Tuesday, 23 June 2026 | 07:58 PM

Interviews

ഭരതനാട്യത്തില്‍നിന്ന് മോഹിനിയാട്ടത്തിലേക്ക്

ബിന്ദു പി.പി 19 June 2026 06:34 AM
ഭരതനാട്യത്തില്‍നിന്ന് മോഹിനിയാട്ടത്തിലേക്ക്

Highlights

ജൂണ്‍ എന്ന അഹമ്മദ് കബീര്‍ ചിത്രത്തില്‍ തുടങ്ങി ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച കലാകാരിയാണ് ശ്രുതി സുരേഷ്. ഇപ്പോള്‍ ആ യാത്ര മോഹിനിയാട്ടത്തില്‍ എത്തിനില്‍ക്കുന്നു. സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ഭര്‍ത്താവ് ഗോപനുമൊത്ത് പല പദ്ധതികളും മെനയുന്ന ഭരതനാട്യത്തിലെ ശ്രീകലയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. മോഹിനിയാട്ടത്തിലൂടെ ശ്രീകല രണ്ടാംവരവ് നടത്തുമ്പോള്‍ ശ്രുതിക്ക് അതിനെക്കുറിച്ച് പറയാനുള്ളത് എന്താണെന്ന് കേട്ടാലോ...

 

ഭരതനാട്യത്തില്‍നിന്ന് മോഹിനിയാട്ടത്തിലേക്ക് വരുമ്പോള്‍ ശ്രീലതയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ഭരതനാട്യത്തില്‍ നിന്നും മോഹിനിയാട്ടത്തിലേക്ക് വരുമ്പോള്‍ ശ്രീലത എന്ന കഥാപാത്രത്തിന് വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ഭരതനാട്യം സംഭവിച്ച് 40 ദിവസത്തെ ഗ്യാപ്പിലാണ് മോഹിനിയാട്ടം സംഭവിക്കുന്നത്. അതുകൊണ്ട് വലിയ മാറ്റങ്ങളൊന്നും വരേണ്ടതില്ലല്ലോ. പിന്നെ, കഥയ്ക്ക് അനുസരിച്ചുള്ള മാറ്റങ്ങളുണ്ട്. അതായത്, ഭരതനാട്യം ഒരു ഫീല്‍ഗുഡ് കോമഡി എന്‍റര്‍ടൈനറായിരുന്നെങ്കില്‍ മോഹിനിയാട്ടം ഒരു ക്രൈം ബേസ് ചെയ്തുള്ള കോമഡി ത്രില്ലറാണ്. അത് മാറ്റിനിര്‍ത്തിയാല്‍, ശ്രീലത പഴയ ശ്രീലത തന്നെയാണ്.

ഭരതനാട്യം ഒ.ടി.ടിയില്‍ എത്തിയപ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്?

ഭരതനാട്യത്തിന്‍റെ തിയേറ്റര്‍ റിലീസ് വല്ലാതെ വേദനിപ്പിച്ചിരുന്നു. വളരെ കുറച്ചുദിവസം മാത്രമാണ് അതിനൊരു തിയേറ്റര്‍ റണ്‍ കിട്ടിയത്. പല പല ഇവന്‍റുകള്‍ ആ സമയത്ത് സംഭവിച്ചിരുന്നു. അതുകൊണ്ടാകാം ചിലപ്പോള്‍. പക്ഷേ ഒ.ടി.ടിയിലേക്ക് വന്നപ്പോള്‍ കിട്ടിയ റെസ്പോണ്‍സ് വളരെ വലുതായിരുന്നു. തിയേറ്റര്‍ റിലീസിന് ഒരു മാസത്തിനുശേഷമാണ് ഒ.ടി.ടിയില്‍ വരുന്നത്. വിജയവും പരാജയവും ഒരുമിച്ച് അനുഭവിച്ച ഫീലിങ് എന്നായിരുന്നു അതിനെ സംവിധായകന്‍ കൃഷ്ണദാസ് മുരളി വിശേഷിപ്പിച്ചത്.
പക്ഷേ, ഭരതനാട്യത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകും എന്ന് ഞങ്ങള്‍ ആരും പ്രതീക്ഷിച്ചില്ല. കാരണം, അതിന് കൃത്യമായ ഒരു ക്ലോഷര്‍ ഉണ്ട്. പക്ഷേ, ഇത്തരത്തില്‍ അതിനെ ഡെവലപ് ചെയ്യാന്‍ സാധിക്കും എന്ന് കരുതിയതേയില്ല. അതിന് സംവിധായകനും എഴുത്തുകാരനും എല്ലാം കയ്യടി കൊടുത്തേ പറ്റൂ.

നിങ്ങള്‍ ഒരു ഫാമിലി പോലെയാണല്ലോ. മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോള്‍ ഫാമിലി വെക്കേഷനില്‍ ഒത്തുകൂടുന്ന ഫീല്‍ കിട്ടിയിരുന്നോ?

ഫാമിലി പോലെയല്ല, ഭരതനാട്യത്തിലെ സെറ്റ് ഞങ്ങള്‍ക്ക് ഫാമിലി തന്നെയായിരുന്നു. ഒരു കുടുംബത്തിലെ ചേച്ചിയും ചേട്ടനും ഒക്കെയായി തന്നെയാണ്, ആര്‍ട്ടിസ്റ്റുകളായല്ല ഞങ്ങള്‍ അവിടെ കഴിഞ്ഞിരുന്നത്. മോഹിനിയാട്ടത്തിലേക്ക് വന്നപ്പോഴും ഏറ്റവും വലിയ എക്സൈറ്റ്മെന്‍റ് ഈ ഫാമിലിയുമായി റീജോയിന്‍ ചെയ്യാമല്ലോ എന്നത് തന്നെയായിരുന്നു. സാധാരണ സിനിമകളില്‍, നമ്മുടെ പോര്‍ഷന്‍ കഴിഞ്ഞാല്‍ കാരവനില്‍ പോയി വെയ്റ്റ് ചെയ്യലാണ് പതിവ്. എന്നാല്‍, മോഹിനിയാട്ടത്തില്‍ അങ്ങനെയല്ല, ഞങ്ങള്‍ എല്ലാവരും വട്ടത്തില്‍ ചെയറൊക്കെ ഇട്ട്, വര്‍ത്താനം പറയാറാണ് പതിവ്. ഷൂട്ട് കഴിഞ്ഞ് കരഞ്ഞിട്ടാണ് നമ്മള്‍ സെറ്റില്‍ നിന്നും പോയത്. 

Tags
Bharatanatyam mohiniyattam Sruthy Suresh