മോഹന്‍ലാലിന് ഒരു ഓണസമ്മാനം
Highlights
നമ്മുടെ ദേശീയ ഗാനമായ ജനഗണമനയുടെ രചയിതാവ് എന്ന നിലയില്‍ ഏതൊരു ഭാരതീയനും സ്മരിക്കുന്ന നാമമാണ് മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റേത്. ഭാരതത്തിലെ ആദരണീയനായ രവീന്ദ്രനാഥ ടാഗോര്‍ എന്ന കവിയുമായി മോഹന്‍ലാലിന്‍റെ സാദൃശ്യം രൂപപ്പെടുത്തിയെടുത്ത ചിത്രങ്ങള്‍ മോഹന്‍ലാലിന് ഈ വര്‍ഷത്തെ ഓണസമ്മാനമാണ്.
മോഹന്‍ലാല്‍. കഴിഞ്ഞ 46 വര്‍ഷങ്ങള്‍ക്ക് അപ്പുറമായി അഭിനയരംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന മോഹന്‍ലാലിന്‍റെ വിവിധങ്ങളായ കഥാപാത്രങ്ങള്‍ നിത്യവും പ്രേക്ഷകരുടെ മനസ്സിലിങ്ങനെ തെളിഞ്ഞും മാഞ്ഞും മിന്നിമറയുകയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്.
വില്ലന്‍വേഷങ്ങളിലൂടെയും ഹീറോയിസമുള്ള നായകവേഷങ്ങളിലൂടെയും നര്‍മ്മരസം തുളുമ്പുന്ന കോമഡിവേഷങ്ങളിലൂടെയും വൃദ്ധകഥാപാത്രങ്ങളിലൂടെയും അധോലോക നായകവേഷങ്ങളിലൂടെയും കുടുംബനാഥനായും കഥകളിക്കാരനായും പോലീസ് ഓഫീസറായും ഒക്കെ എത്രയെത്ര വേഷങ്ങള്‍.. എത്രയെത്ര ഭാവങ്ങള്‍ നാം കണ്ടിരിക്കുന്നു. ഏതും തന്‍റെ അനായാസമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകമനസ്സിനെ കീഴടക്കിയിട്ടുള്ള, വിസ്മയിപ്പിച്ചിട്ടുള്ള മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമുണ്ടൊ? ഒരു നിമിഷത്തില്‍ അങ്ങനെയൊന്ന് ആലോചിച്ചുപോയി.
വീണ്ടും വീണ്ടും അത് ആലോചിച്ചുകൊണ്ടിരുന്നു. ഒരു സംവിധായകനും ഒരു തിരക്കഥാകൃത്തും കൂടി മോഹന്‍ലാലിനെ പുതിയ ഒരു പ്രോജക്ടിന് വേണ്ടി സമീപിക്കുമ്പോള്‍ അവര്‍ ഇനി പുതുമയുള്ള ഏത് വേഷമായിരിക്കും മോഹന്‍ലാലിന് സമ്മാനിക്കുക? ആവര്‍ത്തനമില്ലാത്തതും
വൈവിദ്ധ്യമുള്ളതുമായ ഒരു കഥാപാത്രം ഏത് നല്‍കാനാകും?
ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ പകര്‍പ്പാണെന്ന് തോന്നാത്തവിധം വേറിട്ടുനിര്‍ത്താന്‍ കഴിയുന്ന, ഇത്തരമൊരു പുതിയ അപ്പിയേറന്‍സ് നല്‍കുന്ന കഥാപാത്രം..? അതെന്തായിരിക്കണമെന്ന ആലോചനയില്‍ ഒടുവില്‍ ഉത്തരം കിട്ടി.
ഏതൊരു ഭാരതീയനും ആദരവോടെ കാണുന്ന ഒരു വിശ്വപൗരന്‍റെ മുഖം മനസ്സിലേക്ക് തെളിഞ്ഞുവന്നു.
കവി, സാഹിത്യകാരന്‍,തത്വചിന്തകന്‍,ദൃശ്യകലാകാരന്‍,സാംസ്ക്കാരികനായകന്‍, കഥാകൃത്ത്,നാടകകൃത്ത്,
ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെയെല്ലാം വിശേഷണങ്ങള്‍ പറയാവുന്ന ഭാരതത്തിലെ ഒരു മഹദ് വ്യക്തി.
അത് ആരായിരിക്കും..?
രവീന്ദ്രനാഥ ടാഗോര്‍.
ഇങ്ങനെയൊരു വ്യക്തിപ്രഭാവമുള്ള മഹദ്വ്യക്തിയുടെ കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെക്കണ്ട് ഈ ആശയം പങ്കുവയ്ക്കണമെന്ന് ഒരു ചലച്ചിത്ര പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഒരാഗ്രഹം ലേഖകന് തോന്നിയിരുന്നു.
രവീന്ദ്രനാഥ ടാഗോറിന്‍റെ മുഖവുമായി സാമ്യതയുള്ള ഒരു സ്റ്റില്‍ കണ്ടെത്തി. 'മാന്ത്രികം' എന്ന സിനിമയുടെ ഒരു ക്ലോസപ്പ് ഫോട്ടോ ആയിരുന്നു അതെന്നാണ് ഓര്‍മ്മ. ഡിസൈനര്‍ ബോസ് മാലവുമായി ആ ആശയം പങ്കുവച്ചപ്പോള്‍ ആ രീതിയില്‍ ഫോട്ടോഷോപ്പിലൂടെ ചെയ്തുതരാമെന്ന് പറയുകയും ചെയ്തു.
മോഹന്‍ലാല്‍ തൊടുപുഴയില്‍ 'അതിമനോഹരം' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉണ്ടെന്നറിയാം. സൗകര്യപ്രദമായ ഒരു ദിവസം തൊടുപുഴയിലെ ലൊക്കേഷനില്‍ പോയി ഈ ചിത്രങ്ങള്‍ കാണിക്കുകയും രവീന്ദ്ര നാഥ ടാഗോറിന്‍റെ ഒരു ബയോഗ്രഫി സിനിമ ചെയ്യുന്ന ആശയം പറയുകയും ചെയ്യാമെന്ന് കരുതിയിരുന്നു.
അങ്ങനെയാണ് ഒരു ദിവസം തൊടുപുഴയില്‍ മൂണ്‍ലൈറ്റ് ഹോട്ടലില്‍ വച്ച് മോഹന്‍ലാലിനെ നേരില്‍ കണ്ടത്. രാവിലെ ഒരു സീനില്‍ അഭിനയിച്ചതിനുശേഷം റൂമില്‍ വിശ്രമിക്കുകയായിരുന്നു ലാല്‍.
കുശലാന്വേഷണങ്ങള്‍ക്കുശേഷം ഇക്കാര്യം അവതരിപ്പിച്ചു. എവിടെ, നോക്കട്ടെ എന്നായി ലാല്‍. എന്‍റെ ഫോണില്‍ ചെയ്തുവച്ചിരുന്ന ടാഗോര്‍ ചിത്രങ്ങള്‍ കാണിച്ചു. ആദ്യദര്‍ശനത്തില്‍ തന്നെ ലാലിനത് കൗതുകമായിത്തോന്നി.
അടുത്തനിമിഷത്തില്‍ത്തന്നെ അദ്ദേഹത്തിന്‍റെ ഫോണിലേയ്ക്ക് ആ ചിത്രങ്ങള്‍ ഫോര്‍വേഡ് ചെയ്തുകൊടുക്കാന്‍ ലാല്‍ ആവശ്യപ്പെടുകയും അത് അപ്പോള്‍തന്നെ അയച്ചുകൊടുക്കുകയും ചെയ്തു. ലാല്‍ അതുകണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ 'മാന്ത്രികം' സിനിമയുടെ ഒരു സ്റ്റില്‍ വച്ച് ഇങ്ങനെ ചെയ്തെടുത്തതാണെന്നും ഭാരതീയര്‍ ഏവരും ആദരിക്കുന്ന മഹദ്വ്യക്തിയായതുകൊണ്ടാണ് ഇങ്ങനെഒരാശയം പങ്കുവയ്ക്കുന്നതെന്നും പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ചിരിച്ചു.
അതുകേട്ടപ്പോള്‍ ലാല്‍ പറഞ്ഞു. അതൊരു ചലഞ്ചിംഗായിരിക്കും. ഇദ്ദേഹമായതുകൊണ്ട് ഒരു ശതമാനം പോലും അപാകതകള്‍ ഉണ്ടാകാതെ വളരെ സൂക്ഷ്മതയോടുകൂടി വേണം ചെയ്യുവാന്‍. അത് എത്രത്തോളം സാദ്ധ്യമാകും എന്നെനിക്കറിയില്ല.
നമ്മുടെ ദേശീയ ഗാനമായ ജനഗണമനയുടെ രചയിതാവ് എന്ന നിലയില്‍ ഏതൊരു ഭാരതീയനും സ്മരിക്കുന്ന നാമമാണ് മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റേത്. ഭാരതത്തിലെ ആദരണീയനായ രവീന്ദ്രനാഥ ടാഗോര്‍ എന്ന കവിയുമായി മോഹന്‍ലാലിന്‍റെ സാദൃശ്യം രൂപപ്പെടുത്തിയെടുത്ത ചിത്രങ്ങള്‍ മോഹന്‍ലാലിന് ഈ വര്‍ഷത്തെ ഓണസമ്മാനമാണ്.