ഫിലിം സിറ്റിക്ക് സ്വാഗതം; ചിത്രാഞ്ജലി സ്റ്റുഡിയോയെ മറക്കരുതെന്ന് സംവിധായകൻ കെ. മധു
Highlights
എന്റെ യൗവനത്തിന്റെ നല്ലൊരു ശതമാനവും ചെലവിട്ട ഒരിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഫിലിം സിറ്റി പദ്ധതിയെ സ്വാഗതം ചെയ്ത് സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മുൻ ചെയർമാനുമായ കെ മധു. സിനിമയെ വ്യവസായമായി പരിഗണിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ മലയാള ചലച്ചിത്ര മേഖലയ്ക്ക് വലിയ പ്രതീക്ഷയും ഊർജവും നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ നിലവിലുള്ള ചലച്ചിത്ര സ്ഥാപനങ്ങളെ അവഗണിക്കരുതെന്ന ആശങ്കയും കെ. മധു പങ്കുവെച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മലയാള സിനിമയുടെ വളർച്ചയിലും ചരിത്രത്തിലും നിർണായക പങ്കുവഹിച്ചവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചലച്ചിത്ര വികസന കോർപ്പറേഷന്റെ മുൻ അധ്യക്ഷൻ എന്ന നിലയിലാണ് ഈ ആശങ്ക രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്വപ്നപദ്ധതിയായ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിനോട് നീതി പുലർത്തേണ്ട ഉത്തരവാദിത്വം നിലവിലെ സർക്കാരിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫിലിം സിറ്റി ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾ വരുമ്പോൾ, സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകണമെന്നും കെ. മധു ആവശ്യപ്പെട്ടു. പുതിയ ആശയങ്ങളെയും പദ്ധതികളെയും സ്വാഗതം ചെയ്യുന്നതിനൊപ്പം, കേരളത്തിന്റെ ചലച്ചിത്ര പൈതൃകത്തിന് അടിത്തറ പാകിയ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥും മുൻകൈയെടുക്കുമെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
കെ. മധുവിന്റെ പോസ്റ്റ് പൂർണരൂപത്തിൽ
മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകൾ; ഒപ്പം ചില ഓർമ്മപ്പെടുത്തലുകളും.
+++++++++++++++++
2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന വാർഷിക ബഡ്ജറ്റിൽ സിനിമ വ്യവസായത്തിന് മുൻഗണന നൽകിക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.ഡി. സതീശൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഞാൻ സ്വാഗതം ചെയ്യുന്നത്.
സിനിമയെ ഒരു പ്രധാന വ്യവസായമായി പരിഗണിച്ച് അതിന് ആവശ്യമായ പിന്തുണ പ്രഖ്യാപിച്ചതും, കൊച്ചിയിൽ ഒരു പ്രത്യേക ഫിലിം സിറ്റി (Film City) യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനവും മലയാള ചലച്ചിത്ര ലോകത്തിന് വലിയൊരു ഊർജ്ജമാണ് നൽകുന്നത്.
ദീർഘവീക്ഷണമുള്ള ഈ തീരുമാനങ്ങൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണ്.
എങ്കിലും, ഒരു ചെറിയ ആശങ്ക പങ്കുവെക്കാതിരിക്കാൻ കഴിയില്ല.
പുതിയ പദ്ധതികളും ഫിലിം സിറ്റികളും വരുമ്പോൾ, നിലവിൽ നമ്മുടെ സിനിമ മേഖലയെ കൈപിടിച്ച് ഉയർത്തിയ കെ.എസ്.എഫ്.ഡി.സി (KSFDC), കേരള സംസ്ഥാനചലച്ചിത്ര അക്കാദമി തുടങ്ങിയ അഭിമാന സ്ഥാപനങ്ങളെ നാം വിസ്മരിച്ചുകൂടാ. മലയാള സിനിമയുടെ വളർച്ചയിലും ചരിത്രത്തിലും ഈ സംവിധാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
പുതിയ പ്രഖ്യാപനങ്ങളുടെ നിഴലിൽ വലിയ സാധ്യതകളുള്ള കെ എസ് എഫ് ഡി സി യുടെ ചിത്രാഞ്ജലി സ്റ്റുഡിയോ അവഗണിക്കപ്പെട്ടു പോകരുത്. ചിത്രാഞ്ജലിയുടെ നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. നവീനമായ ഫ്‌ലോറുകൾ, സാങ്കേതിക സംവിധാനങ്ങൾ, തുടങ്ങിയവ ഏർപ്പെടുത്തുന്ന രണ്ടാംഘട്ടം പൂർത്തിയായി വരുന്ന സാഹചര്യത്തിലാണ് കെഎസ്എഫ്ഡിസിയുടെ മുൻ ചെയർമാൻ എന്ന നിലയിൽ ഞാൻ ആശങ്ക പങ്കുവയ്ക്കുന്നത്.
വളരെ ചെറിയൊരു കാലയളവിൽ നവീകരണത്തിന്റെ രണ്ട് ഘട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞു. എന്റെ യൗവനത്തിന്റെ നല്ലൊരു ശതമാനവും ചെലവിട്ട ഒരിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അതേ സ്റ്റുഡിയോ കാലം മാറുന്നതനുസരിച്ച് മികവുറ്റതാക്കാനുള്ള നിയോഗവും എങ്ങനെയോ എന്റെ മുന്നിലെത്തുകയായിരുന്നു.
ആദരണീയനായ കെ കരുണാകരൻ സാറിന്റെ സ്വപ്നതുല്യമായ പ്രോജക്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സ്. അതിനോട് നീതിപുലർത്തുക എന്ന ബാധ്യത ഒരു യുഡിഎഫ് സർക്കാരിന് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ പദ്ധതികൾ വരുമ്പോൾ നേരത്തെ ആരംഭിച്ചതും വളരെ പ്രതീക്ഷയോടെ സിനിമ ലോകം കണ്ടിരുന്നതുമായ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണം.
നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ നവീകരിക്കാനും, സാമ്പത്തികമായി ശക്തീകരിക്കാനും, കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാനും ആവണം സർക്കാർ അടിയന്തരമായി ശ്രദ്ധിക്കേണ്ടത്. അതിന്റെ തുടർച്ച എന്ന നിലയിൽ ആവണം ഫിലിം സിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വളർത്തിക്കൊണ്ടു വരേണ്ടത്. എങ്കിൽ മാത്രമേ താഴെത്തട്ടിലുള്ള സിനിമാ പ്രവർത്തകർക്കും പുതുമുഖങ്ങൾക്കും ഡിജിറ്റൽ മീഡിയ പ്രവർത്തകർക്കും യഥാർത്ഥ പ്രയോജനം ലഭിക്കൂ.
ചുരുക്കത്തിൽ പുതുമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ, നമ്മൾ അടിത്തറ നൽകി വളർത്തിക്കൊണ്ടുവന്ന സ്ഥാപനങ്ങളെ കൂടുതൽ സുദൃഢമാക്കാൻ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രി ശ്രീ പി സി വിഷ്ണുനാഥും മുൻകൈ എടുക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.