എനിക്ക് ഓണം പതിവുപോലെ വന്നുപോകുന്നു. ലളിതമായി. ആഡംബരങ്ങളൊന്നുമില്ല... - ആഷിക
Highlights
'മിസ്സിംഗ് ഗേള്‍' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു ആഷികയുടെ സിനിമയിലെ തുടക്കം. അതിനുശേഷം 'ധീരം' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. പിന്നെ, ഈയടുത്ത് റിലീസായ ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവ്' എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. മുരളിഗോപിയുടെ മകളായി, സാനിയയുടെ സിസ്റ്ററായി അഭിനയിച്ചു.
എനിക്ക് ഓണം പതിവുപോലെ വന്നുപോകുന്നു. ലളിതമായി. ആഡംബരങ്ങളൊന്നുമില്ല. കുറച്ചുകാലം നാട്ടില്‍ ഇല്ലായിരുന്നു. നാട്ടിലെത്തിയതിനുശേഷമാണ് ഓണപ്പൂക്കളമിടാനും ഒക്കെ തുടങ്ങിയത്. ഞാനും അമ്മയും കൂടിയാണ് പൂവിടുന്നത്. അടുത്തുനിന്നും കിട്ടുന്ന കുറച്ച് പൂക്കള്‍ മാത്രമായിരിക്കും ഉണ്ടാകുക. മുക്കുറ്റിപ്പൂക്കള്‍ കിട്ടാനില്ല. അത് അന്വേഷിച്ചുനടക്കലാണ് പണി. ഉച്ചയ്ക്ക് അമ്മമ്മയുടെ വക സദ്യ.
ഓണക്കറികളെല്ലാം കാണും. പിന്നെ പായസം. ഞാനും അമ്മയും അമ്മമ്മയും കൂടി സദ്യ കഴിക്കും. അതിന്‍റെയെല്ലാം കുറച്ച് ഫോട്ടോകളെടുത്തുവയ്ക്കും. ഇത്രയൊക്കെയെ ഉള്ളൂ ഓണം.. സിംപിള്‍.
പിന്നെ, കോളേജിലും സ്ക്കൂളിലും പഠിക്കുന്ന കാലത്ത് ഓണപ്പൂക്കളമത്സരത്തില്‍ പതിവായി പങ്കെടുക്കും. സമ്മാനങ്ങളും കിട്ടാറുണ്ട്. കൂട്ടുകാരുമായി ചേര്‍ന്നുള്ള അതിന്‍റെ രസങ്ങളെല്ലാം ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. - ആഷിക തന്‍റെ ഓണം മൂഡിനെക്കുറിച്ച് ചിരിയോടെ പറഞ്ഞു.
എന്തായാലും എല്ലാവര്‍ക്കും സന്തോഷത്തിന്‍റെ ഒരു കാലം തന്നെയാണല്ലോ ഓണക്കാലം. അത്തം തുടങ്ങിക്കഴിഞ്ഞാല്‍ നമ്മള്‍ എവിടെപ്പോയാലും പൂക്കള്‍ നിറഞ്ഞിരിക്കുന്ന പൂക്കടകള്‍ കാണാം. നല്ല നിറങ്ങള്‍. അതിന്‍റെയെല്ലാം ഭംഗി ഒന്നുവേറെ. പെണ്‍കുട്ടികളും മുതിര്‍ന്നവരും അമ്മമാരും ഒക്കെ കസവുസാരിയുടുത്ത് മുല്ലപ്പൂക്കള്‍ മുടിയില്‍ ചൂടി ആഘോഷത്തിന്‍റെ രസങ്ങളിലും ആരവങ്ങളിലും നടക്കുന്നത് എവിടെയുമുണ്ട്. ആ കാഴ്ചകളൊക്കെ എത്ര ആനന്ദകരമാണ്. ആ ഓണം മൂഡ് ആരെയും ആകര്‍ഷിക്കുന്നതുതന്നെ- ആഷിക പറഞ്ഞു.
ആഷികയുടെ ഇഷ്ടപ്പെട്ട ഓണപ്പാട്ട് ഏതായിരിക്കും?
പൂവേ പൊലി പൂവേ.. എന്ന ഓണപ്പാട്ട് ഇഷ്ടമാണ്. പിന്നെ, സ്കൂളില്‍ പഠിക്കുന്ന കാലം മുതലെ കേള്‍ക്കുന്നതും എല്ലാവരും പണ്ടുമുതലെ പാടിയിട്ടുള്ളതുമായ 'മാവേലി നാടു വാണീടും കാലം...', ആ പാട്ടൊന്നും മറക്കാനാകില്ലല്ലോ.
'മിസ്സിംഗ് ഗേള്‍' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു ആഷികയുടെ സിനിമയിലെ തുടക്കം. അതിനുശേഷം 'ധീരം' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. പിന്നെ, ഈയടുത്ത് റിലീസായ ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവ്' എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. മുരളിഗോപിയുടെ മകളായി, സാനിയയുടെ സിസ്റ്ററായി അഭിനയിച്ചു.
അഭിനയവും സിനിമയും ഒന്നും ആഷികയുടെ സ്വപ്നമൊന്നും ആയിരുന്നില്ല. എല്ലാം അവിചാരിതമായി വന്നുചേരുകയും സംഭവിക്കുകയും ആയിരുന്നുവെന്ന് ആഷിക പറഞ്ഞു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഫ്രണ്ട്സില്‍ പലരും ടിക്ടോക് ചെയ്യുമായിരുന്നു. അതുതന്നെ ആരൊക്കെയോ എന്നെ നിര്‍ബന്ധിച്ചപ്പോഴാണ് ചെയ്തുതുടങ്ങിയത്. ഒരെണ്ണം പോസ്റ്റ് ചെയ്തപ്പോള്‍ അല്‍പ്പം ശ്രദ്ധ കിട്ടി. പിന്നെ ഓരോന്ന്.. ഓരോന്ന് ചെയ്തുകൊണ്ടിരുന്നു. ടിക്ടോക് ബാന്‍ ആയപ്പോള്‍ അത് ഇന്‍സ്റ്റഗ്രാമിലേക്ക് കണ്‍വെര്‍ട്ടായി.
അങ്ങനെ ഇന്‍സ്റ്റയില്‍ അത്യാവശ്യം കുറച്ച് ഫോളോവേഴ്സൊക്കെ കേറിത്തുടങ്ങി. അതിനുശേഷം ഒരു ഷോര്‍ട്ട് ഫിലിമിലേക്കും മ്യൂസിക് വീഡിയോയിലേക്കും ഒക്കെ ക്ഷണം കിട്ടി. അത് ചെയ്തുകഴിഞ്ഞപ്പോള്‍ പുതിയൊരു സിനിമയും വന്നു. അമ്മ ടീച്ചറാണ്. അതുകൊണ്ടുതന്നെ എനിക്കും ടീച്ചിംഗിനോടായിരുന്നു താല്‍പ്പര്യം. ഭാവിയില്‍ ഒരു ടീച്ചറാകുമെന്ന് വിചാരിച്ചിരുന്ന ഞാന്‍ മോഡലിംഗും ആക്ടിംഗും ഒക്കെയായി ഇപ്പോള്‍ സിനിമയിലുണ്ട്.
അമ്മ സ്ക്കൂളില്‍ ആസ്ഥാന ആങ്കര്‍ ആയിരുന്നു. അതുകണ്ടുംകേട്ടും എനിക്ക് അതൊരു ഇന്‍സ്പിരേഷന്‍ തന്നിരുന്നു. അങ്ങനെ ഞാനും സ്ക്കൂളിലും കോളേജിലും ഒക്കെ ആങ്കറിംഗ് ചെയ്തിട്ടുണ്ട്. പിന്നെ, പ്രൊഫഷണലി ഞാന്‍ മോഡലിംഗൊന്നും പഠിച്ചിട്ടൊന്നുമില്ല. എന്നാല്‍ മോഡലാണ്. 2020 ല്‍ ഞാന്‍ മിസ് കേരളയായിരുന്നു.
ആദ്യം അഭിനയിക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ?
ഇല്ല. ടെന്‍ഷനേക്കാളുപരി എക്സൈറ്റ്മെന്‍റായിരുന്നു കൂടുതലും.(ആഷിക അശോകന്‍ ചിരിക്കുന്നു).
തയ്യാറാക്കിയത്
ജി. കൃഷ്ണന്‍
ഫോട്ടോ: വിശാന്ത് പി. വേണു