ഓണം എപ്പോഴും അമ്മയുടെയും സഹോദരങ്ങളുടെയും ഭാര്യയുടെയും മകന്‍റെയും ഒപ്പമായിരിക്കും. അതാണ് പതിവ്- വിനയ് ഫോര്‍ട്ട്
Highlights
ഓണക്കാലത്ത് റിലീസാകുന്ന രണ്ടുമൂന്ന് സിനിമകളില്‍ നടന്‍ വിനയ്ഫോര്‍ട്ട് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതൊരു വിശേഷപ്പെട്ട കാര്യമായിത്തീരുന്നത് എന്തെന്നാല്‍ വിനയ്ഫോര്‍ട്ട് അഭിനയരംഗത്ത് വന്നതിനുശേഷം ഇങ്ങനെയൊരു അവസരം ഇതാദ്യമാണെന്ന് തന്നെ പറയാം. വിനയ് ഫോര്‍ട്ട് തന്നെ അത് തിരിച്ചറിയുന്നുമുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ 'ഐ ആം ഗെയിം', നിവിന്‍പോളി നായകനാകുന്ന ബേത്ലഹേം കുടുംബയൂണിറ്റ്, ബിജുമേനോന്‍ നായകനാകുന്ന അവറാച്ചന്‍ ആന്‍റ് സണ്‍സ് തുടങ്ങിയ സിനിമകളാണ് ഈ ഓണക്കാലം ആനന്ദകരമാക്കാന്‍ എത്തുന്നത്.
2026 ല്‍ തന്നെ റിലീസായ 'മോഹിനിയാട്ടം' എന്ന സിനിമ വിനയ്ഫോര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ഒരു സല്‍പ്പേര് കിട്ടിയ സിനിമയുമായി. ഇതൊക്കെ യാദൃച്ഛികമായി വന്നുചേരുന്നതാണ്.
ഇത്തവണത്തെ ഓണം വരുമ്പോള്‍ നടന്‍ വിനയ്ഫോര്‍ട്ടിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതും വ്യത്യസ്തതയുള്ളതും ശ്രദ്ധേയമായതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സിനിമകളാണ് മേലുദ്ധരിച്ചിട്ടുള്ളത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ആ ആഹ്ലാദ നിമിഷങ്ങള്‍ അംഗീകാരത്തിന്‍റെ ഒരു സുവര്‍ണ്ണ മുദ്ര കൂടിയാണ്. ആ കാരണത്തിന്‍റെ പ്രതിച്ഛായയും പ്രതിഫലനവും കൂടിയാണ് ഈ വര്‍ഷത്തെ 'നാന' ഓണപ്പതിപ്പ്.
വിനയ്ഫോര്‍ട്ടിനൊപ്പം താരതമ്യേന പുതുമുഖങ്ങളെന്ന് പറയാവുന്ന മൂന്ന് നടികള്‍ കൂടി- ആഷിക, അമൃത, നേഹ എന്നിവരും ചേരുന്നു. ഓണവുമായി ബന്ധപ്പെട്ട എല്ലാ ദിവസങ്ങളിലും വിനയ്ഫോര്‍ട്ട് വീട്ടില്‍ ഭാര്യയും മകളുമായി ഒത്തുകൂടാനാണ് ആഗ്രഹിക്കുന്നത്. വിനയ് ഫോര്‍ട്ടിന് ഒരു ചേട്ടനും ചേച്ചിയും ഉണ്ട്. അവരെല്ലാവരും കുടുംബസമേതം ഫോര്‍ട്ടുകൊച്ചിയിലെ ഞങ്ങളുടെ വീട്ടില്‍ ഒത്തുകൂടുകയും ഞങ്ങളെല്ലാവരും ചേര്‍ന്ന് ഓണം ആഘോഷിക്കുകയും ചെയ്യുകയാണ് പതിവ്. വൈഫ് സൗമ്യയുടെ വീട് ഗുരുവായൂരാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുരണ്ടുദിവസം ഞങ്ങള്‍ അവിടെയുമുണ്ടാകും.
ഓണക്കാലത്ത് എല്ലാ സ്ഥലങ്ങളും വലിയ തിരക്കുകളിലായിരിക്കും. അതുകൊണ്ടുതന്നെ ഈ സമയത്ത് ഞാനും എന്‍റെ കുടുംബവും ഒരിടത്തും പോകാറില്ലെന്നതാണ് വാസ്തവമെന്ന് വിനയ്ഫോര്‍ട്ട് പറഞ്ഞു. എന്നാല്‍, തിരക്കുകളില്ലാത്ത മറ്റ് സാധാരണ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടും മൂന്നും നാലും ദിവസങ്ങളിലായി ഏതെങ്കിലുമൊക്കെ സ്ഥലങ്ങളില്‍ പോകാറുമുണ്ട്.
ഓണം എപ്പോഴും അമ്മയുടെയും സഹോദരങ്ങളുടെയും ഭാര്യയുടെയും മകന്‍റെയും ഒപ്പമായിരിക്കും. അതാണ് പതിവ്- വിനയ് ഫോര്‍ട്ട് പറഞ്ഞു.
മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
വിനയ്ഫോര്‍ട്ട്: സിനിമ മൊത്തം മാറിപ്പോയി. മുന്‍പൊക്കെ ഒരു സിനിമ 30 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീരുമായിരുന്നെങ്കില്‍ ഇന്ന് ഒരു സിനിമ നൂറും നൂറ്റിയിരുപതും ദിവസങ്ങള്‍ കൊണ്ടാണ് തീരുന്നത്. അതിന് കാരണം സിനിമയുടെ വലിപ്പം കൂടി. ഇപ്പോഴത്തെ ഏത് സിനിമയും തീയേറ്ററിക്കല്‍ ആയാലെ തീയേറ്ററില്‍ ആളുകള്‍ വരികയുള്ളൂ. സിനിമയുടെ ബഡ്ജറ്റും കൂടി. ഇങ്ങനെ വരുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് വച്ചാല്‍ ക്യാരക്ടര്‍ ആക്ടേഴ്സിന് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതാണ്, ഇപ്പോള്‍ ഞാന്‍ പറഞ്ഞ ഐ ആം ഗെയിമിനും ബേത്ലഹേം കുടുംബ യൂണിറ്റിനും വേണ്ടി മാത്രം ഏഴ് മാസക്കാലം ഞാന്‍ വര്‍ക്ക് ചെയ്യാതിരുന്നിട്ടുണ്ട്.
അതിനിടയില്‍ 'മോഹിനിയാട്ടം'പോലൊരു സിനിമ സംഭവിച്ചു. 'പ്രഥമദൃഷ്ട്യാകുറ്റക്കാര്‍' എന്നൊരു മറ്റൊരു സിനിമയും ചെയ്തു. എന്നാല്‍, വലിയ സിനിമകളുടെ ഭാഗമായി കഴിയുമ്പോള്‍ സിനിമയുടെ ഷൂട്ടിംഗിന് ദൈര്‍ഘ്യം കൂടും. എനിക്ക് ചിലപ്പോള്‍ ആകെ ദിവസം നോക്കിയാല്‍ 25 ദിവസത്തെ വര്‍ക്കെ കാണുകയുള്ളൂ. എന്നാല്‍ അത് സംഭവിക്കുന്നത് ഏഴെട്ട് മാസത്തിനുള്ളിലായിരിക്കും.
നമ്മുടെ അപ്പിയേറന്‍സിന് മാറ്റം വരാതെ എപ്പോള്‍ വിളിച്ചാലും നമ്മള്‍ ആ സിനിമകളുടെ ഭാഗമാകേണ്ടി വരും. രൂപം മാറ്റാനും കഴിയില്ല. ഇതുപോലെയുള്ള വലിയ സിനിമയുടെ ഭാഗമാകേണ്ടി വരുന്നത് നമ്മുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ആ രീതിയില്‍ വലിയ സിനിമകളുടെ ഭാഗമാകാതെ പോകുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ എനിക്കുണ്ടായിരുന്നു. ചെയ്യുന്ന സിനിമകള്‍ നല്ലതാണെങ്കിലും ചിലതൊന്നും നമ്മുടെ കരിയറിന് ഗുണം ചെയ്യാതെ പോകും. അതാണ് പ്രശ്നം. -വിനയ് ഫോര്‍ട്ട് ഗൗരവപൂര്‍വ്വം സൂചിപ്പിക്കുകയുണ്ടായി.
മേക്കപ്പ് കഴിഞ്ഞെത്തിയ ആഷികയും അമൃതയും നേഹയും വിനയ്ഫോര്‍ട്ടിനോടൊപ്പം നിന്നു. ഇപ്പോള്‍ എല്ലാവരും ഓണവേഷത്തില്‍. സ്റ്റുഡിയോ ഫ്ളോറിനുള്ളില്‍ ഓണം വൈബ്...! എല്ലാവരും ആ മൂഡിലേക്ക് വന്നതുകൊണ്ടാകാം അമൃതയുടെ ചുണ്ടുകളില്‍ നിന്നും താണസ്വരത്തില്‍ ഒരു മൂളിപ്പാട്ടുപോലെ ആ ഗാനം കേട്ടു...
'ചിരി ചിരി... ചിരിക്കണ ചൂണ്ടെ... ചുണ്ടെ..
ഏത് മൂഡ്... അത്തം മൂഡ്...!
ഏത് മൂഡ്... പൂക്കളം മൂഡ്...
ഏത് മൂഡ് മുണ്ട് മൂഡ്
ഏത് മൂഡ്... സാരി മൂഡ്
ഏത് മൂഡ്.. ഓണം മൂഡ്....'
'നാന'യുടെ ഓണപ്പതിപ്പിന്‍റെ മുഖചിത്രത്തിനുവേണ്ടി ഒരുമിച്ച നാല്‍വര്‍സംഘം നല്ല ചിരിയുടെയും മൂഡിലായി. ഇഷ്ടപ്പെട്ട ഓണപ്പാട്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അമൃത ഈ പാട്ടിന്‍റെ താളത്തില്‍ ചലനാത്മകമായിട്ടുള്ള ഒരു ആക്ഷനില്‍ തനിക്കിഷ്ടപ്പെട്ട ഈ പാട്ടിനെക്കുറിച്ച് പറഞ്ഞു.
തയ്യാറാക്കിയത്: ജി. കൃഷ്ണന്‍