'മാസത്തിൽ നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടണം'; പ്രമുഖനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി
Highlights
ഈ ആവശ്യം താൻ ഉടൻ തന്നെ നിരസിച്ചുവെന്നും ഇത്തരമൊരു ഉദ്ദേശ്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അവിടെ പോകുമായിരുന്നില്ലെന്ന് പറഞ്ഞതായും നടി വ്യക്തമാക്കി.
സൗന്ദര്യമത്സര രംഗത്തെ പ്രമുഖനെതിരെ ഗുരുതര ആരോപണവുമായി മോഡലും നടിയുമായ ആകാംഷ ചൗധരി രംഗത്തെത്തി. നെറ്റ്ഫ്‌ളിക്‌സിലെ 'ലോക് അപ്പ്: സച്ച് യാ സാസ' എന്ന പരിപാടിയിലാണ് സാമ്പത്തിക സഹായത്തിന് പകരമായി ലൈംഗികബന്ധം ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തൽ നടി നടത്തിയത്. എന്നാൽ ആരോപണ വിധേയനായ വ്യക്തിയുടെ പേര് ആകാംഷ പുറത്തുവിട്ടിട്ടില്ല.
സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനത്തിനും വസ്ത്രങ്ങൾ വാങ്ങുന്നതിനുമായി ഏകദേശം രണ്ട് ലക്ഷം രൂപ ആവശ്യമായിരുന്നുവെന്നും കുടുംബത്തിന് അത്രയും തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ആകാംഷ പറഞ്ഞു. തനിക്ക് ഏറെക്കാലമായി പരിചയമുള്ള, മത്സരങ്ങളിൽ വിധികർത്താവായും പ്രവർത്തിച്ചിരുന്ന സ്വാധീനമുള്ള ഒരാളോടാണ് സാമ്പത്തിക സഹായം അഭ്യർഥിച്ചതെന്ന് നടി പറഞ്ഞു. രണ്ടുമാസത്തേക്ക് സഹായം ലഭിച്ചാൽ പിന്നീട് ജോലി ചെയ്ത് അത് തിരിച്ചുനൽകാമെന്ന് അറിയിച്ചപ്പോൾ അദ്ദേഹം സമ്മതിക്കുകയും പിന്നീട് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തുവെന്നാണ് ആകാംഷയുടെ ആരോപണം.
മുൻപ് പലതവണ മെന്റർമാർക്കൊപ്പമാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുള്ളതെന്നും എന്നാൽ അന്ന് ഒറ്റയ്ക്കെത്തിയപ്പോൾ അദ്ദേഹം ബലമായി കെട്ടിപ്പിടിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്തുവെന്നും നടി ആരോപിച്ചു. തുടർന്ന് സാമ്പത്തിക സഹായത്തിന് പകരമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്നും മാസത്തിൽ നിരവധി തവണ ബന്ധത്തിൽ ഏർപ്പെടണമെന്ന നിബന്ധന മുന്നോട്ടുവച്ചുവെന്നുമാണ് ആകാംഷയുടെ വെളിപ്പെടുത്തൽ.
ഈ ആവശ്യം താൻ ഉടൻ തന്നെ നിരസിച്ചുവെന്നും ഇത്തരമൊരു ഉദ്ദേശ്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അവിടെ പോകുമായിരുന്നില്ലെന്ന് പറഞ്ഞതായും നടി വ്യക്തമാക്കി. ഇതിന് മറുപടിയായി, തന്റെ നിലപാട് മാറിയില്ലെന്നും ഭാവിയിൽ ഈ തീരുമാനത്തിൽ പശ്ചാത്തപിക്കേണ്ടിവരുമെന്നും ആരോപണവിധേയൻ പറഞ്ഞതായി ആകാംഷ വെളിപ്പെടുത്തി.