ഇത്രയും കാലമായി സിനിമയില്‍ പ്രയാണം നടത്തുന്നു എന്നത് ആശീര്‍വാദമായി കരുതുന്നു... -നിത്യാമേനന്‍
നിത്യാമേനന്‍ ഇന്ന് തമിഴ് സിനിമാപ്രേമികളില്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരിയാണ്. തിരുച്ചിട്രമ്പലം, തലൈവന്‍ തലൈവി, ഇഡ്ഡലി കടൈ എന്നിങ്ങനെ വിജയചിത്രങ്ങളില്‍ ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ വളരെ റിയലിസ്റ്റിക്കായി അഭിനയിച്ച താരം തമിഴില്‍ വളരെ സെലക്ടീവാണ്. എന്നാല്‍ താന്‍ തമിഴില്‍ മാത്രമല്ല എല്ലാ ഭാഷാസിനിമകളിലും വളരെ സെലക്ടീവായിട്ടേ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂവെന്ന് പറയുന്നു.

'തിരുച്ചിട്രമ്പലം', 'തലൈവന്‍ തലൈവി', ഇപ്പോള്‍ 'ഇഡ്ഡലി കടൈ' എന്നിങ്ങനെ വളരെ സെലക്ടീവായിട്ടാണല്ലോ സിനിമകള്‍ ചെയ്യുന്നത്?
നിത്യാമേനന്‍: നിങ്ങള്‍ പറയുന്നത് തമിഴിലെ കാര്യമാണ്. നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഈ ഭാഷാ സിനിമാരംഗത്തെല്ലാം തന്നെ 'നിങ്ങള്‍ എന്തുകൊണ്ട് ഞങ്ങളുടെ ഭാഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല' എന്നുചോദിക്കും. ഞാന്‍ വളരെ സെലക്ടീവായി തന്നെയാണ് സിനിമ ചെയ്യുന്നത്. ഒരു കഥ കേട്ടയുടന്‍ തന്നെ എന്നെ ഇംപ്രസ് ചെയ്യണം, തീര്‍ച്ചയായും മിസ് ചെയ്യരുത് എന്ന് തോന്നുന്ന കഥകള്‍ക്ക് ഞാന്‍ ഓക്കെ പറയും. ഹിന്ദിയില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്.
അവിടേയും ഇതേ പോളിസി തന്നെയാണ് എനിക്ക്. എന്നെ സംബന്ധിച്ചിടത്തോളം ഭാഷാവ്യത്യാസം നോക്കാറില്ല. എല്ലാ ഭാഷയും ഒന്നുതന്നെയാണ് എനിക്ക്. എല്ലാ ഭാഷയും നന്നായി സംസാരിക്കും എന്നതിനാല്‍ ഭാഷാപ്രശ്നം എനിക്കില്ല. ഒരു കഥ കേള്‍ക്കുമ്പോള്‍, ആ കഥ എന്താണ് പ്രതീക്ഷിക്കുന്നത്, ആ പ്രതീക്ഷയ്ക്കൊത്ത് എത്രത്തോളം മനോഹരമായി അഭിനയിക്കാനാവും എന്ന് ആലോചിക്കും. ആ സിനിമയില്‍ ആരൊക്കെയാണുള്ളത്, പ്രതിഫലം എന്താണ്, എന്നൊന്നും നോക്കില്ല.
നിങ്ങള്‍ ഇതുവരെ അഭിനയിച്ച സിനിമളൊക്കെ പരിശോധിച്ചാല്‍, അവ ഒരേ ജോണറിലും ഒരേപോലുള്ളതുമല്ല. ഇത് പ്ലാന്‍ ചെയ്ത് എടുത്ത തീരുമാനമാണോ...?
നിത്യാമേനന്‍: ഒന്നും ഞാന്‍ പ്ലാനിങ്ങോടെ ചെയ്യുന്നതല്ല. അങ്ങനെ ജീവിതത്തില്‍ പ്ലാന്‍ ചെയ്ത് ചെയ്താല്‍ അത് നമ്മള്‍ വിചാരിക്കുന്നപോലെ നടക്കാതെ പോകില്ലേ? അംഗീകാരം കിട്ടണമെന്ന് കരുതി അദ്ധ്വാനിക്കില്ല. കഥയില്‍ എന്നെക്കൊണ്ട് എന്തുചെയ്യാന്‍ കഴിയും എന്നതില്‍ മാത്രമേ ശ്രദ്ധ ചെലുത്തുകയുള്ളൂ. എന്‍റെ കഥാപാത്രത്തെ എങ്ങനെ ക്രിയേറ്റീവായി ചെയ്യാനാവും എന്നതിലാണ് ഞാന്‍ ശ്രദ്ധ ചെലുത്തുന്നത്. എന്‍റെ അഭിനയത്തിന്‍റെ കഴിവുകണ്ട് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷിക്കും.
നിങ്ങള്‍ക്കായുള്ള കഥ നിങ്ങള്‍തന്നെ രചിച്ച് സംവിധാനം ചെയ്യണം എന്ന് ആഗ്രഹമുണ്ടോ?
ഞാന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ പോലും എനിക്കുവേണ്ടി മാത്രം ചിന്തിക്കില്ല. എല്ലാം എനിക്കുവേണ്ടി ചെയ്യണം എന്ന് ചിന്തിക്കുന്ന സ്വാര്‍ത്ഥയല്ലാ ഞാന്‍. ചെറുപ്പം തൊട്ടേ കഥകള്‍ എഴുതും. എന്നാല്‍ ഒരു സിനിമയ്ക്കുള്ള സ്ക്രിപ്റ്റ് ഇതുവരെ എഴുതിവെച്ചിട്ടില്ല. അതിനുള്ള സമയം കിട്ടാത്തതാണ് കാരണം.
വീട്ടില്‍ ടി.വി ഇല്ലാ എന്ന് നിങ്ങള്‍ പറഞ്ഞതായി എവിടെയോ വായിച്ചിരുന്നു?
അത് സത്യമാണ്. ഞാന്‍ ടി.വി കാണാറില്ല. വാര്‍ത്തകള്‍ പോലും കേള്‍ക്കാറില്ല. എനിക്ക് ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഞാന്‍ ശ്രദ്ധ ചെലുത്താറില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തുനടക്കുന്നു എന്നൊന്നും അറിയാനുള്ള താല്‍പ്പര്യം എനിക്കില്ല. അതുകൊണ്ട് സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നു. എന്‍റെ ജോലിയില്‍ മാത്രം ഞാന്‍ ശ്രദ്ധ ചെലുത്തുന്നു. തുടര്‍ച്ചയായി അഭിനയിക്കുന്നതുകൊണ്ട് അല്‍പ്പം വിശ്രമം ആവശ്യമായി വരും. വീട്ടിലിരുന്നാല്‍ തന്നെ റിലാക്സ്ഡാവും. പ്രകൃതിയുമായി എപ്പോഴും ഇണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കും. എന്‍റെ ലോകം തന്നെ വേറെയാണ്.

ജേര്‍ണലിസ്റ്റാവാന്‍ ആഗ്രഹിച്ചിട്ട് എങ്ങനെ സിനിമയിലെത്തി..?
കന്നടത്തില്‍ '7o clock' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കോളേജില്‍ പഠിക്കയായിരുന്നു. ആ സിനിമ റിലീസായപ്പോള്‍ വീണ്ടും പഠിക്കാന്‍ പോയി. പഠിത്തം പൂര്‍ത്തിയാക്കി വീണ്ടും അഭിനയിക്കാനെത്തി. സിനിമയില്‍ അഭിനയിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. സിനിമയില്‍ പ്രൊഫഷണലായും വ്യക്തിപരമായും എനിക്ക് വളര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ. എന്‍റെ മനസ്സിന് ഇഷ്ടപ്പെട്ടത് ചെയ്യുന്നു. ഇഷ്ടപ്പെട്ടവരോടൊപ്പം ജോലി ചെയ്യുന്നു.
ഇത്രയും കാലമായി സിനിമയില്‍ പ്രയാണം നടത്തുന്നു എന്നത് ആശീര്‍വാദമായി കരുതുന്നു. സിനിമയോടുള്ള 'പാഷന്‍' നാള്‍ക്കുനാള്‍ കൂടിക്കൊണ്ടേയിരിക്കയാണ്. ജനങ്ങള്‍ ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷമുണ്ടാവണം. സിനിമ കഴിഞ്ഞിട്ട് അവര്‍ തിയേറ്ററില്‍ നിന്നും സന്തോഷത്തോടെ പുറത്തിറങ്ങുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കണം എന്നതുമാത്രമാണ് ഇപ്പോഴത്തെ എന്‍റെ ചിന്താവിഷയം.

'തിരുച്ചിട്രമ്പലം' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ എന്തായിരുന്നു തോന്നിയത്..?
എന്‍റെ അഭിനയത്തിനുള്ള അംഗീകാരമായിരുന്നു അത്. ഏത് സിനിമയാണെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞപോലെ ആ കഥാപാത്രം ഭംഗിയായി ചെയ്യണം എന്ന് ആഗ്രഹിക്കും. അത് ഒരു പതിവ് കഥാപാത്രമാവരുത് എന്നതില്‍ ഉറച്ചുനില്‍ക്കും. പൊതുവേ ഒരു സിനിമയില്‍ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍, അതിലെ ഡയലോഗ്, മറ്റുള്ള വിഷയങ്ങള്‍ എല്ലാം യോജിച്ചുവന്നാലേ ആ സിനിമ വര്‍ക്ക് ഔട്ട് ആവുകയുള്ളൂ. എന്‍റെ ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിന് ലഭിച്ച അംഗീകാരത്തില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ വീട്ടിലായിരുന്നു. വീട്ടില്‍ ടി.വി ഇല്ലാത്തതിനാല്‍ എനിക്ക് അറിയില്ലായിരുന്നു. ധനുഷ് ആശംസിച്ചുകൊണ്ട് ഫോണ്‍ ചെയ്തപ്പോഴാണ് അവാര്‍ഡുകിട്ടിയ കാര്യം തന്നെ ഞാന്‍ അറിയുന്നത്.