അതെ. എനിക്ക് പേഴ്സണലായി വളരെ അറ്റാച്ച്മെന്‍റുള്ള ഒരു കഥാപാത്രമാണ് ഷാജി പാപ്പന്‍. ഇയാള്‍ മാസ്സുമാണ്, മണ്ടനുമാണ്... -ജയസൂര്യ
ജയസൂര്യയെ കാണുമ്പോള്‍ ആളുകളുടെ 'ഷാജി പാപ്പോ' എന്ന വിളി ഒരു നടനെന്ന നിലയില്‍ ജയസൂര്യയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നുണ്ട്. അതിനുകാരണം 'ആട്' എന്ന സിനിമയാണ്. ഒരു പ്രത്യേകതയുള്ള മുഖമൊരുക്കത്തില്‍ മീശയും താടിയും കൃതാവും ഒക്കെ വച്ച് ചുണ്ടുകള്‍ മുറുക്കിച്ചുവപ്പിച്ച് ചുവന്ന ഓയില്‍ ജൂബ്ബയും കറുത്ത മുണ്ടും ധരിച്ച് ജയസസൂര്യ വരുമ്പോള്‍ പ്രേക്ഷകര്‍ക്കിപ്പോഴറിയാം 'ആട്' സിനിമയില്‍ ജയസൂര്യ അഭിനയിക്കുകയാണെന്ന്.
മറ്റേതൊരു സിനിമയുടെ ലൊക്കേഷനില്‍ ചെല്ലുമ്പോഴും ആളുകളുടെ പതിവ് ചോദ്യമുണ്ടാകും. സിനിമയുടെ പേരെന്താണ്..., സംവിധായകന്‍ ആരാണ്... എന്നെല്ലാം. എന്നാല്‍ മേല്‍പ്പറഞ്ഞ ലുക്കില്‍ കാണുമ്പോഴെ ആളുകള്‍ക്കിപ്പോഴറിയാം 'ആട്' സിനിമയുടെ പുതിയ ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാകുമെന്ന്.
പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പാണ് 'ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ ആദ്യമായി റിലീസാകുന്നത്. അതിനുശേഷം രണ്ടാം ഭാഗം പുറത്തിറങ്ങി.
.jpg)
ഇപ്പോള്‍ 'ആടി'ന്‍റെ മൂന്നാം ഭാഗം റിലീസ് മാര്‍ച്ച് 19 നാണ്. അതിന്‍റെ മുന്നൊരുക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ജയസൂര്യയെ കാണുന്നത്. ഈ കൂടിക്കാഴ്ചയ്ക്കിടയില്‍ ജയസൂര്യ പറഞ്ഞതാണ് ആമുഖത്തില്‍ കുറിച്ചിരിക്കുന്നത്.
ഷാജിപാപ്പോ എന്ന വിളി ആസ്വദിക്കുന്നതിനെക്കുറിച്ചും വിശേഷപരമായ അപ്പിയറന്‍സിനെക്കുറിച്ചുമൊക്കെ പറഞ്ഞുതുടങ്ങിയ ജയസൂര്യയോട് പുതിയ 'ആടി'ന്‍റെ റിലീസ് അടുത്തപ്പോഴുള്ള പ്രതീക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയസൂര്യ പറഞ്ഞു.
'പുതിയ ആട്' റിലീസാകുന്ന ഈ അവസരത്തില്‍ ഞാന്‍ രണ്ടുതരത്തില്‍ എക്സൈറ്റഡാകുന്നു എന്നുള്ളതാണ് ഒരു കാര്യം. അതായത്, എന്‍റെ ഒരു സിനിമ റിലീസാകുന്നത് നാലുവര്‍ഷങ്ങള്‍ കൂടിയാണ് എന്നത് ഒരു കാര്യം. അത് ജനങ്ങള്‍ ആഗ്രഹിച്ച സിനിമയിലൂടെ വീണ്ടും വരുമ്പോള്‍ ആ നാലുവര്‍ഷത്തെ വിടവ് നികത്താന്‍ കഴിയുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ആ വിജയസിനിമയിലൂടെ വീണ്ടും വരാന്‍ കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെയാണ്. അതൊരു വലിയ ഭാഗ്യമായും ഞാന്‍ കാണുന്നു.
അതിന്‍റെ പിന്നില്‍ ചില കാരണങ്ങളുണ്ടെന്നും ജയസൂര്യ വ്യക്തമാക്കി.
'വളരെ റെയറായിട്ടാണ് ഒരു സിനിമയുടെ സെക്കന്‍റ് പാര്‍ട്ട് സംഭവിക്കുന്നത്. ഞാനത്, എന്‍റെ മൂന്നാമത്തെ സിനിമയിലൂടെയാണ് രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമ ഒന്നും രണ്ടും ഭാഗങ്ങളുണ്ടായിരുന്നു. 'പ്രേതം' എന്ന സിനിമയും ഒന്നും രണ്ടും ഭാഗങ്ങളുണ്ടായിരുന്നു. 'ആട്' ഒന്നും രണ്ടും ഭാഗങ്ങള്‍ കഴിഞ്ഞ് മൂന്നാം ഭാഗത്തിലെത്തി നില്‍ക്കുന്നു.

ഇതേക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഒരു സിനിമയുടെ സെക്കന്‍റ് പാര്‍ട്ട് ആലോചിക്കണമെങ്കില്‍ ആ സിനിമയും സിനിമയിലെ കഥാപാത്രങ്ങളെയും ജനങ്ങള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടുമാത്രമാണ് നമുക്ക് സെക്കന്‍റ് പാര്‍ട്ടിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നത്.
'ആട്' സിനിമ ആദ്യം റിലീസാകുമ്പോള്‍ അതൊരു വിജയ ചിത്രമായിരുന്നില്ല. എന്നിട്ടും ആ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വന്നു എന്നുള്ളതാണ് അത്ഭുതം. എനിക്ക് തോന്നുന്നത് ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരിക്കും.
പ്രേക്ഷകര്‍ ഇങ്ങനെ സപ്പോര്‍ട്ട് തന്നപ്പോള്‍ തുടര്‍ഭാഗമെടുക്കാന്‍ താങ്കള്‍ക്ക് ധൈര്യം കിട്ടിയിരുന്നോ..?
തീര്‍ച്ചയായും. ആട് 2 ലെ കഥാപാത്രങ്ങളെ വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമായിരുന്നു. 'ആട്' സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്കിഷ്ടമായിരുന്നു എന്നുള്ളതാണ് ഒരു വിശേഷത. അത് വലിയ ഒരു ദൈവാനുഗ്രഹം തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു.
ആട് മൂന്നാം ഭാഗം വരുമ്പോള്‍ ആദ്യത്തെ രണ്ട് സിനിമകളില്‍ നിന്നും എങ്ങനെയൊക്കെയാണ് വേറിട്ട് നില്‍ക്കുന്നത്?
അത് പല രീതിയിലുമുണ്ട്. ടൈം ആണെങ്കിലും ശരി, കോസ്റ്റ് ആണെങ്കിലും ശരി, കഥാസന്ദര്‍ഭങ്ങളാണെങ്കിലും ആര്‍ട്ടിസ്റ്റുകളുടെ കാര്യത്തിലാണെങ്കിലും എല്ലാമെല്ലാം കുറച്ചുകൂടി വലിയ ലെവലില്‍ തന്നെയാണ് മൂന്നാം ഭാഗമൊരുക്കുന്നത്. ആട് 1 ന് വേണ്ടി മുപ്പതോ നാല്‍പ്പതോ ദിവസങ്ങളാണ് ചെലവഴിച്ചിട്ടുള്ളതെങ്കില്‍ ആട് 2 വിനുവേണ്ടി അന്‍പതോ അറുപതോ ദിവസമായിരിക്കും നമ്മള്‍ ചെലവഴിച്ചിട്ടുള്ളത്. എന്നാല്‍ മൂന്നാം ഭാഗത്തിന് വേണ്ടി ചെലവഴിച്ചിരിക്കുന്ന ടൈം എട്ടൊന്‍പത് മാസമാണ്. അത്രയും ഗ്രാന്‍റാണ്. ഈ സിനിമ ചിത്രീകരിച്ചിട്ടുള്ളതും, വലിയ ഒരു ലെവലില്‍ തന്നെയാണ്.

പത്തുവര്‍ഷങ്ങള്‍ക്കുശേഷം മൂന്നാം പാര്‍ട്ട് വരുമ്പോള്‍...?
കാലത്തിനനുസരിച്ചുള്ള മാറ്റമെന്ന് പറയുന്നത് ഇതിന്‍റെ സ്ക്രിപ്റ്റിലുമുണ്ട്. മിഥുന്‍ മാനുവല്‍ വളരെ ബ്രില്ല്യന്‍റായിട്ടുള്ള ഒരു എലമെന്‍റ് കൂടി ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ജനറേഷനിലെ ആളുകള്‍ക്കും കൂടി ഈ പുതിയ സീക്വന്‍സ് ഇഷ്ടമാകും. സിനിമകളുടെ കാഴ്ചയുടെ രീതി തന്നെ മാറി. പ്രേക്ഷകരുടെ അറിവ് കൂടി. പ്രത്യേകിച്ചും ടെക്നിക്കലായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ ഇന്‍റര്‍നാഷണല്‍ സിനിമകളിലേയ്ക്ക് കൂടുതല്‍ എക്സ്പോസ്ഡായിട്ടുള്ളതുകൊണ്ടാണ്. അതിന്‍റെ കാരണം കോവിഡ് കാലമാണ്. ആ സമയത്താണ് അവര്‍ അത്തരം സിനിമകള്‍ കൂടുതലായും കണ്ടിട്ടുള്ളത്. നമുക്കിവിടെ എന്തുകൊണ്ട് അത്തരം സിനിമകള്‍ വരുന്നില്ല എന്ന ചിന്തകള്‍ അവരില്‍ ഉണ്ടായി. അതേക്കുറിച്ചവര്‍ ചോദിക്കാനും തുടങ്ങി.
താങ്കളുടെ അഭിനയജീവിതത്തില്‍ ഷാജിപാപ്പന്‍ എന്ന കഥാപാത്രം ഒരു നല്ല വഴിത്തിരിവ് നല്‍കിയിട്ടുണ്ടല്ലെ..?
അതെ. എനിക്ക് പേഴ്സണലായി വളരെ അറ്റാച്ച്മെന്‍റുള്ള ഒരു കഥാപാത്രമാണ് ഷാജി പാപ്പന്‍. അത് എന്നെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാത്തരം ഓഡിയന്‍സിനെയും വളരെയധികം സന്തോഷിപ്പിച്ചിട്ടുള്ള ഒരാളാണ് ഇയാള്‍. ഞാന്‍ എവിടെ ചെന്നാലും ഷാജി പാപ്പന്‍റെ കുട്ടിഫാന്‍സിനെക്കാണാം. വയസ്സായ ആളുകള്‍, അമ്മമാര്‍... ചെറുപ്പക്കാര്‍... അങ്ങനെ എല്ലാ പ്രായക്കാര്‍ക്കും ഇയാളെ ഇഷ്ടമാകുന്നു എന്നതാണ് വലിയ കാര്യം. പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആളുകള്‍ ഈ കഥാപാത്രത്തെ ഓര്‍ത്തിരിക്കുന്നു.

ഞാന്‍ വേറൊരു കാര്യം പറയട്ടെ..., നമ്മുടെ വീട്ടിലെ കുടുംബാംഗങ്ങളുടെ പോലും ഫോണ്‍ നമ്പര്‍ നമുക്ക് കാണാതെ അറിയാമോ? നമ്മള്‍ ദിവസവും എത്രയെത്ര ആളുകളെ കാണുന്നു... പരിചയപ്പെടുന്നു... അവരുടെയെല്ലാം പേരുകള്‍ നമ്മള്‍ ഓര്‍ത്തിരിക്കാറുണ്ടോ? ഒരു സിനിമയിലെ കഥാപാത്രത്തിന്‍റെ പേര് പക്ഷേ... വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍ത്തിരിക്കുന്നു. അത്രയും ഷോര്‍ട്ട് മെമ്മറിയുള്ള കാലഘട്ടത്തില്‍ ഷാജി പാപ്പന്‍ എന്ന പേര് ഓര്‍ത്തിരിക്കുക എന്നത് ഒരു വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.
ഇയാള്‍ മാസ്സുമാണ്, മണ്ടനുമാണ്. ഇങ്ങനെയുള്ള ഒരു പുതുമയുള്ള കഥാപാത്രത്തെ പ്രേക്ഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചു.. ഉള്‍ക്കൊണ്ടു എന്ന കാര്യം എന്നെ വളരെ സന്തോഷിപ്പിക്കുന്നു.
ഷാജിയുടെ കോസ്റ്റ്യൂം തന്നെ വൈറലായിട്ടുണ്ടല്ലോ. കറുത്ത മുണ്ടും ചുവന്ന ജൂബ്ബയും ഒക്കെ ആളുകള്‍ അനുകരിച്ച് ധരിക്കാറുണ്ടായിരുന്നു. ചില കാര്യങ്ങള്‍ക്കുപോലും ചില യുവാക്കള്‍ ഈയൊരു വേഷം ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു..?
എന്‍റെ പത്നി സരിതയാണ് അത് ഡിസൈന്‍ ചെയ്തത്. ഇപ്പോള്‍ മൂന്നാം ഭാഗത്തിന് വേണ്ടിയും സരിത തന്നെയാണ് എന്‍റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിട്ടുള്ളത്. കുര്‍ത്തയില്‍ പുതിയ ഒരു ഡിസൈനും മുണ്ടില്‍ മറ്റൊരു പുതിയ പാറ്റേണും സരിത ട്രൈ ചെയ്തിട്ടുണ്ട്.

കൂടെ അഭിനയിച്ചവര്‍ മൂന്നാമത്തെ സിനിമയ്ക്കുവേണ്ടിയും ഒരുമിച്ചപ്പോഴുള്ള അനുഭവങ്ങള്‍ ഒന്ന് വ്യക്തമാക്കാമോ?
എല്ലാവരേയും ഒരുമിച്ച് വീണ്ടും കാണുക..., അവരുടെ കൂടെത്തന്നെ വീണ്ടും അഭിനയിക്കുക.. അതൊരു വല്ലാത്ത അനുഭവം തന്നെയാണ് നമുക്ക് സമ്മാനിക്കുക. പേഴ്സണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആന്‍റ് പ്രൊഫഷണല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ എന്നൊരു സംഭവമുണ്ടല്ലോ. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്യാനായി. ഇത്രയും വര്‍ഷം കഴിഞ്ഞതിനുശേഷം എങ്ങനെയാണ് ആ കഥാപാത്രങ്ങളെ വീണ്ടും സമീപിക്കുന്നത്, സിനിമയെ സമീപിക്കുന്നത് എന്നത് വലിയ ബ്യൂട്ടിഫുള്ളായിട്ടുള്ള ഒരു കാര്യമാണ്. അത് എനിക്ക് കാണാനും അറിയാനും കഴിഞ്ഞു. കാരണം അവരും, സൈജുക്കുറുപ്പാകട്ടെ, അജുവര്‍ഗ്ഗീസാകട്ടെ, ധര്‍മ്മജനാകട്ടെ..., അവരും കാലത്തിനൊപ്പം സിനിമയ്ക്കൊപ്പം വളരുകയാണല്ലോ...