ഭൂട്ടാൻ കാർ കടത്ത് കേസിൽ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു
Highlights
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര കാറുകൾ കടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് ആരംഭിച്ച 'ഓപ്പറേഷൻ നുംഖോറി'യുടെ ഭാഗമായാണ് നടപടി.
കൊച്ചി: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായാണ് താരം മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ദുൽഖർ സൽമാന്റെ കൈവശമുണ്ടായിരുന്ന നാല് ആഡംബര വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചതാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും അവ നിയമാനുസൃതമായാണ് വാങ്ങിയതെന്നും ദുൽഖർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര കാറുകൾ കടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് ആരംഭിച്ച 'ഓപ്പറേഷൻ നുംഖോറി'യുടെ ഭാഗമായാണ് നടപടി. ദുൽഖർ നായകനായ 'ലക്കി ഭാസ്കർ' സിനിമയിൽ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനവും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെ ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ തുടങ്ങിയ വാഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, വാഹനങ്ങൾ നിയമപരമായാണ് സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടി ദുൽഖർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുനൽകാൻ കോടതി അനുമതി നൽകി. എന്നാൽ, അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിക്കുന്ന ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് പിന്നീട് കേരളത്തിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്ന ശൃംഖലയെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷണം തുടരുന്നത്.