അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
Highlights
'അമ്മ' കുടുംബയോഗത്തിന്റെ റിഹേഴ്‌സലിനിടെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നടി അൻസിബ ഹസ്സന്റെ പരാതിയെ തുടർന്ന് നടൻ ടിനി ടോമിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ, മതവിദ്വേഷം പരത്തുന്ന രീതിയിലുള്ള അധിക്ഷേപം, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചുമത്തിയിരിക്കുന്ന ചില വകുപ്പുകൾ ജാമ്യം ലഭിക്കാൻ പ്രയാസമുള്ളവയായതിനാൽ തുടർനടപടികളുടെ ഭാഗമായി അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
എഫ്‌ഐആർ പ്രകാരം, അൻസിബയെ "ജിഹാദി", "മതതീവ്രവാദി" എന്നീ വിശേഷണങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ടിനി ടോം ശ്രമിച്ചെന്നാണ് ആരോപണം. കൂടാതെ, നടിയോട് അശ്ലീലചുവയുള്ള പരാമർശങ്ങൾ നടത്തിയതായും താരസംഘടനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ ഇത്തരം ആരോപണങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 13-ന് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന 'അമ്മ' കുടുംബയോഗത്തിന്റെ റിഹേഴ്‌സലിനിടെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരാമർശങ്ങളും പ്രചാരണങ്ങളും തന്റെ മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുകയും മാനഹാനിക്കും കടുത്ത മാനസിക വിഷമത്തിനും ഇടയാക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ പരാതി.
ഇതിന് മുമ്പ് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ കടവന്ത്ര പൊലീസ്, പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കേസെടുക്കാൻ മതിയായ തെളിവില്ലെന്നുമുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
നടി നീന കുറുപ്പ് ഉൾപ്പെടെ ചിലർ ടിനി ടോമിനെതിരെ സാക്ഷിമൊഴി നൽകിയിട്ടുണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വന്നതിന്റെ കാരണം കോടതി പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് കോടതി നിർദേശത്തെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.