂറ് സിനിമകളിലാണ് മാധവി അഭിനയിച്ചത്. സിനിമയിലെ തുടക്കം തന്നെ പ്രശസ്ത തെലുങ്ക് സംവിധായകന്‍ ദാസരി നാരായണ റാവുവിന്‍റെ 'തുറുപ്പു പഡമാര' എന്ന ചിത്രത്തില്‍ ഒരു ടീനേജ് വേഷത്തിലായിരുന്നു. അടുത്തതും തെലുങ്ക് ചിത്രമായിരുന്നു.

കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'മാരോ ചരിത'യായിരുന്നത്. തുടര്‍ന്ന് മാധവി കമലഹാസനോടൊപ്പം 'ഏക് ദുജെ കേലിയെ'എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. ഹിന്ദിയിലെ ആ തുടക്കം മറ്റുചില ഹിന്ദി ചിത്രങ്ങളിലും മാധവിയെ നായികയാക്കി. അന്ധാകാനൂന്‍, ഗിരഫ്ത്താര്‍, അഗ്നിപഥ് തുടങ്ങിയ ചിത്രങ്ങള്‍. അമിതാഭ് ബച്ചനോടൊപ്പം ഈ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് മാധവിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം.

ഇതേ അവസരത്തില്‍ തന്നെ വിവിധ ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും മാധവിക്ക് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നു. തമിഴില്‍ കമലഹാസനോടൊപ്പം രാജപാര്‍വ്വൈ, ടിക്ടിക്ടിക്, കാക്കിച്ചട്ടൈ, ചട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മാധവി നായികയായി അഭിനയിച്ചു. ടിക് ടിക് ടിക്, കാക്കിച്ചട്ടൈ ചിത്രങ്ങളില്‍ അതീവഗ്ലാമറസ്സായി ഇഴുകിച്ചേര്‍ന്നാണ് മാധവി അഭിനയിച്ചത്. അതേപ്പറ്റി മഹാലിംഗപുരത്തെ വീട്ടില്‍ വച്ച് നടന്ന അഭിമുഖത്തില്‍ നാന ഇങ്ങനൊരു ചോദ്യം ചോദിച്ചിരുന്നു. ആ ചോദ്യം ഇതാണ്.

മലയാള ഭാഷയൊഴികെ മറ്റുചിത്രങ്ങളില്‍ വളരെ സെക്സിയായിട്ടാണ് താങ്കള്‍ അഭിനയിച്ചിരിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ജട്ടി മാത്രമിട്ടഭിനയിച്ച കാക്കിച്ചട്ടൈയും മുണ്ടും നേര്യതും ധരിച്ച് തനി കേരളീയ സ്ത്രീയായി അഭിനയിച്ച 'ഒരു കുടക്കീഴിലും' അടുത്തടുത്ത തീയേറ്ററുകളില്‍ കളിച്ചപ്പോള്‍ 'കുടക്കീഴില്‍' കാണാന്‍ കാണികള്‍ കുറവായിരുന്നു. എന്താണ് കാരണം? അതിന് മാധവിയുടെ മറുപടി ഇതായിരുന്നു.

അതെന്‍റെ കുറ്റമല്ല. ഞാന്‍ ഒരു നടിയാണ്. വ്യത്യസ്ത റോളുകളില്‍ അഭിനയിക്കാനാണ് എനിക്കിഷ്ടം. ഞാനതേ ചെയ്യൂ. എന്‍റെ ഇഷ്ടത്തിനനുസരിച്ചല്ല ഞാന്‍ റോളുകള്‍ ഉണ്ടാക്കുന്നത്. എന്നെ ബുക്ക് ചെയ്യാന്‍ വരുന്നവരാണ് റോളിനെക്കുറിച്ച് പറയുന്നത്. ഞാനത് സമ്മതിക്കും. മലയാളത്തില്‍ത്തന്നെ ഹരിഹരന്‍ സാര്‍, വില്യംസ്, ഹസ്സന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ഞാന്‍ സെക്സിയായി അഭിനയിച്ചിട്ടില്ലെ. ഞാന്‍ സെക്സിയാകാത്തത് അത്തരം റോള്‍ തരാഞ്ഞിട്ടാണ്. പിന്നെ കുടക്കീഴിലിന്‍റെ പരാജയത്തിന് കാരണം ഞാനാണെന്നും എന്‍റെ വേഷമാണെന്നും പറഞ്ഞാല്‍ എനിക്ക് സമ്മതിക്കാന്‍ കഴിയില്ല. 

ഏതെല്ലാം റോളുകളില്‍, ഏതൊക്കെ ഭാവത്തില്‍, രൂപത്തില്‍ അഭിനയിക്കാന്‍ കഴിയുമോ എന്നാണെന്‍റെ മനസ്സില്‍. ഞാനൊരിക്കലും സെക്സിനെതിരല്ല. എനിക്ക് നല്ലൊരു ശരീരമുണ്ട്. അത് കാണിക്കാന്‍ എനിക്ക് മടിയില്ലാത്തത് അതില്‍ സൗന്ദര്യം ദര്‍ശിക്കാന്‍ ജനങ്ങള്‍ ഉള്ളതുകൊണ്ടാണ്. ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ ഞാനെന്‍റെ സെക്സ് സൗന്ദര്യം പ്രകടിപ്പിക്കാന്‍ തയ്യാറാകുമായിരുന്നില്ല.

കമലഹാസനെക്കൂടാതെ രജനികാന്തിന്‍റെയും നായികയായി മാധവി തമിഴില്‍ അഭിനയിച്ചിരുന്നു. ഗര്‍ജ്ജനൈ, തില്ലുമുള്ള്, തമ്പിക്ക് എന്ന ഊര് തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലതുമാത്രമാണ്. കന്നട ചിത്രങ്ങളില്‍ അക്കാലത്തെ സൂപ്പര്‍താരങ്ങളായ ഡോ. രാജ്കുമാര്‍, വിഷ്ണുവര്‍ദ്ധന്‍, അനന്ത്നാഗ്, അംബരീഷ് തുടങ്ങിയവരുടെ കൂടെയും മാധവി അഭിനയിച്ചു. തെലുങ്കില്‍ ചിരഞ്ജീവി ഉള്‍പ്പെടെ പല പ്രശസ്ത താരങ്ങളുടെയും നായികാവേഷം അലങ്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

ഗ്ലാമറിന്‍റെയും ഭാവാഭിനയത്തിന്‍റെയും ഉത്തുംഗതയില്‍ തന്‍റെ ചലച്ചിത്ര ജിവിതത്തെ അടയാളപ്പെടുത്തിയ മാധവി യാതൊരു നീക്കുപോക്കുകള്‍ക്കും വശംവദയാകാത്ത നടിയാണ്. ആകാശദൂതിലെ നായികാവേഷം പ്രേക്ഷകരുടെ കണ്ണുകളില്‍ നനവുപടര്‍ത്തിയെങ്കിലും തന്‍റെ വേഷവിധാനങ്ങളില്‍ ചമയചാരുത കുറയ്ക്കാന്‍ അവര്‍ ഒട്ടും തയ്യാറായിരുന്നില്ല. ആധുനികവേഷത്തില്‍ മാത്രമെ താന്‍ അഭിനയിക്കുകയുള്ളൂ എന്ന് മാധവി ശഠിച്ചതിന്‍റെ ഫലമായാണ് നല്ല നടിക്കുള്ള ദേശീയ അവാര്‍ഡ് നഷ്ടപ്പെട്ടതുതന്നെ.

വേഷങ്ങളിലെ ആഡംബരം അഭിനയത്തിലെ ദുഃഖവുമായി ചേര്‍ന്നുപോകാത്ത അവസ്ഥയായിരുന്നത്. അതുപോലെതന്നെ ജോഷി സംവിധാനം ചെയ്ത 'ഒരു കുടക്കീഴില്‍' എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം എടുക്കുന്നതിന് ഒരു മണിക്കൂര്‍ കൂടി അധികം ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. അതിനവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്-

ഞാനൊരു നടിയാണ്. അഭിനയിക്കുന്നതിന് പണവും തരുന്നുണ്ട്. അതെന്‍റെ തൊഴിലും പ്രതിഫലവുമാണ്. എന്നാല്‍ ഒരു പടത്തില്‍ അഭിനയിക്കാന്‍ എനിക്ക് പണം തന്നുവെന്നുകരുതി എന്നെ വിലയ്ക്ക് വാങ്ങി എന്നതില്‍ അര്‍ത്ഥമില്ല. പറഞ്ഞ ഡേറ്റുകൊടുത്തിട്ട് അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അത് വേണ്ടവിധം ഉപയോഗിക്കാതെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാത്തതിന് ഞാനല്ല കുറ്റക്കാരി. 

അതുപോലെ ഞാന്‍ ഡേറ്റുകൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ എന്നെ അഭിനയിപ്പിച്ചാലും ഇല്ലെങ്കിലും ഞാന്‍ കൊടുത്തസമയം വരെ കാത്തിരിക്കും.

ഒരുപക്ഷേ അവരുടെ സിനിമയിലെ ഇത്തരം കടുത്ത തീരുമാനങ്ങളാകും അഭിനയജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഉണ്ണിയാര്‍ച്ചയ്ക്ക് സമം തീക്ഷ്ണ വ്യക്തിത്വത്തിനുടമയാക്കിയിട്ടുള്ളത്. മറ്റുള്ളവരുടെ പിഴവുകള്‍ തന്നില്‍ച്ചാര്‍ത്താന്‍ ഒരിക്കലും അനുവദിക്കാത്ത നടിയാണ് മാധവി.

 

Tags
madhavi Tik Tik Tik Kaakki Sattai oru kudakeezhil