'സൂപ്പർ ഡീലക്സ്' കോംബോ വിജയ്സേതുപതിയും, ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു...
തമിഴിൽ 'ആരണ്യകാണ്ഡം', 'സൂപ്പർ ഡീലക്‌സ്' എന്നീ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത ത്യാഗരാജൻ കുമാരരാജ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരുന്നതായുള്ള റിപ്പോർട്ടുകളുണ്ട് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത 'സൂപ്പർ ഡീലക്സ്' ചിത്രത്തിൽ വിജയസേതുപതി, ഫഹദ് ഫാസിൽ, സാമന്ത, രമ്യാകൃഷ്ണൻ, മിഷ്കിൻ തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ചിരുന്നു.
'ആരണ്യകാണ്ഡം' ചിത്രം പോലവേ ഈ ചിത്രവും ജന ശ്രദ്ധയാകർഷിച്ചിരുന്നു. ത്യാഗരാജൻ കുമാരരാജാ അടുത്ത് ഒരുക്കാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും, അടുത്ത മാസം (ഫിബ്രവരി) ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നും പറയപ്പെടുന്നുണ്ട്. ഈ ചിത്രവും വിജയസേതുപതിയെ നായകനാക്കിയാണത്രെ ഒരുക്കുന്നത്.
വിജയസേതുപതിയും, ത്യാഗരാജൻ കുമാരരാജയും ഒന്നിച്ച 'സൂപ്പർ ഡീലക്സ്' 2019-ലാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിന് വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. ഇപ്പോൾ വീണ്ടും ത്യാഗരാജൻ കുമാരരാജയും, വിജയ് സേതുപതിയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.