'ഇനി നിങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കും ഞാന്‍ സിനിമ ചെയ്യുന്നത്.... -നിവിന്‍
സ്വന്തം സിനിമയായ സര്‍വ്വം മായ 100 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് ശേഷം തീയേറ്ററുകളില്‍ തന്‍റെ ആരാധകരെ കാണാന്‍ നിവിന്‍ എത്തി. വര്‍ഷങ്ങള്‍ക്കുശേഷം നിവിന്‍റെ സിനിമ കണ്ട് ആത്മാര്‍ത്ഥമായി സന്തോഷിച്ച ആരാധകര്‍ തീയേറ്ററില്‍ നിവിനെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ചിലരുടെ കണ്ണ് നനഞ്ഞിട്ടുണ്ട്. തന്‍റെ പ്രിയപ്പെട്ട നായകന്‍ തിരിച്ചുവന്നെന്ന സന്തോഷമായിരുന്നു കൂടുതല്‍ ആരാധകര്‍ക്കും. ചിരിയും കണ്ണീരും എല്ലാം കണ്ടുനിന്ന നിവിന്‍ അവരെ സാക്ഷിനിര്‍ത്തി മൈക്ക് എടുത്തുപറഞ്ഞു, 'ഇനി നിങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കും ഞാന്‍ സിനിമ ചെയ്യുന്നത്.

'തന്‍റെ പ്രേക്ഷകരെ മറന്ന് താന്‍ കുറച്ചുവര്‍ഷങ്ങളായി സിനിമ ചെയ്യുന്നുണ്ടായിരുന്നു എന്നുള്ള നിവിന്‍റെ കുറ്റബോധം കൂടി പ്രകടമായിരുന്നു ആ വാക്കുകളില്‍. 6 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ക്ലീന്‍ ഹിറ്റ്. വെറും 11 ദിവസങ്ങള്‍ കൊണ്ട് ഒരു ഫീല്‍ ഗുഡ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത് എങ്ങനെ? ഒറ്റ ഉത്തരം, അതിലെ നായകന്‍ നിവിന്‍പോളി ആയതുകൊണ്ട്. 6 വര്‍ഷങ്ങള്‍ ഹിറ്റ് നല്‍കാത്ത ആ നായകന് ഒന്ന് തിരിച്ചുവരാന്‍ അയാളെക്കാള്‍ കൂടുതല്‍ ആഗ്രഹം മലയാളി പ്രേക്ഷകര്‍ക്ക് ആയതുകൊണ്ട്. എന്താണ് നിവിന്‍ 2019 വരെ ചെയ്ത ആ മാജിക്ക്? പരിശോധിക്കാം.
എടുത്തുപറയാന്‍ ഒരു സിനിമാപാരമ്പര്യമില്ലാത്ത ഒരു ഘട്ടത്തില്‍ മലയാള സിനിമയുടെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന നടനാണ് നിവിന്‍. 2010 ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയില്‍ പ്രകാശന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു നിവിന്‍ തിരശീലയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ലുക്ക്, സംഭാഷണശൈലി എല്ലാം കൊണ്ടും മലയാളികളുടെ മനസ്സില്‍ ആദ്യസിനിമ മുതല്‍ ഒരു സ്പാര്‍ക്ക് കത്തിക്കാന്‍ നിവിന് സാധിച്ചു.
തുടര്‍ന്ന് കുറച്ചുനാളുകളായി സിനിമയില്‍ നിവിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്, ജോഷി സംവിധാനം ചെയ്ത സെവന്‍സ് എന്നീ മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ നിവിന്‍ ഭാഗമായിരുന്നു. സ്റ്റാര്‍ ആയിട്ടല്ല, ഒരു കുഞ്ഞ് വേഷത്തില്‍. പക്ഷെ അധികം വൈകിയില്ല, ആ തലവര മാറി.

2012 ല്‍ ആദ്യം ചെയ്ത സിനിമയുടെ സംവിധായകന്‍ തന്നെ വേണ്ടി വന്നു നിവിന് ഒരു പുതുജീവന്‍ നല്‍കാന്‍. അതുകൊണ്ടു തന്നെയാകും വര്‍ഷം 2026 എത്തിയിട്ടും നിവിന്‍ ദൈവത്തെപ്പോലെ ഇപ്പോഴും ആ സംവിധായകനെ കാണുന്നത്. പേര് വിനീത് ശ്രീനിവാസന്‍. മറ്റൊരാള്‍ക്ക് വേണ്ടി എഴുതിയ കഥ നിവിനിലേക്ക് വരുകയായിരുന്നു. ഈ സിനിമയിലൂടെ നിവിന്‍ ഉണ്ടാക്കിയ ഓളം പ്രത്യേകം പറയേണ്ടല്ലോ. 2012 ല്‍ ടോപ്കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്ന് കൂടിയായി തട്ടത്തിന്‍ മറയത്ത് മാറി. ഒരു കാര്യം കൂടി സംഭവിച്ചു, നിവിന്‍- അജു കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുതുടങ്ങി. ഈ സിനിമയുടെ വിജയത്തിനുശേഷം നിവിനെ നായകനാക്കി സിനിമകള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ചാപ്റ്റേഴ്സ്, പുതിയ തീരങ്ങള്‍ എന്നീ സിനിമകള്‍ വന്നെങ്കിലും ബോക്സ് ഓഫീസില്‍ പരാജയമായി മാറി.
നായകനായി നിന്ന നിവിന്‍ ഒന്ന് പെട്ടെന്ന് ട്രാക്ക് മാറ്റി. ആഷിക് അബു സംവിധാനം ചെയ്ത ടാ തടിയാ എന്ന സിനിമയില രാഹുല്‍ വൈദ്യര്‍ എന്ന വില്ലനായി നിവിന്‍ എത്തി. ആ ട്രാക്ക് വീണ്ടും പഴയപോലെയാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സിനിമ ഇറങ്ങി. നേരം ഓളം ഉണ്ടാക്കിയത് കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും വലിയ തരംഗമായി. എന്നാല്‍ അവിടെ നിന്നും ഒരു 'സ്ഥിരത' നിവിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല. 5 സുന്ദരികള്‍, അരികില്‍ ഒരാള്‍, ഇംഗ്ലീഷ് എന്നീ സിനിമകള്‍ ഒക്കെ ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. ഒടുവില്‍ ആ 'നേരം' വന്നെത്തി.
2014-2016 വരെ നിവിന്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റി. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, ആക്ഷന്‍ ഹീറോ ബിജു, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം, പിന്നെ പ്രേമം എല്ലാം ഹിറ്റോട് ഹിറ്റ്. നിവിന്‍ വന്നാല്‍ മതി തീയേറ്ററില്‍ ആളുകയറും എന്നുള്ള രീതിയിലേക്ക് മാറി കാര്യങ്ങള്‍. 'ഇവിടെ', 'മിലി' എന്നീ രണ്ട് സിനിമകള്‍ ഇതിനിടയില്‍ വന്നെങ്കിലും അതൊന്നും ഈ തിളക്കത്തെ കെടുത്തുന്നതായിരുന്നില്ല. 1983 ല്‍ മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡും വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍- അജു കോംബോ വീണ്ടും പൊട്ടിച്ചിരിപ്പിച്ചതും, കറുത്ത ഷര്‍ട്ടും മുണ്ടും ട്രെന്‍ഡ് ആക്കിയ പ്രേമവും മറക്കാന്‍ പറ്റുമോ! മലയാളത്തില്‍ ആദ്യമായി 50 കോടി മോഹന്‍ലാല്‍ നേടി, രണ്ടാമത് നേടിയത് നിവിന്‍. അവിടെ നിന്നാണ് നിവിന്‍ മോഹന്‍ലാലിന് ശേഷമുള്ള സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കിട്ടിയത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.
2017 റിലീസ് ചെയ്ത സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'സഖാവ്' എന്ന സിനിമ കാണാന്‍ ആദ്യദിവസം പ്രേക്ഷകര്‍ ഒഴുകിയെത്തി. എന്നാല്‍ പിന്നീട് സിനിമ വീണു. 2017 ഓണത്തിന് മലയാളത്തിലെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലിനെയും വിഴ്ത്തിയാണ് നിവിന്‍ ഒന്നാം വിന്നര്‍ ആയത്. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ. കായംകുളം കൊച്ചുണ്ണിയായി വന്നതോടെ ഒന്ന് ഉറപ്പിക്കാന്‍ ശ്രമിച്ചു. 2019 ല്‍ റിലീസായ മിഖായേല്‍ എന്ന സിനിമയില്‍ തന്‍റെ ശരീരത്തിന്‍റെ പേരില്‍ നിവിന്‍ കേട്ട ചീത്തപ്പേര് ചെറുതല്ല. അതിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ പ്രേക്ഷകരെ വീണ്ടും തീയേറ്ററില്‍ കയറ്റാന്‍ നിവിന് കഴിഞ്ഞു. ഈ സിനിമയ്ക്കുശേഷം നിവിന്‍ ഹിറ്റുകളോട് ടാറ്റ പറഞ്ഞുപോയ നാളുകളായിരുന്നു.

മൂത്തോന് അവാര്‍ഡുകള്‍ കിട്ടിയെങ്കിലും ബോക്സ് ഓഫീസില്‍ വീണു, പിന്നാലെ വന്നു കോവിഡ്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്‍റെ സംവിധാനത്തില്‍ കനകം കാമിനി കലഹം ഒടിടി റിലീസായ ശേഷം അതും വീണു. പിന്നീട് റിലീസായ പടവെട്ടും മഹാവീര്യരും പ്രേക്ഷകര്‍ സ്വീകരിച്ചില്ല. മാറ്റിമറിച്ച തുറമുഖം റിലീസ് ചെയ്ത് ഉടനെ തീയേറ്റര്‍ വിട്ട് ഇറങ്ങി. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ രാമചന്ദ്രബോസ് ആന്‍ഡ് കോ ആദ്യദിനം 50 ലക്ഷം പോലും നേടിയില്ല. ഒടിടി റിലീസ് ഇന്നും ആ സിനിമയ്ക്ക് ആയിട്ടില്ല.
തകര്‍ന്ന് നിന്ന കരിയര്‍ രക്ഷിക്കാന്‍ വീണ്ടും നിവിന്‍റെ ദൈവമായ വിനീത് തന്നെ വേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലെ നിതിന്‍ മോളി എന്ന കഥാപാത്രം നിവിനെ തിരികെ കൊണ്ടുവന്നു.
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ' എന്ന സംഭാഷണം ഹിറ്റ് ചാര്‍ട്ടില്‍. പിന്നീട് റിലീസായ മലയാളി ഫ്രം ഇന്ത്യ വീണുപോയെങ്കിലും സര്‍വ്വം മായയുടെ വിജയത്തോടെ നിവിന്‍ ഒരു തീരുമാനം എടുത്തു.
'എന്‍റെ പ്രിയപ്പെട്ട പ്രേക്ഷകരെ, ഞാന്‍ ഇനി എന്‍റര്‍ടൈന്‍മെന്‍റ് സിനിമകള്‍ മാത്രമേ ചെയ്യുന്നുള്ളൂ.'