മലയാളസിനിമയുടെ മൂത്താശാരി -അജയന്‍ ചാലിശ്ശേരി
അജയന്‍ ചാലിശ്ശേരി എന്ന കലാസംവിധായകന്‍റെ വിശേഷങ്ങളിലേക്ക്....
ചാലിശ്ശേരി ദേവി തീയേറ്ററിലിരുന്നു സിനിമ കണ്ട ആ ചെറുപ്പക്കാരന്‍ ഇന്ന് മലയാള സിനിമയുടെ മൂത്താശാരിയാണ്. അന്ന് സിനിമകള്‍ കാണുമ്പോള്‍ സിനിമയിലെ ആര്‍ട്ട് വര്‍ക്കിലേക്കും പ്രൊഡക്ഷന്‍ ഡിസൈനിലേക്കും കണ്ണുകള്‍ പതിഞ്ഞിട്ടുണ്ടോ?
ദേവി തീയേറ്ററില്‍ ഇരുന്ന് മലയാളവും തമിഴുമായി ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ഒരു സാധാരണ സിനിമാപ്രേമിയെ സംബന്ധിച്ച് ഏതെങ്കിലും ഒക്കെ സിനിമ കാണണം എന്നേയുള്ളൂ. രജനികാന്ത്, വിജയകാന്ത്, പ്രശാന്ത്, രാമരാജ് തുടങ്ങിയ നായകന്മാരുടെയെല്ലാം സിനിമകള്‍ കണ്ടിട്ടുണ്ട്. ശരിക്കും ഞാന്‍ വളരെ അവിചാരിതമായി സിനിമയില്‍ എത്തപ്പെട്ട ഒരാളാണ്. ഞാന്‍ ഒരിക്കലും സിനിമ കാണുമ്പോള്‍ അതിലെ കലയെ കുറിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് ആര്‍ട്ട് ഇഷ്ടമാണ്. സിനിമയും സിനിമാഷൂട്ടുമൊക്കെ കാണാന്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്‍റെ നാട്ടില്‍തന്നെ ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.
അന്നൊക്കെ അത് കാണാനായി മാത്രം ഒരുപാട് ഇഷ്ടത്തോടെ പോയിട്ടുണ്ട്. അങ്ങനെയാണ് സെറ്റ് വര്‍ക്കുകള്‍ ഒക്കെ കാണുന്നത്. ഞാന്‍ ഫൈന്‍ ആര്‍ട്ട്സില്‍ പഠിക്കുന്ന സമയത്ത് എന്‍റെ കുറച്ച് സുഹൃത്തുക്കള്‍ സിനിമ പ്രൊഡ്യൂസ് ചെയ്തിരുന്നു. സിനിമയില്‍ ബോര്‍ഡ് എഴുതുക, ബാനര്‍ എഴുതുക അങ്ങനെയുള്ള പണികള്‍ ഒക്കെ ആദ്യം ചെയ്തിരുന്നു. പിന്നീടാണ് പൂര്‍ണ്ണമായും ആര്‍ട്ട് വര്‍ക്കിലേക്ക് വരുന്നത്.
താങ്കളുടെ അച്ഛന്‍ ഒരു കലാകാരന്‍ ആയിരുന്നുവല്ലോ. എങ്ങനെയാണ് താങ്കള്‍ കലയാണ് ജീവിതം എന്ന് തെരഞ്ഞെടുത്തത്?
ചാലിശ്ശേരിയിലെ തുളസി ആര്‍ട്ട് ഡിസൈന്‍സ് തുടങ്ങിയത് എന്‍റെ ചെറിയച്ഛനായ ബാലന്‍ മാഷ് ആയിരുന്നു. അവിടെ ഞാന്‍ ആയിരുന്നു ബോര്‍ഡ്, ബാനര്‍ ഒക്കെ എഴുതിയിരുന്നത്. അദ്ദേഹമാണ് ഞാന്‍ ആര്‍ട്ട് തന്നെ പഠിക്കണം എന്ന് തീരുമാനിക്കുന്നത്. അന്നൊന്നും എനിക്ക് ആര്‍ട്ട്സ് ഒക്കെ പഠിക്കാന്‍ പറ്റുമെന്നും അതിനുള്ള കോഴ്സ് ഒക്കെയുണ്ടെന്നും ഒന്നും അറിയില്ലായിരുന്നു. അവിടെ പോയതിനുശേഷം ഒരുപാട് സുഹൃത്തുക്കള്‍, അവര്‍ എല്ലാവരും വരയ്ക്കുന്നു. ഓരോ ആര്‍ട്ട് ചെയ്യുന്നു. അതില്‍ ഒരാളാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ എ.വി. ഗോകുല്‍ദാസ്. മറ്റൊരാള്‍ തുടരും സിനിമ എഴുതിയ കെ.ആര്‍. സുനില്‍. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് പഠിച്ചത്. ഞങ്ങള്‍ ഞങ്ങളുടെ സുഹൃത്തിന്‍റെ ഒരു സിനിമയില്‍ അസിസ്റ്റന്‍റ് ആയി ചെയ്തു. ഗോകുല്‍ ഇന്‍ഡിപെന്‍ഡന്‍റ് ആയി വര്‍ക്ക് തുടര്‍ന്നു. അവന്‍ ചെയ്ത സായാഹ്നം എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടാണ് കലാസംവിധാനം ചെയ്തത്. അതിന് ആ വര്‍ഷത്തെ മികച്ച കലാസംവിധാനത്തിനുള്ള പുരസ്ക്കാരവും ലഭിച്ചു.
സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് കുറെ കഷ്ടപ്പെട്ടിരുന്നുവല്ലോ?
സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ചൊന്നും ഞങ്ങള്‍ ആലോചിച്ചിട്ടില്ല. സിനിമ ഞങ്ങളുടെ വലിയൊരു ആഗ്രഹവും കല സംവിധാനം ചെയ്യുക എന്നത് ഒരു ആവേശവും ആയിരുന്നു. എനിക്ക് ഇന്‍ഡിപെന്‍ഡന്‍റ് ആകാന്‍ ഒരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കുക, ആളുകളെ കോ-ഓര്‍ഡിനേറ്റ് ചെയ്യുക എന്നതൊന്നും എനിക്ക് പറ്റിയ പണി ആയിരുന്നില്ല. ആ ഞാനാണ് ഇപ്പോള്‍ ഇങ്ങനെ ആയിരിക്കുന്നത്. അതെല്ലാം നമ്മുടെ ആത്മവിശ്വാസം വളര്‍ന്നതിന്‍റെ ലക്ഷണമാണ്.
ആര്‍ട്ട് ഡയറക്ടര്‍ എന്ന നിലയില്‍ ആദ്യത്തെ സിനിമ ചെയ്തപ്പോള്‍ ഇന്‍ഹിബിഷനുകളെ ബ്രേക്ക് ചെയ്ത താങ്കള്‍ക്ക് എന്താണ് അനുഭവപ്പെട്ടത്?
ആ സിനിമ എന്‍റെ കയ്യിലേക്ക് ഏല്‍പ്പിക്കപ്പെട്ടതാണ്. ഗോകുല്‍ ആണ് എന്നെ അതിലേക്ക് നിര്‍ദ്ദേശിക്കുന്നത്. ഈ വര്‍ക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോഴാണ് സ്ക്രിപ്റ്റ് കിട്ടിയത്. സിനിമ ചെയ്യണം എന്ന എനിക്ക് ഒരു സിനിമ മാത്രം ചെയ്യാം എന്ന ഒരു തോന്നല്‍ ഉള്ളിലുണ്ടായി. ഞാന്‍ കുടുംബത്തോട് പറഞ്ഞു. അത്യാവശ്യം നല്ല രീതിക്ക് സെറ്റ്വര്‍ക്ക് ചെയ്യേണ്ടിവന്നിരുന്നു. ഭാഗ്യവശാല്‍ അത് നന്നായി തന്നെ വന്നു.
മഞ്ഞുമ്മല്‍ ബോയ്സിന്‍റെ കലാസംവിധാനം എത്രത്തോളം വെല്ലുവിളിയായിരുന്നു?
ഗുണ കേവ് പോലെയുള്ള സ്ഥലം നിര്‍മ്മിക്കുക എന്നത് എത്ര വലിയ വെല്ലുവിളിയാണ് എന്ന് ആലോചിക്കണം. റിസര്‍ച്ചിന്‍റെ ഭാഗമായി ഗുണകേവില്‍ പോയിരുന്നു. അവിടെ കണ്ടതെല്ലാം പിന്നീട് വരച്ചു. അതില്‍ പാറയിടുക്കുകള്‍ അടയാളപ്പെടുത്തി. അങ്ങനെ കുറെ പണികള്‍ ഉണ്ടായിരുന്നു. നമുക്ക് വേണ്ടത് സമയവും പറ്റിയ ഒരു പ്രൊഡ്യൂസറും മാത്രമാണ്. അതുണ്ടെങ്കില്‍ എന്തും ചെയ്യാനാകും. നാല് കോടി ബഡ്ജറ്റ് ആയിരുന്നുവല്ലോ. യഥാര്‍ത്ഥ ഗുണ കേവ് പോലെതന്നെ നിര്‍മ്മിക്കാനാവില്ല. അവിടെ ഷൂട്ട് ചെയ്യാനുള്ള സൗകര്യം കൂടി ഉറപ്പാക്കണം.
അതിനുവേണ്ടി കുറച്ച് വലുതാക്കിത്തന്നെയാണ് നിര്‍മ്മിച്ചത്. സിനിമ തീയേറ്ററില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം ആണ് തോന്നിയത്. സൗബിനും സംഘവും വെള്ളം ഗുഹയിലേക്ക് പോകുന്നത് തടയുന്ന രംഗം ഒക്കെ കണ്ടപ്പോള്‍ എങ്ങനെ ഞങ്ങള്‍ ഇത് നിര്‍മ്മിച്ചു എന്ന് തോന്നി. ഒരുപാട് ആളുകള്‍ പിന്നണിയില്‍ വളരെ നന്നായി അധ്വാനിച്ചു. അതിന്‍റെ ഫലമാണ് ഗുണ കേവ്. മഞ്ഞുമ്മല്‍ ഇറങ്ങിയതിനുശേഷമാണ് ശരിക്കും സെറ്റ് വര്‍ക്ക് നിര്‍മ്മിക്കുന്നതെല്ലാം എത്രമാത്രം കഷ്ടമുള്ളതാണ് എന്ന് ആളുകള്‍ക്ക് മനസ്സിലായത്.
വിനയന്‍റെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് വരുമ്പോള്‍ എങ്ങനെയായിരുന്നു അനുഭവങ്ങള്‍?
വിനയന്‍ സാറിന്‍റെ സിനിമകള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ കണ്ടുവളര്‍ന്നയാളായിരുന്നു. അദ്ദേഹം വളരെ നല്ല ഒരു സംവിധായകന്‍ ആണ്. എന്നെ അദ്ദേഹത്തിന് നല്ല വിശ്വാസവും ഉണ്ടായിരുന്നു. ഒരുപാട് അധ്വാനിച്ചാണ് സിനിമയ്ക്ക് സെറ്റ് നിര്‍മ്മിച്ചത്. കഷ്ടപ്പെട്ട് നിര്‍മ്മിച്ച പല വര്‍ക്കുകളും വളരെ കുറഞ്ഞ ദിവസമേ ഉണ്ടായിരുന്നുള്ളു. അതുകഴിഞ്ഞാല്‍ പൊളിച്ചുകളയണം. അത്രയും മതി ആ സിനിമയില്‍ ആ സെറ്റ്.
ഒരു സ്രഷ്ടാവ് എന്ന നിലയില്‍ അത് എത്രമാത്രം വേദനയുണ്ടാക്കും?
അത് നല്ല വേദന ഉണ്ടാക്കുന്ന ഒരു ഫീലാണ്. സെറ്റ് പൊളിക്കുന്ന സമയത്ത് അവിടെ നില്‍ക്കാറില്ല. അത്രയും സമയം ഉണ്ടായിരുന്ന ഒരു ക്രിയാത്മകമായ വര്‍ക്ക് പെട്ടെന്ന് ഇല്ലാതാക്കുന്നു. പിന്നെ അങ്ങനെതന്നെയാണല്ലോ വേണ്ടത്. അതിന്‍റെ ആവശ്യം കഴിയുമ്പോള്‍ ഇല്ലാതാകണം. സിനിമ എന്നാല്‍ അങ്ങനെയാണ്. ആദ്യം ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പിന്നീട് അത് ഒക്കെ അംഗീകരിക്കാന്‍ പഠിച്ചു.