ജയ ജയ ജയ ജയ ഹേ ഹിറ്റായതോടെ കൂടുതല്‍ അവസരങ്ങള്‍ എന്നെ തേടിയെത്തുകയായിരുന്നു... - കുടശ്ശനാട് കനകം
Highlights
കഴിഞ്ഞ ജനുവരിയില്‍ കുടശ്ശനാട് കനകം അഭിനയിച്ച ആശാന്‍, സംഭവം, പ്രകമ്പനം, സുഖമാണോ സുഖമാണ്, നാല്‍പ്പതുകളിലെ പ്രണയം തുടങ്ങി നാല് സിനിമകളാണ് തിയേറ്ററുകളിലെത്തിയത്. ഇതിനകം പതിനെട്ട് മലയാളം സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞ കുടശ്ശനാട് കനകത്തെ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് കണ്ടത്. കുടശ്ശനാട് കനകം സംസാരിക്കുകയാണ്.
കുടശ്ശനാട് കനകത്തിന്‍റെ മനസ്സില്‍ അനുഭവങ്ങളുടെ തിരയിളക്കമാണ്. അരനൂറ്റാണ്ടുകാലം അരങ്ങ് പകര്‍ന്നുനല്‍കിയ ഭാവാഭിനയത്തിന്‍റെ കരുത്താണ് കനകത്തിന്‍റെ കൈമുതല്‍. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതയാത്രയില്‍ കഥാപാത്രങ്ങളുടെ ഉള്‍ക്കരുത്തിലൂടെയാണ് കുടശ്ശനാട് കനകം സഞ്ചരിച്ചത്. അരങ്ങില്‍ നിന്നും ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ കനകത്തിന് എന്തെന്നില്ലാത്ത കൗതുകമാണ്. നാടകത്തില്‍ ഒരു കഥാപാത്രം ടേക്കില്ലാതെ ലൈവായി ഡയലോഗ് പറയുമ്പോള്‍ സിനിമയില്‍ ഒരുപാട് ടേക്കുകളിലൂടെയാണ് ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രത്തെ രാകിമിനുക്കിയെടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം കുടശ്ശനാട് കനകം തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കുടശ്ശനാട് കനകം അഭിനയിച്ച ആശാന്‍, സംഭവം, പ്രകമ്പനം, സുഖമാണോ സുഖമാണ്, നാല്‍പ്പതുകളിലെ പ്രണയം തുടങ്ങി നാല് സിനിമകളാണ് തിയേറ്ററുകളിലെത്തിയത്. ഇതിനകം പതിനെട്ട് മലയാളം സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞ കുടശ്ശനാട് കനകത്തെ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് കണ്ടത്. കുടശ്ശനാട് കനകം സംസാരിക്കുകയാണ്.
പുതിയ ചിത്രമായ കുന്നില്‍ വിജയന്‍ സംവിധാനം ചെയ്ത ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?
എന്നെ ആകര്‍ഷിച്ചത് ചിത്രത്തിന്‍റെ കഥയാണ്. ഈ ചിത്രത്തില്‍ ഒരുപാട് അഭിനയസാധ്യതയുള്ള കല്യാണം മുടക്കി കനകം എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. എന്‍റെ പേരിലുള്ള കഥാപാത്രം കൂടിയായതിനാല്‍ വളരെയേറെ ഇഴുകിച്ചേര്‍ന്നാണ് ഞാന്‍ അഭിനയിച്ചത്.
നിറഞ്ഞ സംതൃപ്തിയാണുള്ളത്. നാടകമാണ് എനിക്കെല്ലാം. ചെറുപ്പം മുതല്‍ക്കേ കലാനിലയം രാമചന്ദ്രന്‍റെ ഗുരുമുഖത്ത് നിന്നാണ് ഞാന്‍ നൃത്തപഠനത്തിന് ഹരിശ്രീ കുറിച്ചത്. നൃത്തത്തോടൊപ്പം നാടകങ്ങളില്‍ അഭിനയിക്കാനും എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു. സ്ത്രീകള്‍ നാടകത്തില്‍ അഭിനയിക്കുന്നത് ഭ്രഷ്ടായി കണ്ടിരുന്ന കാലത്താണ് പതിനാലാമത്തെ വയസ്സില്‍ വിശുദ്ധപാപം എന്ന നാടകത്തിലൂടെ ഞാന്‍ നാടകാഭിനയത്തിലേക്ക് കടന്നുവന്നത്.
നാടകത്തില്‍ നിന്നും സിനിമയിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം എന്തായിരുന്നു..?
ലോക്ഡൗണ്‍ കാലത്ത് ഒറ്റപ്പെട്ടുപോയ ഞാന്‍ ജീവിതം എങ്ങനെ മുന്നോട്ടുപോവണമെന്നറിയാതെ പകച്ചുനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അരുണ്‍ സോണ്‍, കലാവേദി ബിജു എന്നിവരുടെ പിന്തുണയോടെ എന്‍റെ ഫോട്ടോകള്‍ അയച്ചുകൊടുത്തു. ചിത്രത്തിന്‍റെ സംവിധായകനായ വിപിന്‍ദാസ് എന്‍റെ ഫോട്ടോ കണ്ടതും ബേസില്‍ ജോസഫിന്‍റെ അമ്മയായി അഭിനയിക്കാന്‍ എന്നെ സെലക്റ്റ് ചെയ്യുകയായിരുന്നു.
നാടകത്തിന്‍റെ അരങ്ങില്‍ നിന്നും വ്യത്യസ്തമായി സിനിമയില്‍ ആദ്യമായി ക്യാമറയുടെ മുന്നില്‍ കഥാപാത്രമായപ്പോഴുണ്ടായ അനുഭവം?
ആദ്യസിനിമ നല്ലൊരു അനുഭവം തന്നെയായിരുന്നു. നാടകങ്ങള്‍ക്ക് പുറമെ നൂറിലധികം ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചതു കൊണ്ട് ക്യാമറയുടെ മുന്നില്‍ നിന്നുള്ള അഭിനയത്തില്‍ ടെന്‍ഷന്‍ തോന്നിയിരുന്നില്ല. ചിത്രത്തിലെ നായകനായ ബേസില്‍ ജോസഫിന്‍റെ കൂടെ അമ്മവേഷമായതിനാല്‍ ബേസിലിന്‍റെയും ദര്‍ശനയുടെയും സപ്പോര്‍ട്ട് നല്ലതുപോലെ ഉണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ജയ ജയ ജയ ജയ ഹേ ഹിറ്റായതോടെ കൂടുതല്‍ അവസരങ്ങള്‍ എന്നെ തേടിയെത്തുകയായിരുന്നു.
ഫോട്ടോ: ഷാഹുല്‍ കൊടുവായൂര്‍