Wednesday, 10 June 2026 | 05:16 PM

Interviews

സീരിയല്‍ രംഗത്തെ ചുവടുവെപ്പിനെക്കുറിച്ച് നയന പ്രസാദ് പങ്കുവയ്ക്കുന്നു...

നിരഞ്ജന ഇന്ദു 05 May 2026 12:30 PM
സീരിയല്‍ രംഗത്തെ ചുവടുവെപ്പിനെക്കുറിച്ച് നയന പ്രസാദ് പങ്കുവയ്ക്കുന്നു...

ഉപചാരപൂര്‍വ്വം ജയനിലെ നായികാവേഷമാണ് നയന പ്രസാദിന് മലയാള സിനിമയില്‍ ഐഡന്‍റിറ്റി കൊടുക്കുന്നത്. 2018 പോലെ വലിയ സിനിമകളുടെ ഭാഗമായെങ്കിലും നയന ഇപ്പോള്‍ മഹാലക്ഷ്മി എന്ന സീരിയലില്‍ ടൈറ്റില്‍ വേഷത്തില്‍ എത്തിയപ്പോഴാണ് കൂടുതല്‍ വിസിബിലിറ്റി കിട്ടിയതെന്ന് പറയുന്നു. സീരിയല്‍ രംഗത്തെ ചുവടുവെപ്പിനെക്കുറിച്ച് നയന പ്രസാദ് പങ്കുവയ്ക്കുന്നു.

മഹാലക്ഷ്മി വിസിബിലിറ്റി തരുന്നുണ്ടോ?

തീര്‍ച്ചയായും. മഹാലക്ഷ്മി എന്ന സീരിയലിന്‍റെ ടൈറ്റില്‍ കഥാപാത്രം സിനിമയില്‍ ഇത്രയും വര്‍ഷം ഉണ്ടായിട്ടുപോലും കിട്ടാത്ത വിസിബിലിറ്റിയാണ് തരുന്നത്. സീരിയലിന് കൂടുതലും കുടുംബപ്രേക്ഷകരാണ്. അമ്മമാര്‍ വീട്ടില്‍ സീരിയല്‍ വയ്ക്കുമ്പോള്‍ ആ വീട്ടിലെ ചേട്ടനാണെങ്കിലും കുട്ടികള്‍ ആണെങ്കിലും മഹാലക്ഷ്മി കാണുന്നു. അതുകൊണ്ടുതന്നെ പുറത്തൊക്കെ പോവുമ്പോള്‍ മുന്‍പ് കിട്ടിയതിനേക്കാള്‍ വിസിബിലിറ്റി ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷവും കൂടിയാണിത്.

സീരിയലില്‍നിന്ന് അവസരം ലഭിച്ചതെങ്ങനെ?

എന്‍റെ വീട്ടില്‍ അമ്മ സീരിയല്‍ പ്രേക്ഷകയാണ്. അതുകൊണ്ടുതന്നെ ഞാന്‍ സീരിയലിന്‍റെ ഭാഗമാവണമെന്ന് അമ്മ നേരത്തെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു. സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് കോളേജില്‍ അധ്യാപികയായി ജോലിക്ക് കയറിയപ്പോഴും സീരിയല്‍ അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും ലോങ് ടൈം കമ്മിറ്റ്മെന്‍റ് ആയതുകൊണ്ട് അത് ചെയ്യേണ്ട എന്നായിരുന്നു തീരുമാനം. അപ്പോഴാണ് പ്രവീണ്‍ കടക്കാവൂര്‍ സാറിന്‍റെ പുതിയൊരു പ്രോജക്ടിലേക്ക് അവസരം ലഭിക്കുന്നത്. സീരിയലുകളില്‍ തന്നെ ഹിറ്റായ കറുത്തമുത്ത്, അമ്മയറിയാതെ, കുങ്കുമപ്പൂവ് തുടങ്ങിയ സീരിയലുകളുടെയെല്ലാം മേക്കറാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. സീരിയല്‍ രംഗത്ത് കിട്ടിയ ഏറ്റവും നല്ല അവസരമായിരുന്നു. ഓഡിഷന്‍ വഴിയാണ് മഹാലക്ഷ്മിയുടെ ഭാഗമായത്.

സിനിമയില്‍ നിന്ന് സീരിയലില്‍ വന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍?

സിനിമ പോലെ വലിയൊരു ആള്‍ക്കൂട്ടമോ വലിയൊരു അണിയറക്കാരോ ഉള്ള സെറ്റല്ല സീരിയലുകളുടെ. വളരെ ചുരുക്കം ആള്‍ക്കാരുമായി നടത്തുന്ന ഷൂട്ടാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഒരു ഫാമിലി പോലെയാണ്. സീരിയലില്‍ നെഗറ്റീവ് വേഷം ചെയ്യുന്നവര്‍ ഉണ്ടെങ്കിലും ഓഫ് സ്ക്രീനില്‍ ഞങ്ങള്‍ എല്ലാവരും നല്ല കൂട്ടാണ്. സിനിമയില്‍ നിന്ന് സീരിയലില്‍ എത്തിയ മാറ്റങ്ങള്‍ ഷൂട്ടിംഗ് പ്രോസസിങ്ങില്‍ നിന്ന് തുടങ്ങി അഭിനയത്തില്‍ വരെയുണ്ടെന്ന് പലരും മുന്‍പ് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ എനിക്കങ്ങനെ തോന്നിയില്ല. ആക്ടിങ് ആണെങ്കിലും ഷൂട്ടിംഗ് പ്രോസസ്സ് എല്ലാം ഒരുപോലെയാണ് തോന്നിയത്.

നമ്മുടെ കഥാപാത്രം ഇതായിരിക്കുമെന്ന് ഒരു ഐഡിയ തരും. അതനുസരിച്ചായിരിക്കണം നമ്മള്‍ അതിനുവേണ്ടിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വാങ്ങേണ്ടത്. സിനിമയിലാണെങ്കില്‍ അതിനെല്ലാം ഒരു വിഭാഗം ഉണ്ടല്ലോ. സീരിയലില്‍ അങ്ങനെയല്ല മഹാലക്ഷ്മിയെ എങ്ങനെ കാണിക്കണമെന്നത് നമ്മുടെ ചോയ്സാണ്. സിനിമ രണ്ടുമാസം സമയമെടുത്തുചെയ്യുമ്പോള്‍ ഇവിടെ ഒരു വര്‍ഷത്തോളം നില്‍ക്കുന്നു. പുറത്തുപോവുമ്പോള്‍ മഹാലക്ഷ്മിയല്ലേയെന്ന് ചോദിച്ചു പലരും സ്നേഹത്തോടെ വന്നു സംസാരിക്കുന്നു. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാറ്റം.

ഷെഡ്യൂള്‍ എങ്ങനെ മാനേജ് ചെയ്യുന്നത്?

മാസത്തില്‍ പതിനഞ്ച് പതിനാറുദിവസങ്ങളാണ് സീരിയല്‍ ഷൂട്ടിംഗ്. അത് കഴിഞ്ഞാല്‍ കോളേജില്‍ ജോയിന്‍ ചെയ്യും. അങ്ങനെയാണ് ഷെഡ്യൂള്‍ ഇപ്പോള്‍ മാനേജ് ചെയ്യുന്നത്. കോഴിക്കോട് പി.വി.എസ് സ്ക്കൂള്‍ ഓഫ് നഴ്സിങ് കോളേജിലാണ് അധ്യാപികയായി ജോലി ചെയ്യുന്നത്. അവിടെയുള്ള സ്റ്റാഫുകളും വിദ്യാര്‍ത്ഥികളുമെല്ലാം നല്ല സപ്പോര്‍ട്ടാണ്. റീജിയണല്‍ ഡയറക്ടര്‍ ബാബുസാര്‍, പ്രിന്‍സിപ്പല്‍ ധന്യമാം ഇവരില്‍ നിന്നെല്ലാം കിട്ടുന്ന പിന്തുണ കൊണ്ടാണ് ഇപ്പോള്‍ പാഷനും പ്രൊഫഷനും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നത്.

ഒപ്പം വര്‍ക്ക് ചെയ്യുന്നവരെക്കുറിച്ച്?

തുടക്കസമയത്ത് എനിക്ക് ഒരുപാട് കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. ഇതിന്‍റെ പാറ്റേണ്‍ എങ്ങനെയാണെന്നൊന്നും ഒരു ഐഡിയ ഇല്ലാത്തതുകൊണ്ടായിരുന്നത് ഒപ്പം വീട്ടിലുള്ളവരെല്ലാം സീരിയല്‍ എക്സ്പീരിയെന്‍സ് ഉള്ളവരായതുകൊണ്ട് അവര്‍ എന്നെ ഒരുപാട് സഹായിച്ചിരുന്നു. അവര്‍ക്ക് കൃത്യമായി സീരിയല്‍ പ്രേക്ഷകര്‍ക്ക് എന്ത് വേണമെന്ന് അറിയാമായിരുന്നു. പ്രവീണ്‍ സാറും സഹായിക്കും. തുടക്കസമയത്ത് സാര്‍ അഭിനയിച്ചു കാണിച്ചുതരുമായിരുന്നു. അതെല്ലാം മഹാലക്ഷ്മിയെ നന്നാക്കാന്‍ സഹായിച്ചിട്ടുണ്ട്. പുറത്ത് പോവുമ്പോള്‍ മഹാലക്ഷ്മിയില്‍ നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങള്‍ ചെയ്യുന്നവരെക്കുറിച്ചെല്ലാം മോശമായി പറയാറുണ്ട്. പക്ഷേ ഞങ്ങള്‍ എല്ലാവരും പരസ്പരം നല്ല സ്നേഹമാണ്. കട്ട് വിളിച്ചാല്‍  പിന്നെ സെറ്റില്‍ ജോളി മൂഡാണ്.

 

Tags
Nayana Prasad Srisanth