ഒരു ആക്ടര്‍ എന്ന നിലയില്‍, 'ഞാന്‍ ഒരുപാട് പരിചയസമ്പന്നയായ ഒരു നടിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഞാന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്... -ദൃശ്യ രഘുനാഥ്
Highlights
ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ദൃശ്യ രഘുനാഥ് നാനയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
എന്താണ് ഡോസ് വിശേഷങ്ങള്‍?
എന്‍റെ ഏറ്റവും പുതിയ സിനിമയാണ് 'ഡോസ്.' ഇതില്‍ എനിക്ക് വളരെ സന്തോഷം തരുന്ന ഒരു കാര്യം എന്‍റെ 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലെ സഹതാരം തന്നെയാണ് ഡോസ് എന്ന സിനിമയിലും എന്‍റെ കൂടെ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹാപ്പി വെഡ്ഡിംഗില്‍ നിന്നും ഈ ഒരു ചിത്രത്തില്‍ എത്തിനില്‍ക്കുമ്പോഴുള്ള ആ ഒരു യാത്ര വ്യക്തിപരമായി വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്.
ആക്ടര്‍ എന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു?
ഒരു ആക്ടര്‍ എന്ന നിലയില്‍, ഞാന്‍ ഒരുപാട് പരിചയസമ്പന്നയായ ഒരു നടിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഞാന്‍ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിയാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിശ്വസിക്കുന്നത്. ചുരുക്കത്തില്‍, സിനിമയെ ഒരു നിരന്തരമായ പഠനപ്രക്രിയയായിട്ടാണ് കാണുന്നത്.
ഡോസിലെ കഥാപാത്രത്തെക്കുറിച്ച്?
'ഡോസ്' എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തിന്‍റെ പേര് 'അരുന്ധതി'എന്നാണ്. അരുന്ധതി ഒരു കാര്‍ഡിയോളജിസ്റ്റാണ്. ജീവിതത്തില്‍ കുറച്ചു ട്രോമകളിലൂടെയൊക്കെ കടന്നുപോയിട്ടുള്ള ഒരു വ്യക്തിയാണ് അവള്‍.
നേരിട്ട വെല്ലുവിളികള്‍?
സാധാരണയായി എന്നെ സിനിമകളില്‍ കാണാറുള്ളതുപോലെ അത്ര പ്ലീസിങ് ആയിട്ടുള്ള, അല്ലെങ്കില്‍ എപ്പോഴും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രമല്ല അരുന്ധതി. ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് വ്യക്തിപരമായി പെര്‍ഫോം ചെയ്യാന്‍ ഒരുപാട് സ്പേസ് ഉള്ള, അഭിനയസാധ്യതയുള്ള ഒരു കഥാപാത്രമാണിത്. പ്രേക്ഷകര്‍ക്ക് ഈ കഥാപാത്രം ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമയിലേക്ക് വരുമെന്നോ, അല്ലെങ്കില്‍ ഒരു നടിയാകുമെന്നോ എപ്പോഴെങ്കിലും വിചാരിച്ചിരുന്നോ?
ഒരിക്കലുമില്ല. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഒരു ഇന്‍ഡസ്ട്രിയാണിത്. ഞാന്‍ ഒരു നടിയാകും എന്ന് അങ്ങനെ ഭയങ്കരമായിട്ടൊന്നും വിശ്വസിച്ചിരുന്നില്ല. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ കോ- കരിക്കുലര്‍ കാര്യങ്ങളിലൊക്കെ ഞാന്‍ വളരെ സജീവമായിരുന്നെങ്കിലും, അഭിനയം എന്നെങ്കിലും എന്‍റെ പ്രൊഫഷന്‍ ആകുമെന്ന് ഞാന്‍ കരുതിയിട്ടേയില്ല. മറ്റുള്ളവരെപ്പോലെ ചെറിയ ആഗ്രഹങ്ങളൊക്കെ എനിക്കും ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍, ഇത് എന്‍റെ വലിയൊരു സ്വപ്നമൊന്നും ആയിരുന്നില്ല.