ആദ്യമായി മുഖം കാണിച്ചത് മോഹന്‍ലാല്‍ കാരണം... -ഷൈനി സാറ
Highlights
ഷൈനിയുടെ സിനിമാജീവിതത്തില്‍ നടന്‍ മോഹന്‍ലാലിന് വലിയ പങ്കുവഹിക്കാനുണ്ട്. എന്നാല്‍, അത് അദ്ദേഹം പോലും അറിയാതെയാണ് സംഭവിച്ചത്. അത് മാത്രമല്ല, ഇന്ന് അഭിനേത്രിയായി തിളങ്ങുന്ന ഷൈനി തന്‍റെ കരിയര്‍ തുടങ്ങുന്നത് കളിയാട്ടം എന്ന സിനിമയില്‍ ജയരാജിന്‍റെ അസിസ്റ്റന്‍റ് ആയാണ്. ആ കഥകളെല്ലാം നമ്മോട് പറയുകയാണ് ഷൈനി സാറ.
മഹേഷിന്‍റെ പ്രതികാരത്തിലെ മമ്മിയെ ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞാല്‍ തീരാവുന്ന വിഷമം മാത്രമേ നിനക്കുള്ളൂ എന്നുപറയുന്ന സൗമ്യയുടെ മമ്മിയെ നമുക്ക് എല്ലാവര്‍ക്കും ഓര്‍മ്മ കാണും. അവിടന്നങ്ങോട്ട് നിരവധി സിനിമകളില്‍ സപ്പോര്‍ട്ടിങ് വേഷങ്ങളിലൂടെ നമുക്കിടയിലേക്ക് വന്ന ഷൈനി സാറ എന്ന നടി ഇന്ന് മലയാളികളുടെ സുപരിചിത മുഖങ്ങളില്‍ ഒന്നാണ്. ഷൈനിയുടെ സിനിമാജീവിതത്തില്‍ നടന്‍ മോഹന്‍ലാലിന് വലിയ പങ്കുവഹിക്കാനുണ്ട്. എന്നാല്‍, അത് അദ്ദേഹം പോലും അറിയാതെയാണ് സംഭവിച്ചത്. അത് മാത്രമല്ല, ഇന്ന് അഭിനേത്രിയായി തിളങ്ങുന്ന ഷൈനി തന്‍റെ കരിയര്‍ തുടങ്ങുന്നത് കളിയാട്ടം എന്ന സിനിമയില്‍ ജയരാജിന്‍റെ അസിസ്റ്റന്‍റ് ആയാണ്. ആ കഥകളെല്ലാം നമ്മോട് പറയുകയാണ് ഷൈനി സാറ.
സ്വന്തം ജീവിതം ഒരു സിനിമാക്കഥപോലെ പറയുകയാണെങ്കില്‍, എങ്ങനെയായിരിക്കും.?
ജയരാജ് സാറിന്‍റെ കളിയാട്ടം എന്ന സിനിമയില്‍ അസി. ഡയറക്ടറായാണ് എന്‍റെ സിനിമാജീവിതം ആരംഭിക്കുന്നത്. അത് പലര്‍ക്കും അറിയില്ല. ആളുകള്‍ എന്നെ അറിഞ്ഞുതുടങ്ങിയത് മഹേഷിന്‍റെ പ്രതികാരത്തിലെ സൗമ്യയുടെ മമ്മിയായാണ്. അതിനും കാലങ്ങള്‍ മുമ്പുതന്നെ ഞാനൊരു മൂവി ബഫായിരുന്നു.
മലപ്പുറത്തെ പൊന്നാനിയിലാണ് ഞാന്‍ ജനിച്ചത്. ഞങ്ങളുടെ വീടിനടുത്ത് തന്നെ ഒരു ടാക്കീസുണ്ട്. ജിഷ ടാക്കീസ്. അതായിരുന്നു എന്‍റെ ലോകം. അന്നെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളായിരുന്നു കാണിച്ചിരുന്നത്. ഒരുപാട് സിനിമകള്‍ ഞാന്‍ അവിടെ നിന്നും കണ്ടിട്ടുണ്ട്. അതുകൊണ്ട് ആ സ്ഥലവും തിയേറ്ററും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. പിന്നെ, എന്നെ കാഞ്ഞിരപ്പള്ളിയിലേക്ക്, അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അന്നേ ഭയങ്കര സിനിമ ബഫായിരുന്നു. പക്ഷേ സിനിമയിലെത്താന്‍ ഒരുപാട് വൈകിപ്പോയി. എങ്കിലും, ആദ്യത്തെ സിനിമാ അനുഭവം വളരെ കൗതുകം ഉണര്‍ത്തുന്ന ഒന്നായിരുന്നു.
ഞാന്‍ പ്രീഡിഗ്രി ചെയ്തത് തൃശൂര്‍ വിമല കോളേജിലാണ്. അവിടെ നിന്നും ഒരു സമയം കോളേജ് ടൂര്‍ പോകാനുള്ള പ്ലാന്‍ റെഡിയായി. കൊടൈക്കനാലാണ് ഡെസ്റ്റിനേഷന്‍. ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുന്ന കാര്യമായിരുന്നു സിനിമ കാണിക്കുക എന്നത്. കൊടൈക്കനാല്‍ പോകുന്ന വഴിക്ക്, പാലക്കാട് നിന്നായിരുന്നു സിനിമ കാണിച്ചത്. താളവട്ടമായിരുന്നു. ഞാനാണെങ്കില്‍ ഭീകരമോഹന്‍ലാല്‍ ആരാധികയും. സിനിമയുടെ ക്ലൈമാക്സില്‍ മോഹന്‍ലാല്‍ മരിക്കുമല്ലോ. അതുകണ്ട് ഞങ്ങള്‍ കുറച്ച് മോഹന്‍ലാല്‍ ആരാധകര്‍ക്ക് ടൂര്‍ തന്നെ വെറുത്ത് പോയി. സങ്കടത്തില്‍, ഇനിയെന്തിനാ ടൂര്‍ എന്ന രീതിയില്‍ ചിന്തിച്ച്, വിഷമിച്ച് ബസില്‍ ഇരിക്കുകയാണ്.
വണ്ടി കൊടൈക്കനാലില്‍ എത്തിയപ്പോള്‍ പെട്ടെന്ന്, ദൂരെ ഒരു കാഴ്ച ഞാന്‍ കണ്ടു. കുതിരപ്പുറത്ത്, തൊപ്പിയൊക്കെ വച്ച്, മോഹന്‍ലാല്‍. ഞാന്‍ ബഹളം വച്ച്, വണ്ടിനിര്‍ത്തി. അവിടേക്ക് ഓടി. ഒരു പച്ചപ്പുല്‍ മൈതാനിയിലായിരുന്നു ഞാന്‍ അദ്ദേഹത്തെ കണ്ടത്. മതില്‍ചാടി, ഓടിയോടി ഞാന്‍ അദ്ദേഹത്തിനടുത്തെത്തി. എനിക്ക് എന്താണ് പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അറിയില്ലായിരുന്നു. എന്‍റെ കയ്യില്‍ അന്ന് മിനോള്‍ട്ടയുടെ ഒരു ഓട്ടോ ഫോക്കസ് ക്യാമറയുണ്ടായിരുന്നു.ഞാന്‍ ലാലേട്ടനോട് ചോദിച്ചു, ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അപ്പോഴേക്കും എവിടെ നിന്നോ സെക്യൂരിറ്റികളും മറ്റും ഓടിവന്ന് എന്നെ പിടിച്ചുമാറ്റി.
തിരികെ ബസ്സിലെത്തിയിട്ടും കാഴ്ചകള്‍ കാണുമ്പോഴുമെല്ലാം എന്‍റെ മനസ്സില്‍ മോഹന്‍ലാല്‍ ആയിരുന്നു. അങ്ങനെ സിസ്റ്റര്‍മാരുടെ കയ്യും കാലും പിടിച്ച് ഷൂട്ടിങ് കാണാനുള്ള പെര്‍മിഷന്‍ ഞങ്ങള്‍ വാങ്ങിയെടുത്തു. നേരത്തെ ലാലേട്ടനെ കണ്ട സ്ഥലത്തേക്ക് ഞങ്ങള്‍ പോയി. അപ്പോഴാണ് ഒരു അസിസ്റ്റന്‍റ് ഡയറക്ടര്‍ വന്ന് ഞങ്ങളോട് ചോദിക്കുന്നത്, ഒരു സീനില്‍ നിങ്ങള്‍ കുറച്ചുപേര്‍ വന്നുനില്‍ക്കാമോ എന്ന്. കൂട്ടത്തില്‍ ആക്ടീവ് ഞാനായിരുന്നതുകൊണ്ടുതന്നെ എനിക്ക് ഒരു ഡയലോഗും കിട്ടി. അതായിരുന്നു എന്‍റെ ആദ്യത്തെ സിനിമ.
സ്ക്രീനില്‍ നമ്മളെ കാണാനുള്ള ആഗ്രഹത്തില്‍ തിയേറ്ററില്‍ പോയി. ആ സീന്‍ സിനിമയില്‍ ഉണ്ടായിരുന്നു. ഒരു വൈഡ് ഷോട്ട് ആയിരുന്നു. പക്ഷേ, അതില്‍ കോടമഞ്ഞ് വന്നതുകൊണ്ട് ഞങ്ങളെയൊന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. ആ സിനിമയുടെ സംവിധായകന്‍റെ പേര് പിന്നീടാണ് ഞാന്‍ നോട്ട് ചെയ്യുന്നത്. ജോഷി. സിനിമയുടെ പേര് ജനുവരി, ഒരു ഓര്‍മ്മ.