Tuesday, 11 August 2026 | 11:41 PM

Latest

'പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു'; ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മേജർ രവിയെ തള്ളി വിസ്മയ മോഹൻലാൽ

sreyas 02 August 2026 01:32 PM
'പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു'; ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മേജർ രവിയെ തള്ളി വിസ്മയ മോഹൻലാൽ

Highlights

മനുഷ്യത്വത്തേക്കാൾ രാഷ്ട്രീയം ഒരിക്കലും മേലെയാകരുത്.

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പ്രതികരണത്തിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ജനാധിപത്യ രാജ്യത്ത് പൗരന്മാർക്ക് ചോദ്യം ചെയ്യാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നും, ബലപ്രയോഗത്തിനുപകരം സംവാദത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അവർ പറഞ്ഞു. 'എഫ്ടിക്യു വിത്ത് രേഖ മേനോൻ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിസ്മയ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയത്.

"ഞാൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നാണ് എന്റെ വിശ്വാസം. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും എല്ലാവർക്കും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങളാണ് വേണ്ടത്. മനുഷ്യത്വത്തേക്കാൾ രാഷ്ട്രീയം ഒരിക്കലും മേലെയാകരുത്. നാളെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരം സാഹചര്യം ഉണ്ടായാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും," എന്നാണ് വിസ്മയ പറഞ്ഞത്.

ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയെ വിമർശിച്ച് വിസ്മയ നേരത്തെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആവശ്യങ്ങൾ ഉന്നയിച്ച് ശബ്ദമുയർത്തുന്നവരെ സംവാദത്തിനുപകരം അടിച്ചമർത്തുന്ന സാഹചര്യം ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും, ഭരണകൂടം സ്വന്തം പൗരന്മാരോട് ഇത്തരത്തിൽ പെരുമാറുന്നത് ശരിയാണോയെന്ന് സമൂഹം ചിന്തിക്കേണ്ടതുണ്ടെന്നും അവർ കുറിച്ചിരുന്നു.

ഈ പ്രതികരണത്തിന് പിന്നാലെ വിസ്മയക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനവും സൈബർ ആക്രമണവും ഉയർന്നു. കേന്ദ്രസർക്കാരിനെയും ഭരണകക്ഷിയെയും പിന്തുണയ്ക്കുന്ന നിരവധി പേരാണ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

സംവിധായകൻ മേജർ രവിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. വിയറ്റ്‌നാമിൽ വളർന്ന വിസ്മയയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് മതിയായ അറിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രതിഷേധത്തിന് പിന്നിലെ സാഹചര്യം അറിയാതെയാണ് അവർ പ്രതികരിച്ചതെന്നും, പൊലീസ് വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തുന്ന ദൃശ്യങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ മനുഷ്യത്വപരമായ വികാരത്തിൽ നിന്നുള്ള പ്രതികരണമായിരിക്കാമെന്നുമാണ് മേജർ രവി പറഞ്ഞത്.