Tuesday, 11 August 2026 | 11:42 PM

Interviews

അദ്ദേഹം ഒരു പവര്‍ഫുള്‍ ആക്ടറാണ്, പക്ഷേ ക്യാമറയ്ക്ക് മുന്നിലല്ലാത്തപ്പോള്‍ ഭയങ്കര സൈലന്‍റാണ്... - മധുബാല

അപ്പൂസ് കെ.എസ് 04 August 2026 10:05 AM
അദ്ദേഹം ഒരു പവര്‍ഫുള്‍ ആക്ടറാണ്, പക്ഷേ ക്യാമറയ്ക്ക് മുന്നിലല്ലാത്തപ്പോള്‍ ഭയങ്കര സൈലന്‍റാണ്... - മധുബാല

Highlights

വിവിധ ഭാഷകളിലെ വിജയചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രമായി തിളങ്ങിയ മധുബാലയുടെ പുതിയ വിശേഷങ്ങള്‍

 

1991 ലാണ് 'റോജ' ഷൂട്ട് ചെയ്യുന്നത്. അക്കാലത്ത് തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ ഒട്ടനവധി ചിത്രങ്ങളുമായി ഞാന്‍ തിരക്കിലായിരുന്നു. ഒരുപാട് നല്ല സിനിമകള്‍ ചെയ്തു. എങ്കിലും 'റോജ' എന്നൊരു ടാഗ് എപ്പോഴും എന്നെ പിന്തുടര്‍ന്നു. 'എന്തുകൊണ്ടാണ് ആളുകള്‍ എന്നെ എപ്പോഴും റോജയായി മാത്രം കാണുന്നത്?' എന്ന് അന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നാലോചിക്കുമ്പോള്‍ ആ കഥാപാത്രത്തിന്‍റെ കരുത്താണ് എനിക്ക് മനസ്സിലാകുന്നത്. സിനിമയില്‍ നിന്ന് ഇത്രയും വലിയൊരു ഇടവേള എടുത്തിട്ടും ആളുകള്‍ ഇപ്പോഴും എന്നെ 'റോജ' എന്നുവിളിച്ച് സ്വീകരിക്കുന്നുണ്ടെങ്കില്‍, അതില്‍പ്പരം വേറെന്ത് വേണം?

ഇന്ദ്രന്‍സിന്‍റെയും മധുവിന്‍റെയും കോംബോ പോസ്റ്റര്‍ കണ്ട് പ്രേക്ഷകര്‍ ആദ്യം ഞെട്ടിയിരുന്നു?

കൂടെ അഭിനയിക്കുന്നത് ആരാണ് എന്നത് എന്നെ ഒട്ടും ബാധിക്കാറില്ലാത്ത കാര്യമാണ്. സത്യത്തില്‍ ഇന്ദ്രന്‍സ് സാറിനെക്കുറിച്ച് എനിക്ക് ആദ്യം അറിയില്ലായിരുന്നു. കാരണം ഞാന്‍ മലയാള സിനിമകള്‍ അധികം കാണാറില്ല. സംവിധായികയോടാണ് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ചോദിച്ചറിഞ്ഞത്. അദ്ദേഹം ഒരു ദേശീയ പുരസ്ക്കാര ജേതാവാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അങ്ങനെയൊരാള്‍ക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിയുക എന്നത് തന്നെ എത്ര വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ കോമ്പോയെക്കുറിച്ചൊന്നും ആ സമയത്ത് ചിന്തിക്കേണ്ടി വന്നതേയില്ല.

ചിന്ന ചിന്ന ആസൈ എന്ന ടൈറ്റില്‍ കേട്ടപ്പോള്‍ എന്താണ് തോന്നിയത്? താങ്കളുമായി അത്രയേറെ അടുത്തുനില്‍ക്കുന്ന ഒരു പേര് കൂടിയാണല്ലോ?

ഒരു സിനിമയുടെ ടൈറ്റിലായി 'ചിന്ന ചിന്ന ആസൈ'എന്ന് വീണ്ടും കേട്ടപ്പോള്‍ ആദ്യം എനിക്ക് തോന്നിയത് വലിയൊരു കൗതുകമാണ്. കാരണം, എന്‍റെ സിനിമാജീവിതത്തിന്‍റെ തുടക്കവും ജനങ്ങള്‍ എന്നെ നെഞ്ചിലേറ്റിയതുമെല്ലാം ആ ഒരൊറ്റ പാട്ടിലൂടെയാണല്ലോ.

യഥാര്‍ത്ഥത്തില്‍ സിനിമകളെ ഇത്തരത്തില്‍ മുന്‍കാല ചിത്രങ്ങളുമായി ബന്ധിപ്പിക്കുന്നത് എനിക്ക് വ്യക്തിപരമായി അത്ര താല്‍പ്പര്യമുള്ള കാര്യമല്ല. ഓരോ സിനിമയ്ക്കും അതിന്‍റേതായ വ്യക്തിത്വമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ, നമ്മുടെ സംവിധായികയ്ക്ക് ഈ ടൈറ്റില്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൃത്യമായ വ്യക്തതയുണ്ടായിരുന്നു. കഥയുമായി അത് എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നുണ്ടെന്ന് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവും.

മാത്രമല്ല, പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍, ഞാന്‍ അഭിനയിച്ച ഒരു ഐക്കോണിക് പാട്ടിന്‍റെ പേരില്‍ക്കൂടി എന്‍റെ ഒരു തിരിച്ചുവരവ് ഉണ്ടാകുമ്പോള്‍ അവര്‍ക്കത് പെട്ടെന്ന് കണക്ട് ചെയ്യാനും എളുപ്പമായിരിക്കും. അങ്ങനെനോക്കുമ്പോള്‍ ഇതൊരു മനോഹരമായ ടൈറ്റില്‍ തന്നെയാണ്.

ഇന്ദ്രന്‍സ് എന്ന അഭിനേതാവുമായുള്ള സീനുകള്‍ എങ്ങനെ ആയിരുന്നു?

അദ്ദേഹം ഒരു പവര്‍ഫുള്‍ ആക്ടറാണ്, പക്ഷേ ക്യാമറയ്ക്ക് മുന്നിലല്ലാത്തപ്പോള്‍ ഭയങ്കര സൈലന്‍റാണ്. എപ്പോഴും ശാന്തവും വിനയാന്വിതവുമായ ആ ഭാവം നമുക്ക് നേരിട്ട് അനുഭവിച്ചറിയാം. എന്നാല്‍ അഭിനയത്തിലേക്ക് വരുമ്പോള്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ആ മികവ് അത്ഭുതപ്പെടുത്തുന്നതാണ്! ഇത്രയും വെല്ലുവിളി നിറഞ്ഞ വേഷങ്ങളൊക്കെ എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര അനായാസമായി ചെയ്യാന്‍ കഴിയുന്നത് എന്ന് ഓര്‍ത്തുപോകാറുണ്ട്. ആര്‍.ജെ. ബാലാജിയുടെ 'കറുപ്പ്' എന്ന സിനിമയിലെ അദ്ദേഹത്തിന്‍റെ വേഷം ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുവല്ലോ, എനിക്കും വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണത്.

ചിത്രത്തിന് ഗോവിന്ദ് വസന്ത ആണ് സംഗീതം. അത് എത്രത്തോളം സിനിമയെ ആളുകളിലേക്ക് എത്തിക്കും എന്ന് കരുതുന്നു?

തീര്‍ച്ചയായും, ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തിലെ പാട്ടുകള്‍ തമിഴ്, മലയാളം, ഹിന്ദി, സംസ്കൃതം എന്നീ നാല് ഭാഷകളിലാണുള്ളത്. സിനിമയില്‍ ഞാന്‍ തമിഴ് സംസാരിക്കുന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ് ചേട്ടന്‍ മലയാളിയും. ഞങ്ങള്‍ രണ്ടുപേരും വാരണാസിയില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. അങ്ങനെയൊരു പശ്ചാത്തലമാകുമ്പോള്‍ ഈ ഭാഷകളെല്ലാം സ്വാഭാവികമായും സിനിമയുടെ ഭാഗമാകുമല്ലോ. ഈ മനോഹരമായ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഒരേപോലെ നെഞ്ചേറ്റുമെന്നാണ് എന്‍റെ വിശ്വാസം.

Tags
madhubala