Friday, 09 October 2026 | 12:42 AM

Interviews

ഹിന്ദി സിനിമയിലെ പ്രമുഖരായ പല അഭിനേതാക്കളും അഭിനയിക്കുന്ന ഒരു സിനിമയാണിത്. ഒരു കുഞ്ഞുരീതിയില്‍ ആണെങ്കിലും ഈ അവസരം ലഭിച്ചതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു... -വസുദേവ്

ജി. കൃഷ്ണന് 08 October 2026 07:37 AM
ഹിന്ദി സിനിമയിലെ പ്രമുഖരായ പല അഭിനേതാക്കളും അഭിനയിക്കുന്ന ഒരു സിനിമയാണിത്. ഒരു കുഞ്ഞുരീതിയില്‍ ആണെങ്കിലും ഈ അവസരം ലഭിച്ചതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു... -വസുദേവ്

Highlights

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതിയായ വസുദേവ് സാഹിത്യകാരനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ആനന്ദബോസിന്‍റെ മകനാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുകയും മോഹന്‍ലാല്‍ ഒരു അന്ധനായ നായകനെ അവതരിപ്പിക്കുകയും ചെയ്ത 'ഒപ്പം' എന്ന സിനിമ പ്രേക്ഷകമനസ്സില്‍ ഇടം നേടിയിരുന്നുവല്ലോ. ആ സിനിമ ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് പൂര്‍ത്തിയാക്കിയിരിക്കുന്നു.

'ഹേയ് വാന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ഹിന്ദിയിലെ പ്രശസ്ത നടന്‍ സെയ്ഫ് അലിഖാനാണ് മോഹന്‍ലാലിന്‍റെ വേഷം ചെയ്യുന്നത്. അക്ഷയ്കുമാര്‍ പ്രധാന വില്ലനായും അഭിനയിക്കുന്നു.

ഈ സിനിമയില്‍ യോഗേഷ് എന്നൊരു ശ്രദ്ധേയായ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ മലയാളിയായ വസുദേവിനും അവസരം ലഭിച്ചിരിക്കുന്നു. ഏതാനും ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുള്ള വസുദേവിന് സിനിമ ഒരു മോഹമായിരുന്നു. അഭിനയരംഗത്ത് എത്തണമെന്ന ആഗ്രഹം ഇപ്പോള്‍ പ്രിയദര്‍ശന്‍റെ ഈ ഹിന്ദി സിനിമയിലൂടെയും മനുഅശോക് സംവിധാനം ചെയ്യുന്ന വെബ്സീരീസിലൂടെയും സാധ്യമായിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളും ഒക്ടോബര്‍ ആദ്യവാരത്തില്‍ പ്രേക്ഷകസമക്ഷം എത്തുന്നു എന്നുള്ളതാണ് വസുദേവിനെ സന്തോഷിപ്പിക്കുന്നത്.

മറ്റൊരു ഹിന്ദി സീരീസിലും സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ഒരു കൊറിയന്‍ കണ്‍ഫ്യൂഷന്‍' എന്ന ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വസുദേവ് ബോസ്. ഹിന്ദി സീരീസിന്‍റെ ഷൂട്ടിംഗ് ജയ്പൂരിലും കൊറിയന്‍ കണ്‍ഫ്യൂഷന്‍ സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയിലുമായി പൂര്‍ത്തിയായി വരികയാണ്.

മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ നല്‍കിയിട്ടുള്ള പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍റെ ഹിന്ദി സിനിമയില്‍ ഒരു കഥാപാത്രമാകാനും ആ സിനിമയുടെ ഭാഗമാകാനും കഴിഞ്ഞ വസുദേവ് ബോസിനോട് ആ സിനിമാ സെറ്റിലെ അനുഭവങ്ങള്‍ പറയാമോയെന്ന് ചോദിച്ചപ്പോള്‍ വസുദേവ് ഇങ്ങനെ പറഞ്ഞു.

'ഹിന്ദി സിനിമയിലെ പ്രമുഖരായ പല അഭിനേതാക്കളും അഭിനയിക്കുന്ന ഒരു സിനിമയാണിത്. ഒരു കുഞ്ഞുരീതിയില്‍ ആണെങ്കിലും ഈ അവസരം ലഭിച്ചതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു. പ്രിയന്‍ സാറിനോടുള്ള നന്ദിയും ഈയവസരത്തില്‍ അറിയിക്കട്ടെ. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്... പോലുള്ള പ്രിയന്‍സാറിന്‍റെ എത്രയെത്ര സിനിമകളാണ് കണ്ടാസ്വദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രിയന്‍ സാറിന്‍റെ വലിയ ഒരു ഫാനാണ് ഞാന്‍.

പ്രിയന്‍ സാര്‍ ഇത്രയും വലിയ ഒരു ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ കുറെ ജോലികളൊക്കെ അസോസിയേറ്റ് ഡയറക്ടറായിരിക്കും ചെയ്യുന്നതെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. 'ആക്ഷന്‍...' പറയാനുള്ള ടൈം ആകുമ്പോള്‍ സാര്‍ മോണിട്ടറിന് മുന്നിലെത്തുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, അങ്ങനെയെ ആയിരുന്നില്ല പ്രിയന്‍സാര്‍. ലൊക്കേഷന്‍റെ കാര്യം, സീന്‍സിന്‍റെ കാര്യം, പെര്‍ഫോമന്‍സ്, ലൈറ്റിന്‍റെ കാര്യങ്ങള്‍... എല്ലാം സാര്‍ വളരെ ഡീറ്റെയിലായും എനര്‍ജറ്റിക്കായും നോക്കുന്നുണ്ട്. പ്രിയന്‍സാര്‍ വളരെ വളരെ പ്രൊഫഷണലാണ്. 

ഞാനാദ്യം ലൊക്കേഷനിലെത്തുമ്പോള്‍ അല്‍പ്പം  നെര്‍വസായിരുന്നു. എന്നാല്‍ എന്‍റെ ക്യാരക്ടറിനെക്കുറിച്ചും സിറ്റ്വേഷനെക്കുറിച്ചും ആക്ടിംഗിനെക്കുറിച്ചുമൊക്കെ വിശദമായി സാര്‍ പറഞ്ഞുതന്നപ്പോള്‍ അതെല്ലാം മാറി. എനിക്ക് എന്‍റെ ക്യാരക്ടറിനുവേണ്ടി എന്തെങ്കിലും കറക്ഷന്‍ വരുത്തണമെങ്കിലും ചെയിഞ്ച് വരുത്തണമെങ്കിലും അഭിപ്രായം ചോദിക്കണമെങ്കിലും പ്രിയന്‍സാറിന്‍റെയടുത്ത് എനിക്കൊരു സ്പേസുണ്ടായിരുന്നു. സെറ്റില്‍ എല്ലാവരും വലിയ ഹാപ്പിയായിരുന്നു... ഹാര്‍ഡ് വര്‍ക്കിംഗായിരുന്നു.  പ്രിയന്‍സാറിന്‍റെ വരാനിരിക്കുന്ന മലയാളം സിനിമയിലും അഭിനയിക്കാന്‍ അവസരം കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.... അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഒപ്പം സിനിമയിലെ ഏത് കഥാപാത്രമാണ് വസുദേവ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്?

ഒപ്പത്തില്‍ മണിക്കുട്ടന്‍ ചെയ്ത റോളാണ് ഞാന്‍ ചെയ്യുന്നത്.

വെബ് സീരീസിനെക്കുറിച്ച് പറയാമോ?

ഐസ് (ല്യലെ) എന്നാണ് സീരീസിന്‍റെ പേര്. 'ഉയരെ' സിനിമ സംവിധാനം ചെയ്ത മനുഅശോകാണ് ഇത് സംവിധാനം ചെയ്യുന്നത്. ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണ് ഈ സീരീസ്. എന്‍റെ ക്യാരക്ടറിന്‍റെ പേര് മിലന്‍ ശേഖര്‍.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതിയായ വസുദേവ് സാഹിത്യകാരനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ആനന്ദബോസിന്‍റെ മകനാണ്.

 

Tags
Vasudev